സാധാരണയായി വിമാനത്തിൽ എക്കണോമി ക്ലാസിൽ സഞ്ചരിക്കുന്ന പലർക്കും ആഡംബര ഫസ്റ്റ് ക്ലാസ് ടിക്കറ്റ് പെട്ടെന്ന് താങ്ങുന്ന കാര്യമല്ല. അത് സാധാരണ സമൂഹത്തിലെ ഉന്നതർക്കും സെലിബ്രിറ്റികൾക്കും ബിസിനസുകാർക്കും മാത്രം സഞ്ചരിക്കാൻ കഴിയുന്നവയാണ്. എന്നാൽ സാധാരണയായി എക്കണോമി ക്ലാസിൽ സഞ്ചരിക്കുന്നവർക്കും 100000 രൂപയിൽ കുറഞ്ഞ ചാർജിൽ ആഡംബര ഫസ്റ്റ്ക്ലാസിൽ സഞ്ചരിക്കാൻ അവസരമൊരുക്കുന്ന ചില റൂട്ടുകളുണ്ട്. വെറും 65000 രൂപയ്ക്ക് പറക്കാൻ സാധിക്കുന്ന ഇത്തരത്തിലുള്ള ഒരു പ്രൈവറ്റ സ്യൂട്ട് അബുദാബിയിൽ നിന്നും മുംബൈയ്ക്കുണ്ട്. അതു പോലെ തന്നെ ദോഹയിൽ നിന്നും ബഹറിനിലേക്ക് വെറും 25000 രൂപയിൽ പറക്കാവുന്ന ആഡംബര സ്യൂട്ടുമുണ്ട്. എന്നാൽ ഇവയെല്ലാം ഹ്രസ്വദൂര ഫ്‌ലൈറ്റുകളാണെന്ന പോരായ്മയുണ്ട്. അതായത് ഇതിലെ ആഡംബരങ്ങളിൽ മുഴുകാൻ തുടങ്ങുമ്പോഴേക്കും ഇറങ്ങേണ്ടുന്ന സ്ഥലമെത്തിയിരിക്കുമെന്ന് സാരം. ഇത്തരത്തിൽ കുറഞ്ഞ സമയത്തേക്കാണെങ്കിലും കുറഞ്ഞ നിരക്കിൽ രാജാവിനെ പോലെ യാത്ര ചെയ്യാൻ മോഹിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന ഏതാനും കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്.

അബുദാബിയിൽ നിന്നും മുംബൈയ്ക്ക് 65000 രൂപ

ബുദാബിയിൽ നിന്നും മുംബൈയ്ക്ക് പ്രൈവറ്റ് സ്യൂട്ടിൽ 650 പൗണ്ടിന് പറക്കാനുള്ള അവസരമൊരുക്കുന്നത് എത്തിഹാദ് എയർവേസാണ്. ഇതിലെ ഫസ്‌ററ് ക്ലാസ് കാബിൻ രാജകീയമായ ഒരു യാത്രാനുഭവമാണേകുന്നത്. ഒരു കമേഴ്‌സ്യൽ ജെറ്റിലെ ആദ്യതെത പ്രൈവറ്റ് സ്യൂട്ടാണിതിൽ സജ്ജമാക്കിയിരിക്കുന്നത്. ഈ റൂട്ടിൽ എത്തിഹാദ് സാധാരണയായി എയർബസ് 380 ആണ് ഉപയോഗിക്കാറുള്ളത്. മൂന്ന് മണിക്കൂറാണ് യാത്രാ സമയം. ഇതിൽ ഒമ്പത് ഫസ്റ്റ് ക്ലാസ് സ്യൂട്ടാണുള്ളത്. ലെതർ ആം ചെയർ, 24 ഇഞ്ച് ടിവി സ്‌ക്രീൻ, കാബിനറ്റ്, ചിൽഡ് ഡ്രിങ്ക്‌സ്, ആറടി നീളമുള്ള 10 ഇഞ്ച് ബെഡ് എന്നിവ ഇതിലുണ്ടാകും. ഓരോ സ്യൂട്ടിലും വാനിറ്റി യൂണിറ്റും ഫുൾ ലെഗ്ത്ത് വാർഡോബുമുണ്ടാകും. ഇതിന് പുറമെ യാത്രക്കാർക്ക് ഒരു ഷവർ റൂമും ഹോട്ടലിന് സമാനമായ ആറ് സീറ്റുകളുള്ള ലോബിയും ലഭിക്കും.
മാഞ്ചസ്റ്ററിൽ നിന്നും മ്യൂണിച്ചിലേക്ക് 600 പൗണ്ട്

മാഞ്ചസ്റ്ററിൽ നിന്നും മ്യൂണിച്ചിലേക്ക് വെറും 60000 രൂപയിൽ പറക്കാൻ ആഗ്രഹിക്കുന്നുവോ..? എന്നാൽ സിംഗപ്പൂർ എയർലൈൻസ് അതിനുള്ള അവസരം നിങ്ങൾക്കായി ഒരുക്കുന്നുണ്ട്. ഇതിന്റെ ഫസ്റ്റ് ക്ലാസ് കാബിൻ ലോകത്തിലെ മികച്ച കാബിനുകളിലൊന്നാണ്. ഇതിൽ 35 ഇഞ്ചുള്ള കംഫർട്ടബിളായ ലെതർ സീറ്റുകളാണുള്ളത്. ഇവ ഫുള്ളി ഫ്‌ലാറ്റ് ബെഡായി മാറ്റാനും സാധിക്കും. ഇത് 90 മിനുറ്റ് ദൈർഘ്യം വരുന്ന യാത്രയാണ് സമ്മാനിക്കുന്നത്.സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയുള്ള സ്റ്റോപ്പ്ഓവറാണിത്.മാഞ്ചസ്റ്റർ മുതൽ സിംഗപ്പൂർ വരെ ഫസ്റ്റ്ക്ലാസിൽ സഞ്ചരിക്കാൻ 4000 പൗണ്ടാണ് വേണ്ടി വരുന്നത്. ബോയിങ് 777300ആർ എയർക്രാഫ്റ്റാണീ റൂട്ടിൽ പറത്തുന്നത്.

