- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2021 ൽ തരംഗമായി മാറിയ വീഡിയോകളിൽ മലയാളിച്ചുവടുകളും; ബിബിസിയുടെ ഇയർ എന്റിൽ ഇടം പിടിച്ച് റാസ്പുടിൻ നൃത്തം; വർഷാവസാനത്തിൽ വീണ്ടും ശ്രദ്ധനേടി റാസ്പുടിൻ ചലഞ്ചും ജാനകി ഓംകാറും നവീൻ റസാക്കും
2021 ൽ തരംഗമായി മാറിയ വീഡിയോകളിൽ ഇടംനേടി ജാനകി ഓംകാറും നവീൻ റസാക്കും അവരുടെ റാസ്പുടിൻ ഡാൻസും . മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും തങ്ങളുടെ ആശുപത്രി വേഷത്തിൽ നൃത്തം ചെയ്തത് വലിയ വിവാദവും അതിലും വലിയ തരംഗവുമായി മാറിയിരുന്നു. ബോണി എൺ ബാൻഡിന്റെ പ്രസിദ്ധമായ 'റാസ്പുടിൻ' ഗാനത്തിനാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികൾ നൃത്തച്ചുവടുകൾ പങ്കുവച്ചത്.
ഇരുവരുടെയും മതം വ്യത്യസ്തമായാതാണ് ചിലരെ ചൊടിപ്പിച്ചത്. ലൗ ജിഹാദും മതംമാറ്റവും ആരോപിച്ച് ഇരുവരെയും കാമുകീകാമുകന്മാരായി സങ്കൽപ്പിച്ചുമെല്ലാം ചിലയിടങ്ങളിൽ നിന്ന് വിവാദ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇതോടെ ഉണ്ടായത് ഇരുവരുടെയും ഡാൻസിന് കൂടുതൽ റീച്ച് കിട്ടിയെന്നതാണ്. മാത്രമല്ല, റാസ്പുഡിൻ ചലഞ്ചും ആരംഭിച്ചു. നിരവധി പേർ സമാന നൃത്തച്ചുവടുമായി റാസ്പുഡിൻ ഗാനത്തിന് ചുവടുവച്ച് ജാനകിക്കും നവീനും പിന്തുണ നൽകി. മെഡിക്കൽ വിദ്യാർത്ഥികളും ഇവരിൽ ഉൾപ്പെടും.
ഇൻസ്റ്റഗ്രാം റീലായി പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. പിന്നാലെ എത്തിയ വിദ്വേഷ പ്രചാരണങ്ങൾക്ക് നിരന്തരം ഡാൻസ് വീഡിയോകൾ പങ്കുവച്ചായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ വിവിധ ഹാൻഡിലുകൾ പ്രതികരിച്ചത്. യുഎന്നിന്റെ കൾച്ചറൽ റൈറ്റ്സ് സ്പെഷ്യൽ റാപ്പോർട്ടർ കരീമ ബെന്നൗൺസ് വൈറൽ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് പ്രസംഗത്തിനിടെ പരാമർശം നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