- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തുടനീളം കർഷക കണ്ണീർദിന പ്രതിഷേധം: കർഷകർ നിയമം കൈയിലെടുക്കുന്ന സാഹചര്യം സർക്കാർ സൃഷ്ടിക്കുന്നു: രാഷ്ട്രീയ കിസാൻ മഹാസംഘ്
കൊച്ചി: പിറന്നുവീണ മണ്ണിൽ ജീവിക്കാൻവേണ്ടി കർഷകർ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ. വി സി.സെബാസ്റ്റ്യൻ. കേരളത്തിലെ വിവിധ കർഷകപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കർഷക നീതിനിഷേധത്തിനെതിരെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച കർഷക കണ്ണീർദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാതെ സംസ്ഥാന സർക്കാർ ഖജനാവ് കൊള്ളയടിച്ചു നടത്തുന്ന കർഷകദിനാചരണത്തിൽ കർഷകർക്ക് വിശ്വാസം നഷ്ടപ്പെട്ടു. വന്യമൃഗങ്ങളുടെ അക്രമത്തിലും, വനപാലകരുടെ പീഡനത്തിലും, റവന്യൂ വകുപ്പിന്റെ ക്രൂരതയിലും കർഷകജീവൻ നഷ്ടപ്പെടുമ്പോൾ മുഖം തിരിഞ്ഞുനിൽക്കുന്ന കൃഷിവകുപ്പും കർഷകരുടെ അന്തകരായി മാറി. കർഷകരുൾപ്പെടെ ജനവിഭാഗങ്ങളിൽ നിന്ന് നികുതി പിരിച്ച് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ശമ്പളവും പെൻഷനും കൊടുക്കാൻ മാത്രമായി ഒരു ഭരണം നാടിനാവശ്യമുണ്ടോയെന്ന് കർഷകർ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് പ്രതീക്ഷയേകുന്നു. കോവിഡ് 19ന്റെ നിയന്ത്രണങ്ങളുടെ മറവിൽ കർഷകവിരുദ്ധ നിയമങ്ങൾ നിർമ്മിച്ച് അടിച്ചേൽപ്പിച്ചുള്ള നീക്കം ഭാവിയിൽ വലിയ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്നും സർക്കാർ പദ്ധതികൾ കർഷകരിലെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ആയിരത്തിലേറെ കേന്ദ്രങ്ങളിൽ വിവിധ കർഷക സംഘടനകൾ കോവിഡ് നിയന്ത്രണങ്ങൾ മാനിച്ച് കർഷക കണ്ണീർ കൂട്ടായ്മ സംഘടിപ്പിച്ചു. പതിനായിരത്തോളം കർഷകർ സ്വഭവനങ്ങളിൽ പ്രതിഷേധ ഉപവാസം നടത്തി. വിവിധ ജില്ലകളിൽ നടന്ന ചടങ്ങുകൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബിനോയ് തോമസ്, മുതലാംതോട് മണി, വി.വി.അഗസ്റ്റിൻ, ഡിജോ കാപ്പൻ, കെ.വി.ബിജു, ജോയി കണ്ണഞ്ചിറ, അഡ്വ.ജോൺ ജോസഫ്, പി.റ്റി. ജോൺ, ജോയി നിലമ്പൂർ, ഷബീർ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസർഗോഡ്, രാജു സേവ്യർ, ഫാ.ജോസ് കാവനാടി, അഡ്വ. പി.പി ജോസഫ്, ജന്നറ്റ് മാത്യു, പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, വിളയോടി വേണുഗോപാൽ, സുരേഷ് കുമാർ ഓടാപന്തിയിൽ, ബേബി സഖറിയാസ്, കെ.ജീവാനന്ദൻ, കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി, ലാലി ഇളപ്പുങ്കൽ, ജിജി പേരകത്തുശേരി, ഔസേപ്പച്ചൻ ചെറുകാട്, വർഗീസ് മാത്യു നെല്ലിക്കൽ, യു.ഫൽഗുണൻ തുടങ്ങിയവർ നേതൃത്വം നൽകി.