- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷ് മരിക്കുന്നതിന് തൊട്ടുമുൻപ് വരെ ഒളിവിൽ കഴിഞ്ഞത് നാലാം പ്രതി ശ്രീരാഗിനൊപ്പം; കണ്ടെത്തൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ; ഇവരടക്കം കേസിലെ നാല് പ്രതികൾ തങ്ങിയത് ചെക്യാട് ഭാഗത്തെന്നും സൈബർ പൊലീസിന്റെ കണ്ടെത്തൽ;കേസിൽ അന്വേഷണം തുടരുന്നു
കണ്ണൂർ: പാനൂർ മൻസൂർ കൊലപാതകത്തിലെ രണ്ടാംപ്രതി രതീഷ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നതിന് തൊട്ടുമുൻപ് വരെ കഴിഞ്ഞത് കേസിലെ നാലം പ്രതി ശ്രീരാഗിനൊപ്പമായിരുന്നെന്ന് റിപ്പോർട്ട്. നാലാം പ്രതിയായ ശ്രീരാഗിനൊപ്പമാണ് രതീഷ് കഴിഞ്ഞിരുന്നതെന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വ്യക്തമായത്. ചെക്യാട് ഭാഗത്താണ് ഇരുവരും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
കേസിലെ നാലു പ്രതികളാണ് ചെക്യാട് ഭാഗത്താണ് ഒരുമിച്ചുണ്ടായിരുന്നത്. എങ്കിലും ശ്രീരാഗ് ആണ് കൂടുതൽ സമയവും രതീഷിനൊപ്പമുണ്ടായിരുന്നതെന്ന് സൈബർ പൊലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
സിപിഎം പ്രവർത്തകർ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങൾ അന്വേഷിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. പാനൂർ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന കാര്യം താൻ തുടക്കത്തിലേ ചൂണ്ടിക്കാട്ടിയതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
രതീഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണം. സിപിഎം പ്രതികളായ കൊലക്കേസുകളിൽ അസ്വാഭാവിക മരണങ്ങൾ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. കണ്ണൂരിലെ പല രാഷ്ട്രീയ കൊലക്കേസുകളിലേയും പ്രതികളുടെ മരണം ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലേയും പയ്യോളി മനോജ് വധക്കേസിലേയും പ്രതികൾ ട്രെയിൻ തട്ടി മരിച്ചു. അരിയിൽ ഷുക്കൂർ, ഫസൽ വധക്കേസ് പ്രതികൾ സമാനമായി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു. പരിശീലനം ലഭിച്ച സിപിഐഎം ഗുണ്ടകളാണ് നിഷ്ഠൂരമായ രാഷ്ട്രീയക്കൊലപാതകങ്ങൾ നടത്തുന്നത്. അവർ പൊലീസ് അന്വേഷണത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനുള്ള മൗഢ്യം കേരളീയ സമൂഹത്തിനില്ല. ഈ ദുരൂഹമരണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
രതീഷിന്റെ മരണം യാദൃശ്ചികമായി സംഭവിച്ചതെന്നാണ് കെ സുധാകരൻ എംപി രാവിലെ പറഞ്ഞത്. കേസിലെ പ്രതികൾ ഒരുമിച്ച് താമസിക്കുന്നതിനിടെ ഒരു പ്രാദേശിക നേതാവിനെ കുറിച്ചുള്ള രതീഷിന്റെ പരാമർശത്തിൽ പ്രകോപിതരായ പ്രതികൾ അദ്ദേഹത്തെ അക്രമിക്കുകയായിരുന്നുവെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ. ആക്രമണത്തിൽ രതീഷിന്റെ ബോധം പോയതോടെ മരത്തിൽ കെട്ടിതൂക്കുകയായിരുന്നുവെന്നും സുധാകരൻ ആരോപിച്ചു. പ്രതികൾ താമസിച്ച വളയത്തെ ഒരു പ്രാദേശിക പ്രവർത്തകനിൽ നിന്നാണ് ഈ വിവരം തനിക്ക് ലഭിച്ചതെന്നും അയാളുടെ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും എംപി വ്യക്തമാക്കി.
'മൻസൂർ വധകേസിൽ ഗൂഢാലോചനയുണ്ട്. രതീഷ് തൂങ്ങി മരിച്ചത് യാദൃശ്ചികമാണ്. മർദനമേറ്റിട്ടുണ്ട്. അതെല്ലാം യാദൃശ്ചിക സംഭവത്തിന്റെ ഭാഗമായിട്ടാണെന്നാണ് വൈകി വന്ന തെളിവുകളിൽ നിന്നും മനസിലാവുന്നത്. സംസാര മധ്യേ അദ്ദേഹം ഒരു നേതാവിനെകുറിച്ച് പറഞ്ഞു. അതിനോടുള്ള പ്രതികരണമാണ് രതീഷിനെതിരെ നടന്ന ആക്രമണം. പ്രതികൾ ഒരുമിച്ചാണ് താമസിക്കുന്നത്. അവിടെ വെച്ച് രതീഷ് ഒരു നേതാവിനെകുറിച്ച് നടത്തിയ പ്രകോപനപരമായ പരാമർശത്തിൽ പ്രകോപിതരായവർ രതീഷിനെ അക്രമിച്ചു.
അക്രമത്തിൽ ബോധംകെട്ടു. അയാളെ കെട്ടിതൂക്കി. ഇവർ ഒളിവിൽ താമസിച്ചത് വളയത്താണ്. തൂങ്ങിമരണമല്ല. ഈ പറയുന്ന നേതാവ് മൻസൂർ നേതാവിന്റെ ഗൂഢാലോചനയിൽ പങ്കുണ്ട്. പ്രാദേശിക നേതാവാണ്. ഇവർക്ക് വേണ്ടത്ര സംരക്ഷണം നൽകിയില്ലായെന്ന പരാമർശത്തിലാണ് പ്രകോപനം ഉണ്ടായത്. ഈ വിവരം ലഭിച്ചതിന്റെ കേന്ദ്രം വെളിപ്പെടുത്താൻ കഴിയില്ല. പിന്നെ അദ്ദേഹത്തിന് അവിടെ ജീവിക്കാൻ പറ്റില്ല.' കെ സുധാകരൻ പറഞ്ഞു.
പനോളി വത്സൻ എന്ന നേതാവാണ് മൻസൂർ വധക്കേസ് ആസൂത്രണം ചെയ്തതെന്ന ആരോപണത്തിൽ സുധാകരൻ ഉറച്ച് നിന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തെരഞ്ഞെടുപ്പ് ചുമതലയുള്ള സ്ഥലത്ത് അദ്ദേഹം എന്തുകൊണ്ട് വന്നില്ലെന്നും അദ്ദേഹം അവിടെ വന്നില്ലായെന്നതാണ് ഏറ്റവും സംശയാസ്പദമായ കാര്യമെന്നും സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