തിരുവനന്തപുരം: ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വെച്ച് ബലാത്സംഗം ചെയ്യുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകി നീണ്ട നാലുവർഷം പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ടൂറിസം വകുപ്പിലെ ജീവനക്കാരി നൽകിയ പരാതിയിൽ ഇതുവരെ നടപടിയില്ല. കഴിഞ്ഞ വർഷം നവംബർ മാസം യുവതി മുഖ്യമന്ത്രിക്കും ടൂറിസം ഡയരക്ടർക്കും ഡിജിപിക്കും ടൂറിസം സെക്രട്ടറിക്കുമൊക്കെ പരാതി നൽകിയെങ്കിലും പരാതി പൂഴ്‌ത്തപ്പെട്ട അവസ്ഥയിലാണ്. സ്ത്രീ സമത്വം നിലനിർത്താനും സ്ത്രീ സുരക്ഷിതത്വത്തിനും വേണ്ടി സർക്കാർ തന്നെ വനിതാ മതിൽ പടുത്തുയർത്താൻ പോകുന്ന വേളയിലാണ് സ്ത്രീ പീഡന പരാതിയിൽ പരാതി നൽകി ഒരു വർഷമായിട്ടും നടപടിയില്ലാതെ വരുന്നത്.

കഴിഞ്ഞ നവംബറിൽ ഡിജിപിക്ക് നൽകിയ പരാതി മ്യൂസിയം സ്റ്റേഷനിലേക്ക് വന്നു എഫ്‌ഐആർ ആയെങ്കിലും ഇതുവരെ പൊലീസ് നടപടിയും ഉന്നതനെതിരെ വന്നിട്ടില്ല. മജിസ്ട്രേറ്റിനു വരെ രഹസ്യമൊഴി നൽകിയ ഒരു സ്ത്രീ പീഡനക്കേസിനാണ് ഇത്തരം ഒരു അവസ്ഥ വരുന്നത്. ആരോപണവിധേയനായ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ് കുമാർ ടി.ജിയാണെങ്കിൽ ഒരു രോമത്തിനു പോലും കേടുവരാതെ സർവീസിൽ തുടരുകയുമാണ്. ഡിജിപിക്ക് നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് എഫ്‌ഐആർ ഇടുന്നത് തന്നെ പരാതി നൽകി ഏഴുമാസം കഴിയുമ്പോഴാണ്. എഫ്ആർ റദ്ദ് ചെയ്യാൻ പ്രതിയായ അഭിലാഷ് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് മേൽനടപടികൾ വൈകുന്നത് എന്നാണ് മ്യൂസിയം സിഐ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

പക്ഷെ ഒരു സ്ത്രീ പീഡനക്കേസിൽ പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് യുവതിയുടെ പരാതി സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ടൂറിസം വകുപ്പിന്റെ തിരുവനന്തപുരത്തെ യാത്രി നിവാസിൽ വെച്ച് മാനഭംഗത്തിനിരയായെന്നു യുവതി പരാതി നൽകിയിട്ടും പരാതിയിൽ നടപടി സ്വീകരിക്കാൻ ടൂറിസം വകുപ്പോ പൊലീസോ ഇതുവരെ തയ്യാറായിട്ടില്ല. ആരോപണവിധേയനായ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷിനെതിരെയുള്ള പരാതി ടൂറിസം വകുപ്പ് പൂഴ്‌ത്തിയപ്പോൾ മ്യൂസിയം സ്റ്റേഷനിൽ ഉള്ള പരാതിയും പൂഴ്‌ത്തപ്പെട്ട അവസ്ഥയിലാണ്. നീതി തേടിയ യുവതിക്ക് പൊലീസിൽ നിന്നും, ജോലി ചെയ്യുന്ന ടൂറിസം വകുപ്പിൽ നിന്നും ലഭിക്കുന്നത് നിരന്തരം അവഗണന. ഒപ്പം മാനസിക പീഡനവും. ലൈംഗിക പീഡന പരാതി നല്കിയതിന്റെ പേരിൽ ഒരു സ്ത്രീയ്ക്ക് നേരിടേണ്ട അവസ്ഥയാണിത്.

ഡിജിപിക്ക് നൽകിയ പരാതി മ്യൂസിയം സ്റ്റേഷനിൽ എഫ്‌ഐആർ ആയത് യുവതി പരാതി നൽകി എഴ് മാസങ്ങൾക്ക് ശേഷവും. ഈ പരാതിയിൽ എഫ്‌ഐആർ ആയെങ്കിലും ടൂറിസം വകുപ്പിലെ ഉന്നതൻ ആയതിനാൽ മ്യൂസിയം പൊലീസും മേൽ നടപടികൾക്ക് മടിച്ച് നിൽക്കുന്ന അവസ്ഥയിലാണ്. എഫ്‌ഐആർ റദ്ദ് ചെയ്യാൻ പ്രതിയായ ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ അഭിലാഷ് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് നടപടി വൈകുന്നത് എന്നാണ് മ്യൂസിയം സിഐ മറുനാടനോട് പ്രതികരിച്ചത്. മാനഭംഗക്കേസിൽ നീതി തേടിയ സ്ത്രീയുടെ മുന്നിൽ നീതി-നിയമ സംവിധാനങ്ങൾ പുറം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്.

