കുറെ ദിവസമായി പലരും അന്വേഷിക്കുന്നുണ്ട്. ഈയിടെ ആയി മീഡിയാവണ്ണിൽ കാണുന്നില്ലല്ലോ എന്ന്. ശരിയാണ്. ജൂൺ 30നാണ് അവസാനമായി ലൈവിൽ വന്നത്. സച്ചിൻ പൈലറ്റിനെ കുറിച്ചും അയോധ്യാ ക്ഷേത്രത്തെ കുറിച്ചുമൊക്കെ പറയാനായി ഇടക്കെപ്പോഴോ ഫോണിൽ വന്നിട്ടുമുണ്ട്. ചാനൽ പണി നിർത്തിയതല്ല. സാമ്പത്തിക പ്രതിസന്ധി മൂലം ഡൽഹി ബ്യൂറോ അടച്ചു പൂട്ടിയപ്പോൾ പിരിച്ചയച്ചതാണ്. പി.ആർ. പണിയും വാർത്തയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത ചില 'സിംഹങ്ങളുമായി' കലഹിച്ച് മുമ്പൊരിക്കൽ സ്വയം ഇറങ്ങിപ്പോയിരുന്നു. 13 വർഷത്തെ സർവ്വീസിനിടെ 8 മാധ്യമങ്ങൾ കയറിയിറങ്ങിയ കോഓർഡിനേറ്റിങ് 'അൽഭുത'വും ഒരു ന്യൂസ്ബ്യൂറോയിലും പ്രസ്താവയോഗ്യമായ എന്തെങ്കിലും ചെയ്തിട്ടില്ലാത്ത 'മാനേജിങ്' മഹാൽഭുതവുമൊക്കെ ഈ സിംഹങ്ങളുടെ കൂട്ടത്തിലുണ്ട്.

പരീക്ഷണത്തിന് സമയവും പണവും കയ്യിലുണ്ടായിരുന്ന കാലത്ത് ചാനലിനെ ഒരു ചുവടു പോലും മുമ്പിലെത്തിക്കാൻ കഴിയാതിരുന്നവർ. ഇതിലൊരാളുടെ ലജ്ജാകരമായ രാഷ്ട്രീയ അടിമത്തവും മറ്റൊരാളുടെ നിഷ്‌ക്രിയത്വവുമാണ് ചാനലിനെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചത്. ഞാൻ ചൂണ്ടിക്കാണിച്ച ഈ തെറ്റുകൾ തിരുത്തുമെന്ന് മഹാനവർകൾ മുജീബ് സാഹിബ് നൽകിയ ഉറപ്പ് വിശ്വസിച്ചാണ് കഴിഞ്ഞ തവണ തിരികെ പോയതും. എന്നാൽ മന്ത് ഇടത്തേ കാലിലേക്ക് മാറ്റിയതിലപ്പുറം വേറെ ഒന്നും അവിടെ സംഭവിക്കുന്നുണ്ടായിരുന്നില്ല. ഇനിയൊരു അങ്കത്തിന് ബാല്യമില്ലാത്തതു കൊണ്ടും സമയം അനുകൂലമല്ലാത്തതു കൊണ്ടും ജോലി ചെയ്ത് കുടുംബം പുലർത്തി വരുന്നതിനിടയാണ് കോവിഡ് പ്രത്യക്ഷപ്പെട്ടത്. അത് 'സിംഹ'ങ്ങൾക്ക് അവസരമായി മാറുകയും ചെയ്തു.

