തിരുവനന്തപുരം: ലാലിസത്തിനായി ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിൽ നിന്ന് കോടികൾ വാങ്ങിയെന്ന വാർത്ത ശരിവച്ച് മ്യൂസിക് ബാൻഡിലെ പ്രധാനി രതീഷ് വേഗ രംഗത്ത്. എന്നാൽ ഈ തുകയിൽ നിന്ന് ചില്ലിക്കാശു പോലും മോഹൻലാൽ കൊണ്ടു പോയിട്ടില്ലെന്നാണ് രതീഷ് വേഗയുടെ നിലപാട്.

ട്രൂപ്പിന്റെ പെർഫോമൻസ് എന്നത് സെൽഫ് പ്രമോഷൻ അല്ലെന്നും ഇന്ത്യൻ സിനിമയ്ക്കുള്ള ട്രിബ്യൂട്ടാണെന്നും മോഹൻലാലിന് സർക്കാരിന്റെ ഒരു പൈസപോലും വേണ്ടെന്നും രതീഷ് പറയുന്നു. സച്ചിൻ വരുന്നതും ഒരു മ്യൂസിക് ബാൻഡിന്റെ പെർഫോമൻസുമായി താരതമ്യം ചെയ്യരുതെന്നും രതീഷ് ആവശ്യപ്പെടുന്നുണ്ട്. അതിനിടെ ദേശീയ ഗെയിംസിൽ ലാലിസത്തിനായി രതീഷ് വേഗയ്ക്ക് ചെലവാകുന്ന തുകയുടെ കണക്കുകൾ പുറത്തുവിടണമെന്ന ആവശ്യം സജീവാണ്. ഇതു ചെയ്താൽ ദേശീയ ഗെയിംസിന്റെ മറവിൽ ലാലിസം തട്ടിപ്പ് നടന്നിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്യും.

ഒരു സാധാരണ ഗാനമേള ട്രൂപ്പ് തുടങ്ങാൻ പോലും ലക്ഷങ്ങൾ ചെലവ് വരുമെന്ന് അറിയാവുന്നവരാണ് മലയാളികൾ. മോഹൻലാലിന്റെ നേതൃത്വത്തിൽ കോടികൾ മുടക്കി മ്യൂസിക്ക് ബാൻഡ് തുടങ്ങുന്നതിനേയും ആരും എതിർത്തില്ല. എന്നാൽ 2 കോടി രൂപ വാങ്ങി ബാൻഡിനായുള്ള മുഴുവൻ സാങ്കേതിക ഉപകരണങ്ങളും വാങ്ങാനായി രണ്ട് കോടി രൂപ ലാലിസം ബാൻഡ് വാങ്ങുന്നത് വൻ വിവാദമായിരുന്നു. മറുനാടൻ മലയാളിയാണ് ദേശീയ ഗെയിംസിന്റെ മറവിലുള്ള ഈ തട്ടിപ്പ് പുറത്തുകൊണ്ട് വന്നത്. എന്നാൽ യഥാർത്ഥ വസ്തുതകളോട് ഇപ്പോഴും കൃത്യതയോടെ പ്രതികരിക്കാൻ രതീഷ് വേഗ തയ്യാറായിട്ടില്ല. പ്രമുഖ പത്രത്തിന്റെ ഓൺലൈൻ പതിപ്പിൽ വന്ന രതീഷ് വേഗയുടെ അഭിമുഖം അതുകൊണ്ട് തന്നെ പുതിയ വിവാദങ്ങൾക്ക് വഴിവയ്ക്കും.