ടൂറിസം വകുപ്പിൽ ജോലിയുള്ള യുവതി പരാതിയിൽ പറയുന്നത്‌

ടൂറിസം വകുപ്പിൽ ജോലി ചെയ്യവേ തന്നെ ഭർത്താവുമായി പ്രശ്‌നങ്ങൾ നിലനിനിന്നിരുന്നു. ഇത് മനസിലാക്കിയാണ് അന്ന് തിരുവനന്തപുരത്ത് മാനേജർ പോസ്റ്റിലുണ്ടായിരുന്ന അഭിലാഷ് യുവതിയുമായി അടുക്കുന്നത്. തന്റെ വിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നു എന്നാണ് അഭിലാഷ് പറഞ്ഞത്. ഭാര്യയെ ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഭാര്യയിൽ നിന്നും വിവാഹമോചനം ആഗ്രഹിക്കുന്നു. അതിനാൽ യുവതി വിവാഹമോചനം നടത്തിയാൽ വിവാഹം കഴിക്കാം. ഈ പ്രേരണയിലാണ് യുവതി വിവാഹമോചനത്തിനു ശ്രമിക്കുന്നതും വിവാഹ മോചനം നേടുന്നത്. തനിക്ക് മാനസികമായ ഒരു പിൻബലം നൽകുന്നു എന്ന രീതിയിലാണ് തന്റെ മേൽ ഉദ്യോഗസ്ഥനായ അഭിലാഷ് നിലകൊണ്ടത്. അഭിലാഷിന്റെ നിര്ബന്ധത്തെ തുടർന്നാണ് വിവാഹമോചന ശ്രമങ്ങൾ തനിക്ക് വേഗത്തിലാക്കേണ്ടി വന്നതും. ഈ സമയം യുവതി തിരുവനന്തപുരത്ത് ജോലി നോക്കുകയാണ്. ടൂറിസം വകുപ്പിൽ മാനേജർ പോസ്റ്റിൽ അഭിലാഷുമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് 2012-ൽ പീഡനം നടക്കുന്നത്.

ബലാത്സംഗം ചെയ്യപ്പെട്ടത് ഓഫീസിൽ

ആദ്യമായി പീഡനം നടന്നത് തിരുവനന്തപുരം ടൂറിസം വകുപ്പിൽ യുവതി ജോലി ചെയ്ത തിരുവനന്തപുരം ഓഫീസിൽ വച്ചായിരുന്നു. ജോലി നോക്കുന്നതിനിടെ ആരുമില്ലാത്ത റൂമിലേക്ക് അഭിലാഷ് കടന്നു വരുകയും  കടന്നുപിടിക്കുകയുമായിരുന്നു. പീഡനം എന്നല്ല അത് ഒരു ബലാത്സംഗം തന്നെയായിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാൻ അഭിലാഷ് വിവാഗ വാഗ്ദാനം നൽകി. 2012 ലെ ഈ ബന്ധമാണ് 2016 വരെ നീണ്ടുനിൽക്കുന്നത്. അതിന്നിടയിൽ യുവതിയെ പലയിടങ്ങളിൽ അഭിലാഷ് കൂട്ടിക്കൊണ്ടു പോവുകയും ശാരീരിക ബന്ധത്തിനു വിധേയമാക്കുകയും ചെയ്തു. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് ഒരു താലികെട്ടലും നടത്തി വിശ്വാസം ജനിപ്പിച്ച ശേഷമായിരുന്നു ഈ പീഡനങ്ങൾ അധികരിച്ചത്.

അഭിലാഷിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി യുവതിയെ ചൂഷണം നടത്താനും അഭിലാഷ് മടിച്ചില്ല. പല രീതിയിൽ അഭിലാഷ് യുവതിയിൽ നിന്നും പണം പിടുങ്ങി. എച്ച്ഡിഎഫ്‌സി, പിഎഫ്, .കെഎസ്എഫ്ഇ എന്നിവിടങ്ങളിൽ യുവതിയെ വെച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ ആറുലക്ഷത്തോളം രൂപ യുവതിക്ക് അഭിലാഷ് നൽകാനും ബാക്കിയുണ്ട്. എല്ലായിടത്തു നിന്നും അഭിലാഷിന് വേണ്ടി യുവതി ലോൺ എടുത്തു നൽകുകയായിരുന്നു. ഈ തുക യുവതി ഒറ്റയ്ക്ക് തന്നെയാണ് അടച്ചു തീർത്തത്. ഇതിൽ കെഎസ്എഫ്ഇ ലോണിന്റെ പേരിൽ റിക്കവറി നടപടിക്ക് ഇപ്പോൾ യുവതിക്ക് നോട്ടീസും നൽകിയിട്ടുണ്ട്.

