കൊച്ചി: സ്വയം തീർത്ത പെയിന്റിങ്ങുകളുടേയും ഫോട്ടോകളുടേയും പ്രദർശനമൊരുക്കി ഇൻഫോപാർക്കിലെ ടെക്കികൾ എത്തുന്നു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായാണ് ഇൻഫോപാർക്കിലെ റാപ്പിഡ് വാല്യു സൊലൂഷൻസ് കമ്പനി ജീവനക്കാർ വളരെ വ്യത്യസ്തമായ ഒരു എക്‌സിബിഷൻ അണിയിച്ചൊരുക്കുന്നത്. ജൂൺ ആറ് മുതൽ പത്ത് വരെ കൊച്ചി ദർബാർ ഹാളിലാണ് ചിത്ര പ്രദർശനം നടക്കുന്നത്.

'ഫോർ യുവർ ഇൻഫർമേഷൻ' (എഫ്.ഐ.എ) എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം ജൂൺ ആറിന് വൈകിട്ട് നാല് മണിക്ക് ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ചിത്രകാരനും കൺസൾട്ടന്റുമായ ആനന്ദ് ചന്നാർ ഉദ്ഘാടനം ചെയ്യും. റാപ്പിഡ് വാല്യു സൊലൂഷൻസിലെ ഡിസൈനേഴ്‌സിന്റെ കൂട്ടായ്മയായ ജെംസിലെ ടെക്‌നോളജി പ്രൊഫഷണലുകളുടെ ഒരു സംരംഭമാണ് ചിത്ര പ്രദർശനം.

ഉദ്ഘാടനത്തിന് മിഴിവേകാൻ 5.30 മുതൽ 7 മണിവരെ അലൻ സണ്ണി സ്റ്റീഫൻ, വിനയ് മാത്യു ജോൺ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും ഒരുക്കുന്നുണ്ട്.സുസ്ഥിര വികസന പ്രവർത്തനങ്ങൾ ഉയർത്തുന്നതിനോടൊപ്പം ഡിസൈനേഴ്‌സ്, വർണങ്ങളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവർ, ചിത്രകലയെ നെഞ്ചേറ്റുന്നവർ എന്നിവരുമായി കൈകോർക്കുന്നതിനുള്ള ജെംസിന്റെ പ്രാരംഭ നടപടികൾ കൂടിയാണ് ഈ സംരംഭം.

മെൽവിൻ തമ്പി, റോയ് ആനന്ദ്, അനൂപ് എം, സുജിത് കെ.എസ്, അനുഗീത് ടി.എസ്, ശരണ്യ രമണൻ, ഹരി കൃഷ്ണൻ, ജിബിൻ ജോസഫ്, അമൽ ടോമി, മാത്തുക്കുട്ടി സേവ്യർ, ജിജോ ജോസഫ്, സ്മിനു ജോസഫ്, അരുൺ കെ.എ, അജ്ഞലി രവീന്ദ്രൻ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തുന്നത്.

'മൊബൈൽ, വെബ് എന്നിവയ്ക്ക് വേണ്ടി മനോഹരവും പ്രവർത്തന ക്ഷമവുമായ സോഫ്റ്റ് വെയർ നിർമ്മിക്കുന്ന വളരെ കഴിവുറ്റ ഒരു കൂട്ടം കലാകാരന്മാരുടെ വളരെ വ്യത്യസ്തമായ ഒരു സംരംഭമാണ് എഫ്.വൈ.ഐ എക്‌സിബിഷൻ. ഇത്തരമൊരു എക്‌സിബിഷന് ആതിഥേയത്വം വഹിക്കുന്നതിലും സ്‌പോൺസർ ചെയ്യുന്നതിലും ഞങ്ങൾക്ക് അങ്ങേയറ്റം അഭിമാനവും ആവേശവുമുണ്ട്. കൊച്ചിയിലേയും കേരളത്തിലേയും എല്ലാ പ്രതിഭകൾക്കും ഇതൊരു പ്രചേദനമായിരിക്കുമെന്നും അവർക്കും തങ്ങളുടെ സൃഷ്ടികൾ പുറംലോകത്തെത്തിക്കുന്നതിനുള്ള അവസരം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ ടീമിന് ഞാൻ എല്ലാവിധ വിജയാശംസകളും നേരുന്നു. ഇത് വളരെ വിജയകരമായ ഒരു എക്‌സിബിഷനാകുമെന്ന് പ്രതീക്ഷിക്കുന്നു,' റാപ്പിഡ് വാല്യു സൊലൂഷൻസ് സിഇഒയും പ്രസിഡന്റുമായ രാജേഷ് പടിഞ്ഞാറേമഠം അഭിപ്രായപ്പെട്ടു.

'റാപ്പിഡ് വാല്യു സൊലൂഷൻസിന്റെ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള ഒരു ഉദ്യമമാണ് എഫ്.വൈ.ഐ. കൊച്ചി ഇൻഫോപാർക്കിലെ ടെക്കികളുടെ കലാമികവ് തുറന്ന് കാട്ടുന്നതിനുള്ള ഒരു വേദി ഒരുക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. റാപ്പിഡ് വാല്യു സൊലൂഷൻസിലെ ഡിസൈനേഴ്‌സിന്റെയും മറ്റ് മേഖലകളിൽ നിന്നുള്ള കലാകാരന്മാരുടെ കൂട്ടായ്മയുടേയും ചിത്രങ്ങളും ഡിസൈനുകളും പ്രദർശിപ്പിക്കുക, വിവിധ കമ്പനികളിലെ ഡിസൈനർമാർക്ക് ഒന്നിക്കുവാനും ആശയവിനിമയം നടത്തുവാനും അവസരം ഒരുക്കുക എന്നിവയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഡിസൈനിങ് രംഗത്തെ പ്രതിഭകളെ ഒരേ വേദിയിൽ ഒരുമിപ്പിക്കുന്നതിനും അതുവഴി കലാലോകത്ത് നവീനതയും പുരോഗതിയും പരിപാലിക്കുന്നതിനും സാധിക്കും,' റാപ്പിഡ് വാല്യു സൊലൂഷൻസിന്റെ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ ഡോ. ഗോപാലകൃഷ്ണൻ ജെ. പ്രകാശ് അഭിപ്രായപ്പെട്ടു.

റാപ്പിഡ് വാല്യു സൊലൂഷൻസ്
ആഗോളതലത്തിൽ എൻഡ്-ടു-എൻഡ് മൊബൈലിറ്റി സൊലൂഷനുകൾ പ്രദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് റാപ്പിഡ് വാല്യു സൊലൂഷൻസ്. മൊബൈലിറ്റി കൺസൾട്ടിങ്, ആപ്ലിക്കേഷൻ ഡവലപ്‌മെന്റ് രംഗത്തെ വിദഗ്ദ്ധരടങ്ങിയ സംഘം വിവധ തരത്തിലുള്ള മൊബൈലിറ്റി സർവ്വീസുകളും സൊലൂഷനുകളും വാഗ്ദാനം ചെയ്യുന്നു. അമേരിക്കയിലും ഇന്ത്യയിലും പ്രവർത്തന കേന്ദ്രങ്ങൾ ഉള്ള റാപ്പിഡ് വാല്യു ലോകത്തെ ഒന്നാംനിര ബ്രാൻഡുകൾക്കും ഫോർച്യൂൺ 1000 കമ്പനികൾക്കുമാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്.