കൊച്ചി: കർഷകസംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബർ 8ലെ ഭാരതബന്ദ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കർഷക കരിദിനമായി പ്രതിഷേധിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്ൻ പറഞ്ഞു.

ദേശീയ കർഷകപ്രക്ഷോഭ നേതാവും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കൺവീനറുമായ ശിവകുമാർ കക്കാജി, ഡൽഹിയിലുള്ള കോർഡിനേറ്റർ കെ.വി.ബിജു, കേരളത്തിൽനിന്നും കർഷകപ്രക്ഷോഭത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രതിനിധികൾ എന്നിവരുമായി രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി നടത്തിയ വെബ് കോൺഫറൻസിനുശേഷമാണ് ഭാരത ബന്ദിൽ നിന്ന് കേരളത്തെ ഒഴിവാക്കാൻ തീരുമാനിച്ചത്.

ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന കാർഷിക കരിനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും ബദൽ നിയമത്തിനും സംസ്ഥാന സർക്കാർ തയ്യാറാകണം. പുത്തൻ കർഷകവിരുദ്ധ നിയമത്തിനുവേണ്ടി വാദിക്കുന്നവർ കുത്തകവ്യവസായികളും കൃഷിചെയ്യാത്തവരുമാണ്. കേരളത്തിലെ റബർ കർഷകരുടെ അവസ്ഥതന്നെ ഉദാഹരണമായിട്ടെടുത്താൽ റബറിന് വിപണിവില നിശ്ചയിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാരോ, റബർ ബോർഡോ, കർഷകരോ അല്ല, മറിച്ച് വ്യവസായികളാണ്. അതിനാലാണ് അന്താരാഷ്ട്ര വില ഉയർന്നിട്ടും ആഭ്യന്തരവിപണി തകരുന്നത്. ഈ ദുരവസ്ഥയാണ് ഇതര കാർഷികോല്പന്നങ്ങൾക്കും കേരളത്തിൽ വരുംനാളുകളിൽ സംഭവിക്കാനിരിക്കുന്നതെന്ന് കർഷകർ തിരിച്ചറിയണമെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിലെ കർഷകർ നേരിടുന്ന വന്യമൃഗശല്യം, പരിസ്ഥിതിലോലം തുടങ്ങി ഭുപ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നും വി സി,സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കേരളത്തിലെ വിവിധ കർഷകസംഘടനകൾ ഡിസംബർ 8ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കറുത്ത കൊടിയുയർത്തി പ്രതിഷേധ ഐക്യദാർഡ്യസമ്മേളനങ്ങളും പ്രകടനങ്ങളും പ്രാദേശികതലത്തിൽ സംഘടിപ്പിച്ച് ദേശീയ കർഷകപ്രക്ഷോഭത്തിൽ പങ്കുചേരുമെന്ന് സംസ്ഥാന ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.

വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ സമ്മേളനങ്ങൾക്ക് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാന്മാരായ വി.വി.അഗസ്റ്റിൻ, മുതലാംതോട് മണി, ഡിജോ കാപ്പൻ, പി.റ്റി. ജോൺ, കൺവീനർ ജോയി കണ്ണഞ്ചിറ, ഫാ.ജോസ് കാവനാടി, ജന്നറ്റ് മാത്യു, ജോസഫ് തെള്ളിയിൽ, പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി, യു.ഫൽഗുണൻ, അഡ്വ.ജോൺ ജോസഫ്, വിളയോടി വേണുഗോപാൽ, സുരേഷ് കുമാർ ഓടാപന്തിയിൽ, മാർട്ടിൻ തോമസ്, ബേബി സഖറിയാസ്, കെ.ജീവാനന്ദൻ, ജോയി നിലമ്പൂർ, ഷബീർ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസർഗോഡ്, രാജു സേവ്യർ, ഹരിദാസ് പാലക്കാട്, ഷുക്കൂർ കണാജെ, പി.ജെ.ജോൺ മാസ്റ്റർ, ജെയിംസ് പന്ന്യമാക്കൽ എന്നിവരുൾപ്പെടെ ദേശീയ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും.