- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൗഫ് ഷെരീഫിന് വൻതോതിൽ വിദേശ ഫണ്ട് എത്തി; മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വഴി 2.21 കോടിയുടെ ഇടപാടുകൾ നടന്നു; ലോക്ഡൗൺ സമയത്ത് വിദേശത്തുനിന്നടക്കം അക്കൗണ്ടിലേക്ക് എത്തിയത് 49 ലക്ഷം രൂപ; ഈ പണം സംശയകരമാണെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ; അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി 14 ദിവസത്തേക്ക് റിമാൻഡിൽ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. റൗഫിനെ കള്ളപ്പണം വെളിപ്പിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് അടക്കം വൻതോതിൽ വിദേശഫണ്ട് ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയെന്ന് ഇഡി റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റൗഫ് ഷെരീഫിലൂടെയാണ് സംഘടനയ്ക്ക് പണം എത്തുന്നതെന്നും ഇത് സംശയകരമാണെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ റൗഫ് ഷെരീഫിനെ കൊല്ലം, അഞ്ചലിലെ വീട്ടിൽ എത്തിച്ച് പരിശോധനകൾ പൂർത്തീകരിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇയാളുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചിരുന്നു. രണ്ട് വർഷത്തിനിടെ ഈ അക്കൗണ്ടുകൾ വഴി 2.21 കോടിയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
ലോക്ഡൗൺ സമയത്ത് വിദേശത്തുനിന്നടക്കം 49 ലക്ഷം രൂപയാണ് ഇയാളുടെ രണ്ട് അക്കൗണ്ടുകളിലേക്ക് വന്നിരിക്കുന്നത്. ഈ പണം സംശയകരമാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഹോട്ടലാവശ്യത്തിന് എന്ന പറഞ്ഞാണ് വിദേശത്തുനിന്ന് രണ്ടുപേർ 29 ലക്ഷം രൂപ റൗഫിന് അയച്ചുകൊടുത്തത്. എന്നാൽ ഈ സമയത്ത് ഹോട്ടലുകളൽ പ്രവർത്തിച്ചിരുന്നില്ലെന്നും ഇതടക്കം സംശയകരമായ ഇടപാടുകളാണ് റൗഫിന്റേതെന്നും ഇഡി പറയുന്നു.
കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ബാങ്ക് അക്കൗണ്ടില്ലെന്നും എല്ലാ ഇടപാടുകളും റൗഫ് ഷെരീഫാണ് നടത്തുന്നതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഹാഥ്റസിലേക്ക് പോകുന്നതിന് സംഘടനയുടെ ദേശീയ ട്രഷറർക്ക് പണം നൽകിയത് റൗഫാണ്. മാധ്യമപ്രവർത്തകമായ സിദ്ദിഖ് കാപ്പൻകൂടി ഹാഥ്റസിലേക്ക് വരുന്നുണ്ടെന്ന് സംഘത്തെ അറിയിച്ചതും റൗഫാണെന്നാണ് ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഹാഥ്റസിലേക്ക് പോയ സംഘവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്. സിദ്ദിഖ് കാപ്പന്റെ അടക്കം മൊഴി റിപ്പോർട്ടിലുണ്ട്. ഹാഥ്റസിലേക്ക് പോയ സംഘത്തിന് പോകുന്നതിനുള്ള പണമടക്കം നൽകിയത് റൗഫാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നിൽ അടക്കം നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നാണ് ഇഡി പറയുന്നത്.
ഹാഥ്റസ് സംഭവവുമായി ബന്ധപ്പെട്ട് അടക്കം നടത്തിയ പരിശോധനയാണ് അറസ്റ്റിൽ എത്തിനിൽക്കുന്നത്. റൗഫ് ഷെരീഫിനെ ഇഡി പലവട്ടം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും പലകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടയിൽ മസ്കറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോൾ ഇമിഗ്രേഷൻ പരിശോധനയ്ക്ക് തൊട്ടുമുമ്പായിരുന്നു ഡൽഹിയിൽനിന്നുള്ള ഇ.ഡി. ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
മസ്കറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോൾ ഇമിഗ്രേഷൻ പരിശോധനയ്ക്ക് തൊട്ടുമുമ്പായിരുന്നു ഡൽഹിയിൽനിന്നുള്ള ഇ.ഡി. ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ ഏഴരയ്ക്കുള്ള സലാം എയർവേസിൽ മസ്കറ്റിലേക്കുള്ള യാത്രയ്ക്കായി എത്തിയ റൗഫ് ബാഗേജ് പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഇമിഗ്രേഷൻ പരിശോധനയ്ക്കായി പോകുന്നതിനിടെയാണ് ഒരു ഇ.ഡി. ഉദ്യോഗസ്ഥനെത്തി റൗഫിനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം മലയാളി മാധ്യമപ്രവർത്തകൻ ഉൾപ്പെടെ അറസ്റ്റിലായ സംഭവത്തിനുപിന്നാലെ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരേ റൗഫ് ഷെരീഫ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. എതിർശബ്ദങ്ങളെ അടിച്ചമർത്താനാണ് യോഗി ആദിത്യനാഥ് സർക്കാർ ശ്രമിക്കുന്നതെന്ന് റൗഫ് ഷെരീഫ് അന്ന് ആരോപിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് തിരുവനന്തപുരത്തുനിന്ന് റൗഫ് ഷെരീഫ് കസ്റ്റഡിയിലായത്.
അതേസമയം ഇഡിയുടേത് അതിരുകടന്ന നടപടിയെന്ന് കാംപസ് ഫ്രണ്ട് പ്രതികരിച്ചു. റഊഫ് ശരീഫിനെ ഇ ഡി അറസ്റ്റ് ചെയ്തത് രാജ്യത്ത് കേന്ദ്ര ഏജൻസികൾ സംഘ്പരിവാറിന് വേണ്ടി നടത്തുന്ന മുസ്ലിം വേട്ടയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടിയും ആരോപിച്ചു. ഹാഥ്റസ് സംഭവത്തിൽ രാജ്യത്തെമ്പാടുമുയർന്ന സംഘ്പരിവാർ വിരുദ്ധ വികാരത്തെ മറച്ചുപിടിക്കാനുള്ള ഗുഢനീക്കം കൂടിയാണിത്. പത്രപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ ഹഥ്റസിലേക്കുള്ള യാത്രയിൽ റഊഫ് സഹായിച്ചു എന്ന ന്യായമാണ് ഇ ഡി ഉയർത്തുന്നത്.
പൗരത്വ പ്രക്ഷോഭത്തിൻന്റെ മുൻനിരയിലുള്ള ഷർജീൽ ഉസ്മാനി, ഷർജിൽ ഇമാം, ആസിഫ് ഇഖ്ബാൽ തൻഹ, ഉമർ ഖാലിദ് തുടങ്ങി നിരവധി വിദ്യാർത്ഥി നേതാക്കളെ വേട്ടയാടിയതിന്റെ തുടർച്ച തന്നെയാണ് റഊഫിന്റെ അറസ്റ്റും. അന്യായമായ അറസ്റ്റിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണം. റഊഫ് ശരീഫിനെ നിരുപാധികം വിട്ടയക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