മീഡിയാവൺ തുടങ്ങിയത് മഹത്തായ ഒരു മാധ്യമ സംസ്‌കാരത്തിനു വേണ്ടിയായിരുന്നു. എന്നാൽ മാർക്കറ്റിന്റെ സിദ്ധാന്തങ്ങളാണ് അന്തിമമായ ശരിയെന്ന് അംഗീകരിച്ച പുതിയ മാനേജ്‌മെന്റിന്റെ കയ്യിലാണ് ചാനലിന്റെ ഇപ്പോഴത്തെ നിയന്ത്രണം. ഖേദത്തോടു കൂടിയാണ് ഇപ്പറയുന്നത്. നിങ്ങൾ കാണുന്നതല്ല വാർത്ത. കാണാൻ കഴിയാതെ പോകുന്നതാണ്.

സ്ഥാപക എം.ഡി ആയിരുന്ന ഡോ: അബ്ദുസ്സലാം വാണിയമ്പലം എന്ന മഹാമനുഷ്യനെ വേദനയോടെ ഓർത്തു പോകുന്നു. ഇപ്പോഴുള്ളവരിലും നന്മ വേണമെന്ന ചിന്തക്ക് മാറ്റമുണ്ടായിട്ടില്ല. പക്ഷെ നേരുകൾ പറയാനും പ്രവർത്തിക്കാനുമുള്ള പണം ഉണ്ടാക്കാനറിയില്ല. സലാം സാഹിബ് ഉണ്ടാക്കിവെച്ചതൊക്കെ മുറിവൈദ്യന്മാർ പാഴാക്കുകയും ചെയ്തു. വിമാനക്കമ്പനിയിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതു പോലെ ലളിതമാണ് ചാനലിന്റെ പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതെന്നാണ് പുതിയ സങ്കൽപ്പം. ക്വാളിറ്റി കുറഞ്ഞാലും ടിക്കറ്റിന് വില കുറയുമ്പോഴാണല്ലോ യാത്രക്കാർ ഇടിച്ചു കയറുന്നത്.

അത്തരമൊരു യുക്തി പ്രയോഗിക്കുമ്പോൾ വാർത്താ ശേഖരണം വലിയൊരു പാഴ്‌ചെലവായി മാറുന്നുണ്ട്. ഡൽഹിയിലെ വാർത്തകളിൽ പൊതുജനത്തിന് താൽപര്യം നഷ്ടപ്പെട്ടു തുടങ്ങിയതു കൊണ്ട് എല്ലാ ചാനലുകളും ചവിട്ടിപ്പിടിക്കുന്നതാണ് പൊതുവെയുള്ള ചിത്രം. മീഡിയാവൺ മാത്രമെന്തിന് 'ജന'ത്തിന്റെ അപ്രീതി സമ്പാദിക്കണം? പള്ളിക്കാട്ടിലേക്ക് സലാം പറയുന്നതു പോലെ പത്ത് വർഷമായി ഒരു ഭാഗത്തേക്കു മാത്രം പണം ഒഴുക്കി കൊണ്ടിരുന്ന മാനേജ്‌മെന്റ് ദൗർഭാഗ്യവശാൽ കീഴടങ്ങുകയാണ്.

ഇത്തരം 'പാഴ് ചെലവു'കൾ ഇല്ലാതാകുമ്പോൾ സംഭവിക്കുന്നതെന്ത് എന്ന മോഹനമായ പവർ പോയന്റ് പ്രസൻേറഷനുകൾ സ്വാഭാവികമായും അവരിൽ രോമാഞ്ചമുണ്ടാക്കിയിട്ടുണ്ടാവണം. കഴിഞ്ഞ 25-30 വർഷക്കാലം ഉത്തരേന്ത്യയിൽ തെണ്ടി നടന്നുണ്ടാക്കിയ പ്രവർത്തന പരിചയമൊന്നും ഡൽഹിയിലെ ഒരു ഓഫീസ് വാടക ലാഭിക്കുന്നതിനേക്കാളും വലുതല്ല എന്ന പുതിയ കാലത്തെ സത്യം വിനയത്തോടെ അംഗീകരിക്കുന്നു. ഗുഡ് ബൈ...

( മീഡിയാവൺ ന്യുസ് ചാനലിന്റെ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്ന ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)