ബെംഗളുരു: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഇന്ത്യൻ വംശജയായ മലേഷ്യക്കാരിയായ നടിയുടെ പരാതിയിൽ തമിഴ്‌നാട്ടിലെ മുൻ മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എ. മണികണ്ഠൻ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ ബെംഗളൂരുവിൽനിന്നാണ് ചെന്നൈ സിറ്റി പൊലീസിന്റെ പ്രത്യേകസംഘം മണികണ്ഠനെ അറസ്റ്റ് ചെയ്തത്. വൈകാതെ പ്രതിയെ ചെന്നൈയിൽ എത്തിക്കും.

മണികണ്ഠൻ ചതിച്ചതായി കഴിഞ്ഞ മാസം നടി പരാതി നൽകിയിരുന്നു. ചെന്നൈ അഡയാർ വനിതാ പൊലീസാണ് നടിയുടെ പരാതിയിൽ മണികണ്ഠനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. പീഡനം, അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തൽ, മുറിവേൽപ്പിക്കൽ, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അഡയാർ വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

36 വയസ്സുകാരിയായ നടിയുമായി മുൻ മന്ത്രി വർഷങ്ങളായി ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നുവെന്നാണു പരാതിയിലുള്ളത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി മൂന്ന് തവണ ഗർഭിണിയാക്കി. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചു. അഞ്ച് വർഷത്തോളം തന്നോട് അടുപ്പം പുലർത്തിയിരുന്ന മണികണ്ഠൻ വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മലേഷ്യയിലെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.


കേസിൽ മുൻകൂർജാമ്യം തേടി മണികണ്ഠൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും മൂന്ന് ദിവസം മുമ്പ് ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. മണികണ്ഠനായി മധുരയിലും രാമനാഥപുരത്തും വ്യാപകമായി തിരച്ചിൽ നടത്തിയ പൊലീസ് സംഘം ഒടുവിൽ ബെംഗളൂരുവിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. 

2017ലാണ് മണികണ്ഠൻ പരാതിക്കാരിയുമായി പരിചയത്തിലാകുന്നത്. അന്ന് മണികണ്ഠൻ ഐടി മന്ത്രിയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ മന്ത്രി വിവാഹ അഭ്യർത്ഥന നടത്തി. ഈ സമയത്ത് മണികണ്ഠൻ വിവാഹിതനായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണു മന്ത്രി ഗർഭഛിദ്രം നടത്തിച്ചത്. പീഡനത്തിനിരയായ സ്ത്രീ ഏതാനും തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിന് ശേഷം കുഞ്ഞ് മതിയെന്നാണ് ആ സമയത്ത് മണികണ്ഠൻ പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാൾ ബന്ധത്തിൽനിന്ന് പിന്മാറിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടിയുടെ പരാതിയിൽ പറയുന്നു.

മലേഷ്യയിലേക്കു തിരിച്ചുപോയില്ലെങ്കിൽ നടിയുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലിടുമെന്നും മന്ത്രി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. തന്റെ കുടുംബാംഗങ്ങൾക്ക് നേരെയും ഭീഷണിയുണ്ടായി. വാടക കൊലയാളികളെ ഉപയോഗിച്ച് തന്നെ കൊല്ലുമെന്ന് മണികണ്ഠൻ പറഞ്ഞതായും നടിയുടെ പരാതിയിലുണ്ട്. 

 എന്നാൽ ആരോപണങ്ങളെല്ലാം തെറ്റാണെന്നാണു മന്ത്രിയുടെ വാദം. പരാതിക്കാരിയെ അറിയില്ലെന്ന് ഒരു പ്രാദേശിക മാധ്യമത്തോടു മണികണ്ഠൻ പറഞ്ഞു. സംഭവത്തിൽ ഗൂഢാഡാലോചനയുണ്ടെന്നും പണം തട്ടിയെടുക്കുകയാണു ലക്ഷ്യമെന്നും മണികണ്ഠൻ പറയുന്നു. കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങൾ ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. 

തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്നുള്ള എംഎൽഎയായിരുന്നു മണികണ്ഠൻ. 2019 വരെ മന്ത്രിയായി തുടർന്നു. നേരത്തേ ചോദ്യം ചെയ്യാനായി ഇയാളെ പൊലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല. മധുര, രാമനാഥപുരം എന്നിവിടങ്ങളിലാണ് മണികണ്ഠനെ പിടികൂടുന്നതിന് പൊലീസ് ആദ്യം തിരച്ചിൽ നടത്തിയത്. അവിടെനിന്ന് കിട്ടിയത് ഡ്രൈവറെയും സഹായിയെയും മാത്രം. പ്രതിയുടെ ഭീഷണി സന്ദേശങ്ങളടങ്ങിയ വാട്‌സാപ് ചാറ്റുകളടക്കം നടി മാധ്യമങ്ങൾക്കു നൽകിയിരുന്നു. തുടർന്നാണു പൊലീസ് ബെംഗളൂരുവിൽ എത്തിയത്.