- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഖമില്ലാത്ത രവീന്ദ്രനെ പിണറായി പക്ഷം വിട്ടുകൊടുക്കില്ല; ചോദ്യം ചെയ്യലിൽ നിന്നും അതിവിശ്വസ്തനെ മാറ്റി നിർത്തുന്നത് യച്ചൂരിയെ പരസ്യമായി വെല്ലുവിളിക്കാൻ; മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറിയെ പരസ്യമായി പിന്തുണച്ച് മന്ത്രി കടകംപള്ളി; രവീന്ദ്രൻ രഹസ്യങ്ങളുടെ കലവറയെന്ന് മുല്ലപ്പള്ളി; വോട്ടെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; ഇനി നിർണ്ണായകം എന്റഫോഴ്സ്മെന്റ് നീക്കം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ സത്യസന്ധനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രവീന്ദ്രനെ സുഖമില്ലാത്തതുകൊണ്ട് തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതിനിടെ രവീന്ദ്രനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന വാദവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും എത്തി. രവീന്ദ്രന്റെ അസുഖം രാഷ്ട്രീയ ചർച്ചയാകുമെന്നാണ് സൂചന. അതിനിടെ രവീന്ദ്രൻ വീണ്ടും ചോദ്യം ചെയ്യലിന് എത്താത്ത സാഹചര്യത്തെ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസി കാണുന്നത്. കോടതിയുടെ അനുമതിയോടെ രവീന്ദ്രനെ അറസ്റ്റ് ചെയ്യുന്നതും പരിഗണനയിലാണ്.
രവീന്ദ്രൻ മൂന്നാമതും ആശുപത്രിയിൽ പ്രവേശിച്ചത് സിപിഎം ഉന്നത നേതൃത്വത്തിന്റെ അനുമതിയോടെയാണ്. വോട്ടെടുപ്പു ദിനത്തിൽ തന്നെയുള്ള ചോദ്യംചെയ്യൽ ഒഴിവാക്കണമെന്നു സിപിഎം ആഗ്രഹിക്കുന്നു. രവീന്ദ്രനു വ്യാധിയോ അതോ, ആധിയോ എന്ന ചോദ്യമാണു പ്രതിപക്ഷത്തിന്റേത്. കേന്ദ്ര നേതൃത്വത്തെ ഇത് അലോസരപ്പെടുത്തുന്നുണ്ട്. എങ്കിലും രവീന്ദ്രനെ വിട്ടു കൊടുക്കേണ്ടെന്നാണ് കേരളത്തിലെ ഉന്നത നേതാക്കളുടെ തീരുമാനം. ഇഡി പിൻവാങ്ങില്ലെന്ന് അറിയാമെങ്കിലും മൂന്നാംഘട്ട വോട്ടെടുപ്പ് കഴിയുന്ന 14 വരെയെങ്കിലും ചോദ്യംചെയ്യൽ നീട്ടിക്കൊണ്ടു പോകണമെന്നാണ് ഇടതു കേന്ദ്രങ്ങൾ വിചാരിക്കുന്നത്. തദ്ദേശത്തിൽ തിരിച്ചടിയുണ്ടാകാതിരിക്കാനാണ് ഇത്.
അതിനിടെയാണ് രവീന്ദ്രനെ പിന്തുണച്ച് കടകംപള്ളി എത്തുന്നത്. രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. രവീന്ദ്രൻ വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനാണ് ശ്രമമെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നും കടകംപള്ളി പറഞ്ഞു. രവീന്ദ്രന് അസുഖമാണെന്ന നിലപാടിലാണ് കടകംപള്ളി. അസുഖമാണെന്നും ബോധപൂർവ്വം മാറി നിൽക്കില്ലെന്നും കടകം പള്ളി പറഞ്ഞു. ഇതിനിടെയാണ് രവീന്ദ്രന്റെ അസുഖം നാടകമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചത്. രവീന്ദ്രനെ ഇഡിയിൽ നിന്ന് മാറ്റി നിർത്തുന്നത് മുഖ്യമന്ത്രിയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. സിപിഎം രവീന്ദ്രൻ തെളിവുകളുടെ ഉറവിടമാണെന്നും സ്വപ്നയുടെ ശബ്ദ സന്ദേശത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പരമമായ രഹസ്യങ്ങൾ രവീന്ദ്രന് അറിയാമെന്നും മുല്ലപ്പള്ളി പറയുന്നത്. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരിക്കെ സി.എം. രവീന്ദ്രനെ മൂന്നാമതും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം കോവിഡിനും പിന്നീട് കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾക്കുമായിരുന്നു അദ്ദേഹം ചികിത്സതേടിയത്. ഈ രണ്ടുഘട്ടങ്ങളിലും അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.
