അബുദാബി: പർദ ധരിച്ചെത്തി ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ വിചാരണ അബുദാബി ക്രിമിനൽ കോടതിയിൽ നടന്നു. പ്രോസിക്യൂഷൻ ചുമത്തിയ കുറ്റങ്ങളെല്ലാം പ്രതിയായ പാക്കിസ്ഥാനി യുവാവ് കോടതി മുമ്പാകെ നിഷേധിച്ചു.

കഴിഞ്ഞ ജൂൺ ഒന്നിനാണ് പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മുറൂർ റോഡിലെ ഫ്‌ലാറ്റിലേക്കു തിരിച്ചു വരികയായിരുന്ന അസാൻ മജീദ് എന്ന പതിനൊന്നുകാരനെ പർദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂർവം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. പ്രതി ആസൂത്രിതമായാണ് കുറ്റകൃത്യം നടത്തിയതെന്നു പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.

സ്ത്രീവേഷം ധരിച്ചെത്തിയ പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും തുടർന്ന് കയറുപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തതായി ജഡ്ജി പറഞ്ഞു.

താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പൊലീസും പ്രോസിക്യൂഷനും തന്നെ മർദിച്ച് കുറ്റങ്ങൾ സമ്മതിപ്പിക്കുകയായിരുന്നുവെന്നും 33 കാരനായ പ്രതി ആരോപിച്ചു. നിരക്ഷരനായ താൻ രേഖകളിൽ ഒപ്പിട്ടുകൊടുത്തു എന്ന് ആരോപിക്കുന്നതിനെയും പ്രതി എതിർത്തു.

കുറ്റസമ്മതമെല്ലാം റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞപ്പോഴും താൻ കുറ്റം ചെയ്തിട്ടില്ലെന്നു തന്നെയായിരുന്നു പ്രതിയുടെ വാദം. കുട്ടിയുടെ പിതാവിന്റെ ബന്ധുവാണ് പ്രതി.

ഏറ്റവും ഹീനമായ രീതിയിൽ കൊലപാതകം നടത്തിയ പ്രതിക്കു വധശിക്ഷ നൽകണമെന്നു പബ്ലിക് പ്രോസിക്യൂഷൻ വാദിച്ചു. അസാന്റെ റഷ്യക്കാരിയായ മാതാവ്, രണ്ടാനമ്മ, പിതാവ്, മുത്തച്ഛൻ എന്നിവരും കോടതിയിൽ വാദം കേൾക്കാനെത്തിയിരുന്നു. ഈ മാസം 23ന് വിചാരണ തുടരും.