ടുറിൻ:അമേരിക്കയിലെ ഹോട്ടൽ റൂമിൽ വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2009-ൽ നടന്നു എന്നു പറയപ്പെടുന്ന സംഭവം കള്ളമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ് അവരുടെ ശ്രമമെന്നും ക്രിസ്റ്റ്യാനോ പ്രതികരിച്ചു. ഇത് ജോലിയുടെ ഭാഗമാണെന്നും അതിനെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നും താൻ സന്തോഷവാനാണെന്നും പോർച്ചുഗീസ് താരം കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാം ലൈവിലാണ് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്.

2009-ൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. മുപ്പത്തിനാലുകാരിയായ അമേരിക്കൻ യുവതി കാതറിൻ മയോർഗയാണ് ക്രിസ്റ്റ്യാനോയ്ക്കെതിരെ ആരോപണമുന്നയിച്ചത്.അതേസമയം, പീഡിപ്പിച്ചുവെന്ന പരാതി കള്ളമാണെന്നും മയോർഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയത്. ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ച ജർമൻ മാധ്യമം ഡെർ സ്പീഗലിനെതിരെ അഭിഭാഷകൻ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ഈ സംഭവം പുറത്തുപറയാതിരിക്കാൻ ഏകദേശം മൂന്നു കോടിയോളം രൂപ ക്രിസ്റ്റ്യാനോ നൽകിയതായും ഇരുവരുടേയും അഭിഭാഷകർ തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായാണ് പണം നൽകാൻ തീരുമാനിച്ചതെന്നും സ്പീഗലിലെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവം നടന്നതിന് ശേഷം പൊലീസിൽ പരാതിനൽകാതെ മയോർഗ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇത് ഇരുവരുടെയും അഭിഭാഷകർക്കിടയിൽ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നുവെന്നും ജർമൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.