കോട്ടയം: ധ്യാനം കൂടിയപ്പോൾ പീഡന വിവരം വെളിപ്പെടുത്തിയ കൗൺസിലറുടെ പേരെന്താ നിങ്ങൾക്കറിയാത്തത്..? സഹോദരിയുടെ മകന്റെ ആദ്യകുർബ്ബാനയിൽ പങ്കെടുത്തപ്പോൾ ബിഷപ്പ് ഉണ്ടായിരുന്നിട്ടും ചിരിച്ചതെന്തിനാ..? എന്നൊക്കെയാണ് പൊലീസ് ചോദിക്കുന്നത്. ഇതിനൊക്കെ എന്താ മറുപിടി പറയുക. കൗൺസിലിംഗിന് ഹാജരാവുമ്പോൾ കൗൺസിലറുടെ പേരും മറ്റും ചോദിക്കുന്ന പതിവ് പണ്ടുമില്ല,ഇപ്പോഴുമില്ല. ഇത് ധ്യാനങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്ക അറിയാം. പ്രശസ്തരൊക്കെയാണെങ്കിൽ ഓർത്തിരിക്കും അത്രമാത്രം. വിധവയായ സഹോദരിയുടെ വീട്ടിൽ ആദ്യമായി നല്ലൊരുചടങ്ങിൽ ദുഃഖങ്ങൾ മാറ്റിവച്ച് സിസ്റ്റർ ചിരിച്ചതാണോ പൊലീസിന് വൈരുദ്ധ്യമായത്...

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന് എതിരെയുള്ള പീഡനപ്പരാതിയിൽ എടുത്തിട്ടുള്ള കേസുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നുള്ള പൊലീസ് വെളിപ്പെടുത്തലിനോട് കന്യാസ്ത്രിയുടെ അടുത്ത ബന്ധുവിന്റെ പ്രതികരണം ഇങ്ങിനെ: അട്ടപ്പാടി സെഹിയോൻ ധ്യനകേന്ദ്രത്തിലെ ധ്യാന ഗുരു സേവ്യർഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് നടന്ന ധ്യാനം നടന്നു. ഈ ധ്യാനത്തിനിടെ നടത്തിയ കൗൺസിലിംഗിലാണ് സിസ്റ്റർ എല്ലാം തുറന്നു പറഞ്ഞത്. അന്ന് തന്നേ കേട്ട കൗൺസിലറെക്കുറിച്ച് സിസ്റ്റർക്ക് അറിവുണ്ടാവാനിടയില്ല.

തലയ്ക്ക് പിടിച്ച് അനുഗ്രഹിച്ച വട്ടായി അച്ചനോട് ഇങ്ങിനെ ഒരു കാര്യം നടന്നോ എന്ന് ചോദിച്ചപ്പോൾ ഓർമ്മയില്ലെന്ന് അദ്ദേഹം പറഞ്ഞുകാണും. ആയിരക്കണക്കിന് പേർ വന്നുപോകുമ്പോൾ വർഷങ്ങൾക്കുശേഷം ഒരാളെക്കുറിച്ച് ചോദിച്ചാൽ ഓർമ്മയുണ്ടാവാനിടയില്ലെന്നത് പകൽ പോലെ വ്യക്തമല്ലേ. കരൾരോഗ ബാധയെത്തുടർന്നാണ് സിസ്റ്ററുടെ സഹോദരിയുടെ ഭർത്താവ് മരിക്കുന്നത്. കരൾ മാറ്റിവച്ചാൽ രക്ഷപെട്ടേക്കാമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടത് പ്രകാരം സഹോദരി കരൾ നൽകാൻ തയ്യാറായി.

