തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള കാർഡ്) ഉടമകൾക്ക് ഈമാസം പത്തുകിലോ അരി അധികമായി നൽകുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഏഴുകിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപ നിരക്കിലുമാകും വിതരണം ചെയ്യുക. പൊതുവിപണിയിൽ കിലോയ്ക്ക് 30 രൂപ വിലയുള്ള അരിയാണ് ഇത്തരത്തിൽ വിതരണം ചെയ്യുക എന്ന് മന്ത്രി വ്യക്തമാക്കി.

അനാഥാലയങ്ങളിലെ അന്തയവാസികൾക്ക് അഞ്ച് കിലോ അരികൂടി നൽകും. നീലക്കാർഡ് ഉടമകൾക്ക് പതിനഞ്ചു രൂപ നിരക്കിൽ മൂന്നു കിലോ അരി അധികമായി നൽകും. കേരളത്തിനുള്ള പച്ചരി, പുഴുക്കലരി അനുപാതം 50:50 ആക്കി. എഫ്‌സിഐയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത് എന്നും മന്ത്രി പറഞ്ഞു.

വെള്ളകാർഡുകൾക്ക് ഡിസംബറിൽ അഞ്ചുകിലോയും നവംബറിൽ നാലുകിലോയും അരിയായിരുന്നു ലഭിച്ചിരുന്നത്. മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമില്ല. സംസ്ഥാനത്ത് നവംബറിൽ 17.2 ലക്ഷം കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ലെന്നാണ് കണക്ക്. ഡിസംബറിലും ഇതുതന്നെയാണ് അവസ്ഥ.