സംഗീതത്തിന്റെ മാസ്മരികതയിൽ കാണികളെ കൈയിലെടുക്കുന്ന ഉഷാ ഉതുപ്പിന് പോലും ഒരു മ്യൂസിക്കൽ പരിപാടിക്ക് പത്ത് ലക്ഷം രൂപ നൽകിയാൽ മതിയാകും. എംജിശ്രീകുമാറിനും ഗാനമേള അവതരിപ്പിക്കാൻ അഞ്ച് ലക്ഷം രൂപയാണ് നൽകേണ്ടത്. ഹരിഹരന് അഞ്ച് ലക്ഷം രൂപ നൽകിയാൽ മതി. റിഹേഴ്‌സലുമൊന്നുമില്ലാതെ സമയത്ത് വന്ന് പാടി മടങ്ങുന്ന പ്രതിഭയാണ് ഹരിഹരൻ. ഇത്തരം പ്രതിഭകൾക്ക് നൽകാനാണ് ലാലിസത്തിന്റെ പേരിൽ രണ്ട് കോടി വാങ്ങിയതെന്ന സൂചനയാണ് രതീഷ് വേഗയുടെ അഭിമുഖത്തിലുള്ളത്. എന്നാൽ ലാലിസത്തിന്റെ അണിയറ പ്രവർത്തകർക്കുൾപ്പെടെ ഒരു ദിവസത്തെ പ്രതിഫലവും യാത്രാച്ചെലവും നൽകാനമായി ഇരുപത് ലക്ഷത്തിൽ താഴെ മാത്രമേ ചെലവാകൂ എന്നാണ് സംഗീത രംഗത്തെ തന്നെ പ്രമുഖരുടെ വാദം. അതുകൊണ്ട് തന്നെ ദേശീയ ഗെയിംസിൽ നിന്ന് രണ്ട് കോടി നേടിയെടുത്തിട്ടുണ്ടെങ്കിൽ അത് കടന്ന കൈയാണെന്നാണ് വാദം.

സംഭവങ്ങളുടെ നിജസ്ഥിതി അറിയാതെയാണ് ആളുകൾ വിവാദം സൃഷ്ടിക്കുന്നതെന്ന് ബാൻഡിന്റെ ഫൗണ്ടർ കൂടിയായ സംഗീത സംവിധായകൻ രതീഷ് വേഗ പറയുന്നു. സംഭവത്തിൽ മോഹൻലാൽ ഏറെ ദുഃഖിതനാണ്. മോഹൻലാൽ എന്ന വ്യക്തിയെ അടുത്തറിയാത്തവരാണ് ഈ വിവാദങ്ങൾക്കു പിന്നിൽ. ദേശീയ ഗെയിംസ് പാനലിൽ ഒരു പറ്റം മണ്ടന്മാരല്ല ഇരിക്കുന്നതെന്ന് ആരോപണം ഉന്നയിക്കുന്നവർ മറന്നുപോകുന്നു. കൃത്യമായ കണക്കും കാര്യവുമില്ലാതെ ആരെങ്കിലും വാരിക്കോരി കാശു കൊടുക്കുമോ? മോഹൻലാൽ വ്യക്തിപരമായി ഒരു കാശുപോലും വാങ്ങിയിട്ടില്ല. ബാൻഡ് ട്രൂപ്പിന്റെ ഫീസ് മാത്രമാണ് ഞങ്ങൾ ഈടാക്കിയതെന്നാണ് അഭിമുഖത്തിൽ രതീഷ് വേഗ പറയുന്നത്

ഞങ്ങളുടെ ബാൻഡ് ട്രൂപ്പിൽ എം.ജി. ശ്രീകുമാർ, സുജാത, കാർത്തിക്, ഹരിഹരൻ, അൽക്കാ യാഗ്‌നിക്, ഉദിത് നാരായണൻ തുടങ്ങി നിരവധി ഗായകരുണ്ട്. അവരൊക്കെ ട്രൂപ്പിനുവേണ്ടി പാടാൻ വരുന്നവരാണ്. അവരുടെ യാത്രയ്ക്കും പ്രാക്ടീസിനും താമസത്തിനുമൊക്കെ ചെലവില്ലേ. അതൊക്കെ സൗജന്യമാക്കി കൊടുക്കാൻ കഴിയുമോ? ട്രൂപ്പിലെ മറ്റ് അംഗങ്ങൾക്കും അവരുടെ ശമ്പളം കൊടുക്കേണ്ട? റൺ കേരള റണ്ണിന്റെ പരിപാടിയിൽ ഉടനീളം ഒരു പൈസപോലും വാങ്ങാതെയാണ് മോഹൻലാൽ പങ്കെടുത്തത്. വിവാദം ഉന്നയിക്കുന്നവർ അക്കാര്യമൊക്കെ മറന്നുപോവുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ വിവാദങ്ങൾ പടച്ചുവിടുകയാണെന്നും രതീഷ് വേഗ പറയുന്നു.

ഈ സാഹചര്യത്തിലാണ് സുതാര്യത ഉറപ്പാക്കാൻ ദേശീയ ഗെയിംസിനായി ലാലിസത്തിന് ചെലവായതിന്റെ കണക്കുകൾ പുറത്തു വിടുമോ എന്ന ചോദ്യമുയരുന്നത്. ഇത് ചെയ്താൽ എല്ലാം സുതാര്യമാകും. മോഹൻലാൽ പണം തട്ടിയെന്ന ആരോപണവും അകലും.