ആദ്യം ബലാത്സംഗം, പിന്നീട് മറ്റുളവർക്കായി കാഴ്ചവെയ്ക്കാൻ ശ്രമം

ഭാര്യയെന്ന രീതിയിൽ യുവതിയെ ഒപ്പം കൂട്ടിയ അഭിലാഷ് ഇതിന്നിടയിൽ ചുവട് മാറ്റിത്തുടങ്ങി. യുവതിയെ തന്റെ നേട്ടങ്ങൾക്കായി മറ്റു ചിലർക്ക് കാഴ്ചവെയ്ക്കാനും അഭിലാഷ് ശ്രമിച്ചു..ഇത് യുവതി ചെറുക്കുകയും അഭിലാഷിന്റെ ഉദ്ദേശ്യങ്ങൾ മനസിലാക്കുകയും ചെയ്തു. ഇതോടെ വിവാഹം കഴിച്ച് ഒരു ഭാര്യയാക്കുകയല്ല ശാരീരിക-സാമ്പത്തിക ചൂഷണം മാത്രമാണ് അഭിലാഷിന്റെ ലക്ഷ്യമെന്നു യുവതി തിരിച്ചറിഞ്ഞു. യുവതി അഭിലാഷിൽ നിന്നും അകലാനും തുടങ്ങി.

ഇതോടെ അഭിലാഷ് കുപിതനാകുകയും യുവതിയെയും ടൂറിസം വകുപ്പിലെ ചിലരെയും ചേർത്ത് അനാശാസ്യം പറഞ്ഞു പരത്തുകയും ചെയ്തു. മാനേജർ പോസ്റ്റിൽ നിന്നും ഡെപ്യൂട്ടി ഡയരക്ടർ ആയതോടെ യുവതിയിലുള്ള താത്പര്യം അഭിലാഷ് ഒഴിവാക്കുകയും ചെയ്തു. ഇതോടെ വിവാഹ വാഗ്ദാനത്തിന്റെ പേരിൽ പീഡനം നടത്തി എന്ന് പറഞ്ഞു യുവതി ടൂറിസം ഉന്നതർക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തു.

പരാതി നൽകിയതിനെ തുടർന്ന് സസ്പെൻഷനും

യുവതി അഭിലാഷിനെതിരെ പരാതി നൽകിയതോടെ ടൂറിസം ഓഫീസിലെ പലരും യുവതിക്ക് എതിരായി. അഭിലാഷ് ആണെങ്കിൽ മാനസിക പീഡനത്തിനു യുവതിയുടെ മേലധികാരികൾ വഴി നിരന്തരം ശ്രമിക്കുകയും ചെയ്തു. നിരന്തര മാനസിക പീഡനങ്ങൾ വഴി ജോലി ചെയ്യാൻ സാധിക്കാത്ത ഒരവസ്ഥ ഓഫീസിൽ ഉണ്ടാക്കാൻ അഭിലാഷിന് കഴിഞ്ഞു.

റിട്ടയർ ചെയ്യാനിരുന്ന മേലധികാരിയായ ഒരു സ്ത്രീയെ സ്വാധീനിച്ച് ടൂറിസം വകുപ്പിൽ യുവതിക്ക് എതിരെ പരാതി നൽകി. ഇതോടെ യുവതിയെ സസ്പെൻഷനിൽ നിർത്താനും അഭിലാഷിന് സാധിച്ചു. സസ്പെൻഷൻ നീണ്ടുനിന്നതോടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടു യുവതി പരാതി പറഞ്ഞു. ഇതോടെ യുവതിയുടെ സസ്പെൻഷൻ മന്ത്രി നേരിട്ട് ഇടപെട്ടു അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ ആലപ്പുഴയിൽ ജോലി നോക്കുന്ന അഭിലാഷ് ഡെപ്യൂട്ടി ഡയരക്ടർ പദവി ഉപയോഗിച്ച് തനിക്ക് നേരെ നിരവധി പ്രശ്‌നങ്ങൾ ആണ് കുത്തിപ്പൊക്കുന്നത് എന്നാണ് യുവതി ആരോപിക്കുന്നത്. അഭിലാഷിനെതിരെ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ ഇതുവരെ ഒരു നടപടിയും പൊലീസിന്റെ ഭാഗത്തും നിന്നും വന്നില്ല.

അതോടൊപ്പം ടൂറിസം വകുപ്പിൽ നിന്നും ഒരു നടപടിയും അഭിലാഷിനെതിരെ വന്നില്ല . തന്നെ ബ്‌ളാക്ക് മെയിൽ ചെയ്യാൻ യുവതി ശ്രമിക്കുകയാണ് എന്നാണ് അഭിലാഷ് ടൂറിസം അധികാരികൾക്ക് മുന്നിൽ അറിയിച്ചത്. ഇത് വ്യാപകമായി പ്രചരിപ്പിക്കാനും അഭിലാഷ് ശ്രമിക്കുകയാണ്. ഒപ്പം അഭിലാഷ് എഫ്‌ഐആർ റദ്ദ് ചെയ്യാനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് മ്യൂസിയം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ തൊഴിലിടത്തെ മാനഭംഗ കേസിൽ യുവതി നൽകിയ പരാതിയിൽ ഒരു വർഷം കഴിഞ്ഞിട്ടും നടപടിയാകാത്ത അവസ്ഥയാണ്.