ഓക്ക്‌ലാൻഡിൽ നിന്നും സിഡ്‌നിയിലേക്ക് 70000 രൂപ

മിറേറ്റ്‌സിന്റെ ഫസ്റ്റ്ക്ലാസ് സ്യൂട്ടിലാണീ യാത്ര തരപ്പെടുന്നത്. ഇതിൽ സഞ്ചരിക്കുന്നവർക്ക് സ്വകാര്യ മുറിയിൽ അടച്ചിരുന്ന് വൈൻ അല്ലെങ്കിൽ ഷാംപയിൻ നുകരാൻ സാധിക്കും. തുടർന്ന് സിനിമ കാണാനും സാധിക്കും. രണ്ടര മണിക്കൂർ നീളുന്ന യാത്രക്കിടെ യാത്രക്കാർക്ക് എമിറേറ്റ്‌സിലെ എല്ലാ വിധ ആഡംബരസൗകര്യങ്ങളും ആസ്വദിക്കാനാവും. എയർബസ് 380ലായിരിക്കും യാത്ര.ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ ജെറ്റാണിത്. ഇതിലെ ഓരോ സ്യൂട്ടിലെയും സീറ്റ് ബെഡാക്കി മാറ്റാനാവും.
ദോഹയിൽ നിന്നും ബഹറിനിലേക്ക് 250 പൗണ്ട്

ദോഹയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന ബ്രിട്ടീഷ് എയർവേസിന്റെ വിമാനത്തിൽ ബഹറിനിലിറങ്ങാൻ 250 പൗണ്ട് കൊടുത്താൽ മതി. 30 മിനുറ്റാണ് യാത്രാ സമയം. ബോയിങ് 777 ലാണ് രാജകീയ സഞ്ചാരം. ലണ്ടനിലെ ഹീത്രോവിലേക്ക് ഇതിൽ സഞ്ചരിക്കാൻ 4000 പൗണ്ടിനടുത്ത് ചാർജ് വരും. ഇതിൽ യാത്രക്കാർക്ക് ഈ 30 മിനുറ്റിനിടെ ഫസ്റ്റക്ലാസ് മീലുകളൊന്നും ലഭിക്കില്ലെങ്കിലും പ്രൈവറ്റ് സ്യൂട്ടിലെ സീറ്റുകൾ ആറടി നീളവും ആറിഞ്ചുമുള്ള ബെഡാക്കി ഉപയോഗിക്കാനാവും. സോഫ്റ്റ് കോട്ടൻപൈജാമകൾ 200 പൗണ്ടിന് കുറച്ച് സമയം ഉപയോഗിക്കാം.

വിയന്നയിൽ നിന്നും സൂറിച്ചിലേക്ക് 30000 രൂപ

കൊറിയൻ എയറിന്റെ ഫസ്റ്റ്ക്ലാസ് കാബിനിലാണീ യാത്ര തരപ്പെടുന്നത്. പ്രൈവറ്റ് സ്യൂട്ടാണിതിലും ലഭിക്കുന്നത്. ഇതിലെ സീറ്റുകൽ ലൈഫ്‌ലാററ് ബെഡാക്കി മാറ്റാനാവും. ഒരു ഓട്ടാമൻ, സാധനം സൂക്ഷിക്കാൻ യഥേഷ്ടം സ്ഥലം, പോപ്പ് അപ്പ് റീഡിങ് ലൈറ്റ്, ഇഷ്ടം പോലെ ഷാംപയിൻതുടങ്ങിയവ ഇതിന്റെ ആകർഷണങ്ങളാണ്. ഒരു മണിക്കൂർ നേരമേ യാത്രാസമയമുള്ളൂ. ഈ യാത്ര റെയിൽ മാർഗം നിർവഹിച്ചാൽ എട്ട് മണിക്കൂറെടുക്കും.

ദുബായിൽ നിന്നും മസ്‌കറ്റിലേക്ക് 27500 രൂപ

സ്വിസ് ഇന്റർനാഷണൽ എയർലൈൻസിന്റെ ഫസ്റ്റ് ക്ലാസ് കാബിനിലാണീ യാത്ര. 45 മിനുറ്റാണ് യാത്രാ സമയം.ദൂബായിൽ നിന്നും സൂറിച്ചിലേക്കുള്ള വിമാനത്തിലാണീ യാത്ര തരപ്പെടുന്നത്. ഇതിന്റെ സെക്കൻഡ് ലെഗാണ് മസ്‌ക്കറ്റ്.എയർബസ് എ330 ആണ് വിമാനം. കുറഞ്ഞ സമയമാണെങ്കിലും യാത്രക്കാർക്ക് ആഡംബരങ്ങൾ അനുഭവിക്കാം. ആം ചെയറിൽ ഇരുന്ന് സിനിമ കാണാനും സീറ്റുകൾ ബെഡാക്കാനും സാധിക്കും.