മലപ്പുറം: സ്വന്തം ഭാര്യയുടെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 26കാരന് ജാമ്യമില്ല. പ്രതിയുടെ ഭാര്യയും പരാതിക്കാരിയുടെ കൂട്ടുകാരിയുമായ യുവതി കേസിലെ രണ്ടാം പ്രതി. പ്രതി മുജീബ്റഹ്മാൻ റിമാൻഡിൽ കഴിയുന്നത് കോവിഡ് ഫസ്റ്റ്‌ലെവൽ ട്രീറ്റ്‌മെന്റ് സെന്ററിലാണ്.

പയ്യനാട് കോവിഡ് ഫസ്റ്റ്‌ലെവൽ ട്രീറ്റ്‌മെന്റ് സെന്ററിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് തള്ളിയത്. മലപ്പുറം കോട്ടക്കൽ ഇന്ത്യനൂർ വില്ലൂർ പള്ളിത്തൊടി മുജീബ് റഹ്മാൻ (26)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതിയുടെ ഭാര്യയും പരാതിക്കാരിയുടെ കൂട്ടുകാരിയുമായ യുവതി കേസിൽ രണ്ടാം പ്രതിയാണ്. 2020 മാർച്ചിൽ രണ്ടാം പ്രതിയുടെ മോഴക്കല്ലിലെ വീട്ടിലാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഡിസംബർ 16 വരെ റിമാന്റ് ചെയ്തു.

അതേ സമയം പതിനേഴുകാരിയെ കാറിൽ കയറ്റി മാനഹാനി വരുത്തിയെന്ന മറ്റൊരു കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. പാണ്ടിക്കാട് വളരാട് പാലപ്ര മരക്കാർ (39)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. 2020 ഓഗസ്റ്റ് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ സംഘടിപ്പിച്ച പ്രതി നിരന്തരം വിളിക്കുകയും ഒരു ദിവസം പ്രലോഭിപ്പിച്ച് പെൺകുട്ടിയെ കാറിൽ കയറ്റുകയുമായിരുന്നു. പന്തല്ലൂരിൽ വച്ചാണ് മാനഹാനി വരുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ പയ്യനാട് വുമൺ ആൻഡ് ചിൽഡ്രൻ ഹോമിലേക്ക് മാറ്റിയ ചൈൽഡ് ലൈൻ പാണ്ടിക്കാട് പൊലീസിന് കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.