ന്യൂഡൽഹി : മാനഭംഗ കേസുകളിൽ ഇനി ഒത്തുതീർപ്പ് കളികൾ നടക്കില്ല. വ്യാജ പീഡനക്കേസുകൾക്കും ഇതോടെ അവസാനമാകും. പലരേയും കുടുക്കാൻ വ്യാജ പീഡന ആരോപണങ്ങൾ സ്ത്രീകൾ ഉന്നയിക്കുന്നുവെന്ന ആരോപണം ശക്തമാണ്. പീഡനക്കേസുകളിൽ ഇരയുടെ മൊഴി മാത്രം നോക്കി കേസെടുക്കാൻ പൊലീസിന് കഴിയും. ജാമ്യമില്ലാ കേസ് ആയതു കൊണ്ട് പ്രതിയായ ആൾ ഇരുമ്പഴിക്കുള്ളിലുമാകും. എന്നാൽ ഇത്തരം വിലപേശൽ കേസുകളെല്ലാം വിചാരണ സമയത്ത് അട്ടിമറിക്കപ്പെടും. ഇര തന്നെ മൊഴിമാറ്റും. ഇതോടെ പ്രതി രക്ഷപ്പെടും.

ഇത്തരം കേസുകൾക്കായി പൊലീസിന്റെ വിലയേറിയ സമയം നഷ്ടമാകുന്നുണ്ട്. അതുകൊണ്ട് തന്നെ പീഡനക്കേസിൽ ഇര കൂറുമാറിയാൽ നടപടി സ്വീകരിക്കുമെന്ന സുപ്രീം കോടതി വിധിക്ക് പ്രസക്തി ഏറെയാണ്. പ്രതിയെ രക്ഷിക്കാൻ മൊഴി മാറ്റിയാൽ ഇരയ്‌ക്കെതിരെ കൂറുമാറ്റത്തിനു കേസെടുത്തു വിചാരണ ചെയ്യാമെന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധിച്ചു. മാനഭംഗ കേസിലെ പരാതിക്കാരി മൊഴി മാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണു നടപടി. ഈ വിധി രാജ്യത്താകെ ബാധകമാകും. അതുകൊണ്ട് തന്നെ പീഡനക്കേസിൽ കള്ളപരാതികളും ഇനി കുറയുമെന്നാണ് വിലയിരുത്തൽ. കേരളത്തിലും നിയമപരമായ ഏറെ മാറ്റങ്ങൾക്ക് വഴി വയ്ക്കുന്നതാണ് ഈ കോടതി വിധി.

മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ തെളിവുകൾ കണക്കിലെടുത്തു പ്രതിക്ക് അർഹമായ ശിക്ഷ വിധിക്കണം. മൊഴിമാറ്റി നിയമ നടപടികളെ അട്ടിമറിക്കുന്നതു കോടതിക്കു നോക്കിനിൽക്കാനാവില്ലെന്നും ജസ്റ്റിസുമാരായ നവീൻ സിൻഹ, കെ.എം.ജോസഫ് എന്നിവരുമുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഒരിക്കൽ പീഡന പരാതി കൊടുത്താൽ വിചാരണയിൽ മൊഴി മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ടാകും. സാധാരണ പരാതി നൽകി പ്രതിയെ കുടുക്കിയ ശേഷം വിചാരണയിൽ എല്ലാം പൊലീസ് സൃഷ്ടിയും സമ്മർദ്ദവുമാണെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് ഇരകൾ പ്രതികൾക്ക് വേണ്ടി ചെയ്യാറുള്ളത്. ഇനി ഇത് ചെയ്യുകയും പ്രോസിക്യൂഷൻ അതിനെ തെളിവുകളോടെ പൊളിക്കുകയും ചെയ്താൽ ഇരയ്ക്ക് ജയിലിൽ പോകേണ്ടി വരും. പീഡന പരാതികൾ കുറയ്ക്കാനും ഇത് സഹായകമായി മാറും.

പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെയുള്ള മറ്റ് തെളിവുകൾ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ബലാത്സംഗക്കേസുകളിൽ നിർണായക സ്വാധീനമുണ്ടാക്കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പരാതിക്കാരി മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കരുത്. ക്രിമിനൽ വിചാരണകൾ സത്യം തേടിയുള്ള അന്വേഷണമാണെന്നും കോടതി നിരീക്ഷിച്ചു. മൊഴിമാറ്റി അതീവ ഗൗരവതരമായ കേസുകളെ അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനിൽക്കാനാവില്ല. സത്യം പുറത്തുകൊണ്ടുവരാൻ എല്ലാ പരിശ്രമങ്ങളും വേണമെന്നും ബെഞ്ച് പറഞ്ഞു. ബലാത്സംഗക്കേസിലെ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.

അതേസമയം 2004ൽ പെൺകുട്ടിക്ക് ഒൻപത് വയസുള്ളപ്പോൾ നടന്ന സംഭവമായതിനാലും നിലവിൽ കുടുംബമായി ജീവിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് മൊഴിമാറ്റിയതിന് പരാതിക്കാരിക്കെതിരെ കേസെടുക്കുന്നില്ലെന്ന് കോടതി വിശദീകരിച്ചു. മറ്റ് കേസുകൾക്ക് ഇത് മാനദണ്ഡമാകില്ല. ഇനിയുള്ള കേസുകളിൽ കർശന നടപടി തന്നെ കോടതികൾ എടുക്കേണ്ടി വരുമെന്നതാണ് ഈ സുപ്രീംകോടതി വിധിയും പ്രാധാന്യം.