ഇവരുടെ കരൾമുറിച്ച് മാറ്റി, തുടർന്ന് ഇത് തുന്നിച്ചേർക്കുന്നതിനുള്ള നീക്കത്തിനിടെയാണ് ഭർത്താവ് മരണപ്പെടുന്നത്. അതിന്റെ ദുഃഖം പേറി ജീവിക്കുന്ന സഹോദരിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ബിഷപ്പിനെ കണ്ട് കന്യാസ്ത്രി പൊട്ടിക്കരയണമായിരുന്നോ.. അദ്ദേഹം ചോദിക്കുന്നു. ഉള്ളിലുള്ള ദുഃമെല്ലാം ഒതുക്കി ജീവിക്കുന്നതിനുള്ള പരിശീലനം കിട്ടിയവരാണ് കന്യാസ്ത്രീകൾ. സിസ്റ്റർ ആവുന്നതിലും അപ്പുറം ഇക്കാര്യത്തിൽ മനസാന്നിദ്ധ്യത്തോടെ പെരുമാറി. അപമാനമുണ്ടാവുമെന്നുള്ള ഭീതിയും ബിഷപ്പ് തന്നേക്കാൾ ശക്തനാണെന്നുള്ള തിരിച്ചറിവും മൂലമാണ് അവർ ഇത്രയും കാലം ഞങ്ങളോട് പോലും പറായാതെ ഇതൊക്കെ മറച്ചുവച്ചത്.

പിന്നെയും ബിഷപ്പ് ഉപദ്രവം തുടർന്നപ്പോൾ ഗത്യന്തരമില്ലാതെ സിസ്റ്റർ ദുഃഖം ഞങ്ങളെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ബിഷപ്പ് സഹോദരനും ബന്ധുക്കൾക്കും എതിരെ പൊലീസിൽ പരാതി നൽകിയത്. വിവരം അറിഞ്ഞപ്പോൾ ഞങ്ങൾ വല്ലാത്ത വിഷമത്തിലായി. ബിഷപ്പിന് കൂട്ടുനിന്ന ചിലരോടൊക്കെ ദേഷ്യം അതിരുവിട്ടപ്പോൾ ഉച്ചത്തിൽ സംസാരിക്കേണ്ടി വന്നു. വഴക്കുണ്ടാക്കേണ്ടി വന്നു. അത് ഭീഷിണിയായി വ്യാഖ്യാനിച്ച് ബിഷപ്പ് നൽകിയ പരാതിയിൽ പൊലീസ് സിസ്റ്ററെക്കണ്ട് വിശദീകരണം തേടി. ഈ അവസരത്തിലാണ് ബിഷപ്പ് ഉപദ്രവിച്ചെന്നും ഇത് ചോദ്യം ചെയ്തതിനാലാണ് ബന്ധുക്കൾക്കെതിരെ പരാതി ഉന്നയിക്കുന്നതെന്നും അവർ അറിയിക്കുന്നത്.

ഇങ്ങിനെ ഒരു പരാതി ഉണ്ടാവുമെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഓരോ കാര്യവും കൃത്യതയോടെ ഓർത്തുവയ്ക്കാനും തെളിവുകൾ കൂട്ടിവയ്ക്കാനും സാധിക്കുമായിരുന്നു. സാഹചര്യത്തിന്റെ സമ്മർദ്ദത്താലാണ് സിസ്റ്റർ ഈ ക്രൂരകൃത്യം വെളിപ്പെടുത്തിയത്. ഇല്ലങ്കിൽ ഈ സംഭവം അവരുടെ മനസ്സിൽക്കിടന്ന്, അവർക്കൊപ്പം മൺമറയമായിരുന്നു. ഒരിക്കലും പുറം ലോകം ഇക്കാര്യം അറിയരുതെന്ന് ആഗ്രഹിച്ച അവർ ഇപ്പോൾ മെഴുകുതിരി കണക്കെ ഉരുകിത്തീരുകയാണ്.തനിക്കുവേണ്ടി മറ്റുള്ളവർ സഹിക്കുന്ന ബുദ്ധിമുട്ടോർത്താണ് അവരിപ്പോൾ കണ്ണീരൊഴുക്കുന്നത്.

ആരൊക്കെ കണ്ടില്ലങ്കിലും ഈ കണ്ണൂനീർ കർത്താവ് തമ്പുരാൻ കാണാതിരിക്കില്ല. പാപികൾക്കുള്ള ശിക്ഷ അവിടുന്നു നൽകട്ടെ.ഇങ്ങിനെ പ്രാർത്ഥിക്കുകയല്ലാതെ ഇപ്പോൾ ഞങ്ങൾക്ക് മുമ്പിൽ മറ്റ് വഴികളില്ല.ബന്ധു വ്യക്തമാക്കി. കന്യാസ്ത്രിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടന്നുവരുന്ന സമരം നിലവിലെ രീതിയിൽ ഈ മാസം 19 വരെ തുടരുമെന്നും ഇദ്ദേഹം അറിയിച്ചു.