ഇസ്ലാമാബാദ്: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു പാക്കിസ്ഥാനിൽ കോളിളക്കം സൃഷ്ടിച്ച ആറ് വയസുകാരിയുടെ മരണം. ഈ വർഷം ജനുവരിയിൽ പുറത്ത് വന്ന വാർത്ത പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇല്ലാത്ത തരത്തിലുള്ള ക്രൂരകൃത്യമായിരുന്നു. ആറ് വയസുകാരിയായ സെയ്‌നാബ് അൻസാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന കേസിൽ ഇപ്പോൾ ശിക്ഷ നടപ്പാക്കി മാതൃകയായിരിക്കുകയാണ് പാക്കിസ്ഥാൻ. കുരുന്നിനെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ ഇമ്രാൻ അലി എന്ന 24കാരന്റെ വധശിക്ഷയാണ് കുട്ടിയുടെ പിതാവിന്റെ മുന്നിൽ വച്ചു തന്നെ പാക്കിസ്ഥാൻ നടപ്പിലാക്കിയത്.

ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ ബുധനാഴ്‌ച്ച വെളുപ്പിനെയാണ് ഇയാളെ തൂക്കിലേറ്റിയത്. സെയ്നാബിന്റെ പിതാവ് അമീൻ അൻസാരിയുടേയും മറ്റു ബന്ധുക്കളുടെയും മുന്നിലാണ് ശിക്ഷ നടപ്പാക്കിയത്. കസൗർ സ്വദേശിനിയായ പെൺകുട്ടിയുടെ മൃതദേഹം മാലിന്യക്കൂനയിലാണ് കണ്ടെത്തിയത്. മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യത്തിനു പിന്നാലെ രാജ്യം വലിയ പ്രക്ഷോഭത്തിലേക്ക് കടന്നുപോകുകയും ഇമ്രാൻ അലി അറസ്റ്റിലാകുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് സമാനമായ രീതിയിൽ ആറു പെൺകുട്ടികളെ കൂടി ഇയാൾ കൊലപ്പെടുത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്.

വിധി നടപ്പാക്കിയതിൽ സംതൃപ്തിയുണ്ടെന്ന് സെനാബിന്റെ പിതാവ് പ്രതികരിച്ചു. അവന്റെ അന്ത്യം എന്റെ സ്വന്തം കണ്ണുകൾകൊണ്ടുതന്നെ കണ്ടു. അവർ അവനെ കഴുമരത്തിൽ തൂക്കി. അരമണിക്കൂറോളം അവനെ തൂക്കിയിട്ടുവെന്നും അൻസാരി മാധ്യമങ്ങളോട് പറഞ്ഞു.തന്റെ മകൾ ജീവിച്ചിരുന്നെങ്കിൽ അവൾക്ക് ഇപ്പോൾ ഏഴു വയസ്സും രണ്ടു മാസവും പ്രായം കണ്ടേനെ. അവനെ തൂക്കിലേറ്റുന്നത് ടെലിവിഷൻ പ്രക്ഷേപണം നടത്താതിരുന്നതിൽ വിഷമമുണ്ട്.

ഇമ്രാനെ പരസ്യമായി തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് അൻസാരി നേരത്തെ ലഹോർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ജനുവരി നാലിനാണ് സെയ്നാബിനെ കാണാതായത്. അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം പിച്ചിച്ചിന്തിയ നിലയിൽ മാലിന്യക്കൂനയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കൗസൂറിൽ സമാനമായ രീതിയിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇമ്രാനെ പിടികൂടിയതോടെയാണ് അരുംകൊലകളുടെ ചുരുൾ അഴിഞ്ഞത്.