കൊൽക്കത്ത: മോഡലിനെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായി പരാതി. ബംഗാളിലെ ദക്ഷിണ പരഗാനസ് ജില്ലയിലെ ബാർ മനേജർക്കെതിരാണ് ആരോപണം ഉയർന്നിരിക്കുന്നത്. മോഡലിന്റെ പരാതിയിൽ പൊലീസ് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

ഒന്നര വർഷം മുമ്പ് സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി വളർന്നു. നവംബർ 29ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് പ്രതി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതായാണ് പരാതി.

ആഗസ്റ്റിൽ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി യുവതിയെ പ്രതി ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വച്ചായിരുന്നു പീഡനം. ഗർഭിണിയാണെന്നറിഞ്ഞതിന് പിന്നാലെ പ്രതി ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തതായി പരാതിയിൽ പറഞ്ഞു.

'ഇരുവരുടെയും പ്രണയബന്ധം വളർന്നതോടെ വിവാഹം നടത്തിക്കൊടുക്കാൻ വീട്ടുകാർ സമ്മതിച്ചു. നവംബർ 29നായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് മുമ്പ് അവൾ ബലാത്സംഗം ചെയ്യപ്പെട്ടു'-അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.