സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്ന വാർത്തകൾ ലോകത്തിന് പുതുമയല്ല. എന്നാൽ, സിംബാബ്‌വേയിൽ 39-കാരനായ അദ്ധ്യാപകനെ മൂന്ന് സ്ത്രീകൾ ചേർന്ന് തട്ടിക്കൊണ്ടുപോയി മൂന്നുദിവസം ലൈംഗികമായി പീഡിപ്പിച്ച സംഭവമാണിപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. വഴിയരികിൽ ബസ് കാത്തുനിൽക്കവെയാണ് ഇദ്ദേഹത്തെ സ്ത്രീകൾ കാറിൽക്കയറ്റിക്കൊണ്ടുപോയത്. മൂന്നുദിവസത്തെ ലൈംഗികാതിക്രമത്തിനുശേഷം മൃതപ്രായനായപ്പോൾ വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തു.

തന്നെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി മയക്കിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് പൊലീസിനോടുപറഞ്ഞു. ചിറ്റുങ്ഗ്വീസ് പ്രവിശ്യയിൽനിന്നുള്ള യുവാവിന്റെ ജനനേന്ദ്രിയത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. വാസ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് കടുത്ത ലൈംഗികാതിക്രമത്തിന് വിധേയനായതായാണ് ഡോക്ടർമാർ നൽകുന്ന സൂചന.

ബീജം ശേഖരിച്ച് വിൽപന നടത്തുന്ന സംഘത്തിന്റെ ഭാഗമാണ് മൂന്ന് സ്ത്രീകളെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സഞ്ചാരികളെയും മറ്റും തട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിച്ച് ബീജം ശേഖരിച്ച് വിൽക്കുകയുമാണ് ഈ സംഘത്തിന്റെ രീതി. നീലനിറത്തിലുള്ള ബിഎംഡബ്ല്യു കാറിലെത്തിയ സംഘമാണ് തനിക്ക് ലിഫ്റ്റ് നൽകിയതെന്ന് യുവാവ് പൊലീസിനോട് പരഞ്ഞു. കാറിന് ദക്ഷിണാഫ്രിക്കൻ രജിസ്‌ട്രേഷൻ നമ്പറായിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്.

ജൂലൈ രണ്ടിനാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാറിൽവെച്ച് യുവതികൾ ശീതളപാനീയം നൽകുകയും അതു കുടിച്ചതോടെ താൻ ഉറങ്ങിപ്പോയെന്നുമാണ് യുവാവിന്റെ മൊഴി. പിറ്റേന്ന് ഉറക്കമുണരുമ്പോൾ ചെറിയൊരു മുറിയിലായിരുന്നു യുവാവ്. ജനനേന്ദ്രിയത്തിന് കടുത്ത വേദന അനുഭവപ്പെട്ടതായും യുവാവ് പറഞ്ഞു. രണ്ട് സ്ത്രീകൾ മുറിയിലേക്ക് വരികയും ലൈംഗിക ബന്ധത്തിനാവശ്യപ്പെടുകയും ചെയ്തു.

നിരസിച്ചപ്പോൾ യുവതികളിലൊരാൾ തോക്കെടുത്തു. യുവാവിന്റെ കൈകൾ പുറകോട്ട് കെട്ടിയശേഷം യുവാവിനെക്കൊണ്ട് മയക്കുമരുന്ന് കലർന്ന ശീതളപാനീയം കുടിപ്പിക്കുകയും ഒരു യുവതി ശാരീരികമായി ബന്ധപ്പെടുകയും ചെയ്തു. പിന്നീട് മറ്റേ യുവതിയും അതുതന്നെ ചെയ്തു. ജൂലൈ നാലാം തീയതി മാറ്റുര ഗ്രാമത്തിലെ വഴിയരികിൽ യുവാവിനെ ഇവർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വഴിയാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.