പത്തനംതിട്ട: പത്തനംതിട്ടയിലെ കർഷകൻ വനപാലകരുടെ കസ്റ്റഡിയിൽവെച്ച് മരണപ്പെട്ടത് അന്വേഷിക്കുവാൻ സിബിഐയ്ക്ക് വിട്ടത് കർഷകസംഘടനകളുടെ കൂട്ടായ്മയുടെയും ശക്തമായ പോരാട്ടത്തിന്റെയും വിജയമാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

യുവകർഷകനായ മത്തായിയുടെ ദാരുണമായ അവസ്ഥ ഇനിയൊരു കർഷകനും ഉണ്ടാകരുതെന്നുള്ള ഉറച്ച തീരുമാനമാണ് കർഷകസംഘടനകളെ ഒന്നാകെ കോർത്തിണക്കി രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ ഉപവാസങ്ങളും, പത്തനംതിട്ടയിൽ ഏകദിന ഉപവാസവും പലദിവസങ്ങളായി സംഘടിപ്പിച്ചത്. ഉപവാസസമരത്തോടും പ്രക്ഷോഭത്തോടുമൊപ്പംതന്നെ നിയമപോരാട്ടങ്ങളിലേയ്ക്കും ഇറങ്ങിത്തിരിച്ച് ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് കക്ഷിചേരുകയുമുണ്ടായി.

നിരന്തരമുള്ള വനപാലകരുടെ കർഷകദ്രോഹത്തിന് അറുതിവരുത്താതെ കർഷകർക്ക് കേരളത്തിന്റെ മണ്ണിൽ ജീവിക്കാൻ പറ്റുന്നില്ലന്നുള്ള സാഹചര്യം സംജാതമായിരിക്കുന്നത് തിരിച്ചറിഞ്ഞുകൊണ്ടുള്ള കർഷകരോഷത്തിന്റെ വിജയമാണ് സിബിഐ അന്വേഷണം എന്ന് കർഷകസംഘടനകൾ കരുതുകയാണ്. ഈ പോരാട്ടം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഇതിന് കാരണക്കാരായ വനപാലകരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ നൽകുന്ന സാഹചര്യം സൃഷ്ടിക്കുന്നതുവരെ ഈ പോരാട്ടം കർഷകപ്രസ്ഥാനങ്ങൾ തുടരുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.