തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്ന ദൃശ്യം മരത്തിൽ തൂങ്ങി കിടന്ന് പകർത്തുന്ന വിരുതനെയാണ് കഴിഞ്ഞ ദിവസം കാട്ടാക്കട പൊലീസ് പൊക്കിയത്. അതിസാഹസികമായിട്ടായിരുന്നു ഫോട്ടോ എടുക്കൽ. ഇയാൾ സ്ഥിരം ഫോട്ടോ എടുക്കൽ വിരുതനാണെന്നും പൊലീസ് പറയുന്നു.

പെൺകുട്ടി കുളിക്കുന്ന ചിത്രം പകർത്തിയ മെഡിക്കൽ കോളേജ് ജീവനക്കാരൻ കാട്ടാക്കട കഞ്ചിയൂർകോണം വടക്കേപാലന്തറ പുത്തൻകോണം വീട്ടിൽ രതീഷ് കുമാറാണ് (31) പിടിയിലായത്.പെൺകുട്ടിയുടെ വീടിന്റെ കുളിമുറിയോട് ചേർന്ന മരച്ചില്ലയിൽ കയറി മൊബൈലിൽ ദൃശ്യം പകർത്തിയെന്നാണ് പരാതി. കുളിമുറിയുടെ മുകളിൽ ശബ്ദം കേട്ടതോടെ പെൺകുട്ടി ബഹളമുണ്ടാക്കി. തുടർന്ന് വീടുകാർ ഇയാളെ പിടികൂടി കാട്ടാക്കട പൊലീസിന് കൈമാറുകയായിരുന്നു. ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മുമ്പും ഇയാളെപ്പറ്റി സമാന പരാതി ലഭിച്ചിട്ടുണ്ടെന്നും കാട്ടാക്കട സബ് ഇൻസ്പെക്ടർ സാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

സ്ഥലത്തെ പ്രധാന പ്രശ്നക്കാരിൽ ഒരാളാണ് രതീഷ് കുമാർ. സ്ത്രീ വിഷയങ്ങളിൽ ഇയാൾ അതീവ തൽപ്പരനായിരുന്നു. പ്രദേശത്തെ നിരവധി വീടുകളുടെ കുളുമുറികൾക്ക് സമീപം ഇയാൾ മൊബൈൽ ഫോണുമായി കറങ്ങി നടക്കുന്നത് കണ്ട നാട്ടുകാർ പല തവണ ഇയാളെ പിടികൂടുകയും താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടേതാണ്. മുൻപ് ഈ കുട്ടിയുടെ അമ്മ കുളിക്കുന്ന സമയത്ത് ഇയാൾ കുളിമുറിയുടെ സമീപം ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടി കുളിക്കാൻ കുളിമുറിയിൽ കയറുന്നത് ശ്രദ്ധയിൽ പെട്ട ഇയാൾ മൊബൈൽ ഫോണുമായി സമീപത്തെ മതിലിന് അടുത്ത് എത്തുകയും അടുത്തുള്ള മരത്തിൽ കയറി കുളിമുറിയിലേക്ക് തലയിട്ട് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയുമായിരുന്നു. ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് പെൺകുട്ടി വ്യക്തമായി കാണുകയും ചെയ്തു. തുടർന്ന് കുട്ടി അലറി വിളിച്ചതനുസരിച്ച് വീട്ടുകാരും നാട്ടുകാരും ഓടി കൂടുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസിന് പരാതിയതോടെ നൽകി അന്വേഷണം ആരംഭിക്കുകയും ചെയ്തു. പകൽ മുഴുവൻ അന്വേഷണം നടത്തിയിട്ടും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.

പുലർച്ചെ രണ്ട് മണിയോടെ ഇയാൾ സ്വന്തം വീട്ടിൽ എത്താൻ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാർ ഇയാളെ പിടികൂടുന്നതും പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനാണ് രതീഷ്. ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികൾ നാട്ടുകാർക്കിടയിലും പൊലീസിലും ഉണ്ട്. പല തവണ പിടിക്കപ്പെട്ടിട്ടും ഒരിക്കൽ പിടികൂടി നാട്ടുകാർ കെട്ടിയിട്ടിട്ടും രതീഷിന്റെ സ്വഭാവത്തിൽ കാര്യമായ ഒരു മാറ്റവും സംഭവിച്ചില്ല. സ്ഥിരം മദ്യപാനി കൂടിയായ ഇയാൾക്കെതിരെ നാട്ടിലെ പെണ്ണുങ്ങളെ കുളിക്കാൻ പോലും അനുവദിക്കാത്തവൻ എന്ന പേര് വന്നതോടെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോവുകയായിരുന്നു.

ഇയാളെ പിടികൂടിയ ശേഷം മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചു. നിരവധി അശ്ലില ദൃശ്യങ്ങളായിരുന്നു ഫോണിൽ. ഇതിന് പുറമെ രാവിലെ പകർത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങളും ഫോണിൽ ഉണ്ടായിരുന്നു. ഇത് പൊലീസ് നശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും മുൻപ് പല തവണ ഇത്തരം ശ്രമങ്ങൾ നടത്തുകയും ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഐപിസി 354സി, കേരള പൊലീസ് ആക്റ്റ് 119ബി, ഐടി ആക്റ്റ് 66ഇ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.