ആലുവ:മുനമ്പത്തെ സ്വകാര്യ ഹോംസ്റ്റെയിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നീണ്ടൂർ മുനമ്പം പതിശേരി വീട്ടിൽ രോഹിത് (രോഹിത് സജീവ് 24 ) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2019 ഒക്ടോബറിലാണ് സംഭവം. പെൺകുട്ടിയെ രണ്ട് സ്ത്രീ സുഹൃത്തുക്കൾ ചെറായി ബീച്ചിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഹോം സ്റ്റെയിലെത്തിച്ചു. തുടർന്ന് കാത്ത് നിന്ന യുവാക്കൾ റൂമിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒരുപെൺ സുഹൃത്ത് ഉൾപ്പെടെ 4 പേരെയാണ് പിടികൂടിയത്.

ഒളിവിലായിരുന്ന ഇയാളെ ഇരുമ്പനത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. ജില്ലാപൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡി വൈ എസ് പി ബൈജു കുമാർ, ഞാറക്കൽ എസ് ഐ കെ.എസ്.സുനിൽകുമാർ, മുനമ്പം എ എസ് ഐ ശിവദാസ്, പുത്തൻവേലിക്കര എ എസ് ഐ ബിജു, പറവൂർ സി പി ഒ ശരത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.