ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായ മെതഡിസ്റ്റ് ചർച്ച് ബിഷപ്പിന് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ പദവിയിൽ തുടരാനാകില്ല.

മെതഡിസ്റ്റ് സഭയുടെ കർണാടക, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിഷപ്പ് എൻ.എൽ. കർക്കരെയ്ക്കാണ് കർണാടക ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. സ്‌കൂളിൽ സ്ഥിരംജോലി വാഗ്ദാനംചെയ്ത് നാൽപ്പത്തിരണ്ടുകാരിയെ രണ്ടരവർഷം പീഡിപ്പിച്ചതായാണ് പരാതി. മഹാരാഷ്ട്രയിലെ ഉദ്ഗീറിൽ മെതഡിസ്റ്റ് സഭയുടെ അതിഥിമന്ദിരത്തിലെ പാചകക്കാരിയാണ് പൊലീസിൽ പരാതി നൽകിയത്. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ.

മെതഡിസ്റ്റ് സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന മെതഡിസ്റ്റ് ബാൽഡ്വിൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ ചെയർമാനാണ് ബിഷപ്പ് കർക്കരെ. ആന്ധ്ര, കർണാടക, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിലായി നിരവധി കോളേജുകളും സ്‌കൂളുകളും മെതഡിസ്റ്റ് സഭയ്ക്കുണ്ട്. ആരോപണം ഉയർന്ന സാഹചര്യത്തിൽ സ്ഥാനങ്ങളിൽ നിന്ന് ബിഷപ്പ് മാറി നിൽക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

എന്നാൽ, ആരോപണം കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിഷപ്പ് കർക്കരെയുടെ വാദം. ഇയാൾക്കെതിരേയുള്ള അന്വേഷണം ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് താത്കാലികമായി തടഞ്ഞിരുന്നു. പിന്നീട്, കഴിഞ്ഞ മാർച്ചിൽ ബോംബെ ഹൈക്കോടതി തടസ്സ ഉത്തരവ് പിൻവലിച്ചതോടെ ബിഷപ്പ് മുൻകൂർജാമ്യഹർജി നൽകി. ഉദ്ഗീറിലെ ജില്ലാ സെഷൻസ് കോടതി ജൂൺ ആറിന് മുൻകൂർജാമ്യാപേക്ഷ പരിഗണിക്കും.

ഇതിനിടയിൽ ബംഗളൂരുവിലെ മെതഡിസ്റ്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ബിഷപ്പിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2016-ലെ കർണാടക ശിശുസംരക്ഷണനിയമമനുസരിച്ച്, സ്‌കൂളുകളുടെ ചെയർമാൻ പദവിയിലിരിക്കുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിനെതിരേ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതാണ് അംഗീകരിക്കപ്പെട്ടത്.