ദേഹാസ്വാസ്ഥ്യവും തലവേദനയും ക്ഷീണവും ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച മെഡിക്കൽ കോളേജിൽ എത്തിയ അദ്ദേഹത്തിന് കിടത്തിച്ചികിത്സ നിർദേശിച്ചതായി മെഡിക്കൽകോളേജ് അധികൃതർ അറിയിച്ചിരുന്നു. ഇന്ന് കൂടുതൽ പരിശോധന നടത്തും. മെഡിക്കൽ ബോർഡും ചേരും. അതിന് ശേഷമേ നാളെ രവീന്ദ്രൻ ചോദ്യം ചെയ്യലിന് എത്തൂവെന്ന് ഉറപ്പിക്കാനാകൂ. ഇതാണ് വിവാദങ്ങൾക്ക് ഇട നൽകുന്നത്. മെഡിസിൻ വാർഡിലാണ് രവീന്ദ്രനുള്ളത്. ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ ഐസിയുവിലേക്ക് മാറ്റും. അല്ലെങ്കിൽ ഡിസ്ചാർജ്ജ് ചെയ്യും. നാളെ ഏതായാലും ചോദ്യം ചെയ്യലിന് രവീന്ദ്രൻ എത്തില്ലെന്നാണ് സൂചന.
ഒൻപത് ജില്ലകളിൽ ഇനിയും തദ്ദേശ വോട്ടെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ വിവാദങ്ങളിൽ ശ്വാസംമുട്ടുകയാണ് സർക്കാരും സിപിഎമ്മും. സ്വർണക്കടത്ത് കേസിൽ ഉന്നതനുണ്ടെന്നും പേര് വെളിപ്പെടുത്താതിരിക്കാൻ തനിക്കുമേൽ ഭീഷണിയുണ്ടെന്നും കാണിച്ച് സ്വപ്ന സുരേഷ് കോടതിയിൽ കൊടുത്ത മൊഴികളാണ് സർക്കാരിന്റെ ഉറക്കം കെടുത്തുന്നത്. .രവീന്ദ്രൻ മൂന്നാംതവണയും ആശുപത്രിയിൽ പ്രവേശിച്ചതും സർക്കാരിന് നാണക്കേടുണ്ടാക്കി. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ച, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിലായാൽ പാർട്ടിക്കും സർക്കാരിനുമുണ്ടാകുന്ന തിരിച്ചടി ചെറുതല്ല.
ഇതു മുന്നിൽക്കണ്ടാണ് ഇഡിയുടെ ചോദ്യം ചെയ്യലിൽനിന്നു രക്ഷപ്പെടാൻ മൂന്നാംതവണയും രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഭയം തേടിയതെന്നു വ്യക്തം. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു ചിന്തിക്കുന്നവരാണു പാർട്ടിയിലെയും മുന്നണിയിലെയും ബഹുഭൂരിപക്ഷവും. കോവിഡാനന്തര ചികിത്സയുടെ പേരിൽ ഒളിച്ചുകളിക്കുന്ന രവീന്ദ്രനെ ഇഡി എങ്ങനെ നേരിടുമെന്നതും നിർണായകം. ഏതായാലും ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം എടുക്കുന്ന നിലപാട് നിർണ്ണായകമാകും.
ഇതിനിടയിലാണ് സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സ്വപ്നയുടെ മൊഴി. സ്വർണക്കടത്ത് കേസിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നും ജയിലിലെത്തിയ ആൾ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന കോടതിയിൽ പറഞ്ഞത്. അട്ടക്കുളങ്ങര ജയിലിൽവന്നു സ്വപ്നയെ ഭീഷണിപ്പെടുത്തിയതാരെന്നുള്ള അന്വേഷണം വരുംദിവസങ്ങളിലുണ്ടാകും.
സ്വർണക്കടത്തിൽ ഉന്നതനുണ്ടെന്ന രഹസ്യമൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും. ഭരണതലത്തിൽ നിർണായക സ്വാധീനമുള്ളയാളാണ് ഉന്നതനെന്ന് സൂചനകൾ പുറത്തുവന്നതോടെ പ്രതിപക്ഷവും ബിജെപിയും തിരഞ്ഞെടുപ്പിൽ ആയുധമാക്കിക്കഴിഞ്ഞു. കേന്ദ്ര ഏജൻസികൾക്കെതിരെ സമരം പ്രഖ്യാപിച്ചും യുഡിഎഫ്- ബിജെപി ഒത്തുകളി ആരോപിച്ചുമുള്ള സിപിഎം പ്രതിരോധം ഇതോടെ കൂടുതൽ ദുർബലമായെന്നാണു വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