- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാരനായി എന്നതു ഭാഗ്യമായി കാണുന്നു; ഇന്ത്യയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നതെന്നും രത്തൻ ടാറ്റ; 'ഭാരത് രത്ന ഫോർ രത്തൻ ടാറ്റ' കാമ്പയിൻ അവസാനിപ്പിക്കണമെന്നും ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ
ന്യൂഡൽഹി: 'ഭാരത് രത്ന ഫോർ രത്തൻ ടാറ്റ' എന്ന ഹാഷ്ടാഗിലുള്ള കാമ്പയിൻ ട്വിറ്ററിൽ ട്രെൻറിങ്ങായിരുന്നു. വെള്ളിയാഴ്ച മുതലാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റുകൾ നിറഞ്ഞത്. ഇന്ത്യൻ വ്യവസായ പ്രമുഖനും ടാറ്റ ട്രസ്റ്റിന്റെ ചെയർമാനുമായ രത്തൻ ടാറ്റക്ക് ഭാരത് രത്ന നൽകി ആദരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, തനിക്ക് ഭാരത് രത്ന നൽകണമെന്നാവശ്യപ്പെട്ട് നടക്കുന്ന കാമ്പയിനോട് പ്രതികരിക്കുകയാണ് സാക്ഷാൽ രത്തൻ ടാറ്റ. തനിക്കു ഭാരത രത്ന നൽകണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്നാണ് രത്തൻ ടാറ്റയുടെ ആവശ്യം. പ്രചാരണം നടത്തിയവരുടെ വികാരം മാനിക്കുന്നതായും എന്നാൽ ഇത് അവസാനിപ്പിക്കാൻ അഭ്യർഥിക്കുകയാണെന്നും രത്തൻ ടാറ്റ ട്വീറ്റ് ചെയ്തു.
''സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പുരസ്കാരവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണം നടത്തിയവരുടെ വികാരത്തെ മാനിക്കുന്നു. എന്നാൽ ഇത്തരമൊരു പ്രചാരണം അവസാനിപ്പിക്കണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. ഇന്ത്യക്കാരനായി എന്നതു ഭാഗ്യമായി കാണുന്നയാളാണ് ഞാൻ. ഇന്ത്യയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത്'' രത്തൻ ടാറ്റ പറഞ്ഞു. വ്യവസായി ഡോ. വിവേക് ഭിന്ദ്രയുടെ ട്വീറ്റോടെയാണ് രത്തൻ ടാറ്റയ്ക്കു ഭാരത രത്ന നൽകണമെന്ന പ്രചാരണം തുടങ്ങിയത്. ഒട്ടേറെപ്പേർ അതേ വികാരം പ്രകടിപ്പിക്കുകയും ഭാരത് രത്ന ഫോർ രത്തൻ ടാറ്റ എന്ന ഹാ്ഷ്ടാഗോടെ ക്യാംപയ്ൻ നടത്തുകയും ചെയ്യുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ബിസിനസുകാരിൽ ഒരാളാണ് രത്തൻ ടാറ്റ. രത്തൻ ടാറ്റയെ മറ്റ് വ്യവസായികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ മൂല്യങ്ങളാണ്. ബിസിനസ്സ് നടത്തുമ്പോൾ ദയയ്ക്കും സഹാനുഭൂതിക്കും അദ്ദേഹം മുൻഗണന നൽകുന്നു. 1937 ൽ ഗുജറാത്തിലെ സൂറത്തിലാണ് രത്തൻ ടാറ്റ ജനിച്ചത്. പിതാവിന്റെ പേര് നേവൽ ടാറ്റ, സൂനി ടാറ്റയാണ് അമ്മ. ടാറ്റാ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംസെറ്റ്ജി ടാറ്റയുടെ ദത്തുപുത്രനായിരുന്നു നേവൽ ടാറ്റ. 1962 ൽ തന്റെ 25-ാം വയസ്സിൽ ടാറ്റ ഗ്രൂപ്പിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് പഠനം പൂർത്തിയാക്കാൻ അദ്ദേഹം ഹാർവാർഡ് ബിസിനസ് സ്കൂളിൽ ചേർന്നു. കോർണൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആർക്കിടെക്ചറിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
ജെആർഡി ടാറ്റയ്ക്ക് ശേഷം 1991ൽ ടാറ്റ ഗ്രൂപ്പിന്റെ അഞ്ചാമത്തെ ചെയർമാനായി രത്തൻ ടാറ്റ സ്ഥാനമേറ്റു. ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ്സ് പുതിയ ഉയരത്തിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം നിരവധി സംരംഭങ്ങൾ നടത്തിയിട്ടുണ്ട്. ടാറ്റ ടെലി സർവീസസ് ആരംഭിച്ച അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച കാറായ ഇൻഡിക്ക കാർ രൂപകൽപ്പന ചെയ്യുകയും പുറത്തിറക്കുകയും ചെയ്തു. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ടെലികോം സേവന ദാതാവായിരുന്ന വിഎസ്എൻഎല്ലിനെ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
2008 ൽ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോ കാർ രൂപകൽപ്പന ചെയ്യുകയും പുറത്തിറക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് ആംഗ്ലോ-ഡച്ച് സ്റ്റീൽ നിർമ്മാതാക്കളായ കോറസ്, ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ, ബ്രിട്ടീഷ് ടീ കമ്പനിയായ ടെറ്റ്ലി എന്നിവ ഏറ്റെടുത്തപ്പോൾ ആഗോള തലത്തിൽ അംഗീകാരം ലഭിച്ചു.
വിജയകരമായ നിക്ഷേപകനെന്ന നിലയിലും രത്തൻ ടാറ്റ അറിയപ്പെടുന്നു. പ്രാരംഭ ഘട്ടത്തിലുള്ള പല സ്റ്റാർട്ടപ്പുകളിലും അദ്ദേഹം പണം നിക്ഷേപിച്ചിട്ടുണ്ട്. ഒല, പേടിഎം, കാർഡെക്കോ, ക്യൂർഫിറ്റ്, സ്നാപ്ഡീൽ, ഫസ്റ്റ് ക്രൈ, അർബൻ ലാഡർ, ലെൻസ്കാർട്ട് തുടങ്ങിയ വിജയകരമായ സ്റ്റാർട്ടപ്പുകളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.
While I appreciate the sentiments expressed by a section of the social media in terms of an award, I would humbly like to request that such campaigns be discontinued.
- Ratan N. Tata (@RNTata2000) February 6, 2021
Instead, I consider myself fortunate to be an Indian and to try and contribute to India's growth and prosperity pic.twitter.com/CzEimjJPp5
മറുനാടന് മലയാളി ബ്യൂറോ