കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യലിൽ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. സി എം രവീന്ദ്രന്റെ ഹർജി നിലനിൽക്കില്ലെന്ന ഇഡി വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ചോദ്യം ചെയ്യുന്നതിന്റെ പേരിൽ ഇ.ഡി കൂടുതൽ സമയം തടഞ്ഞുവെക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യവും സി.എം. രവീന്ദ്രൻ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു. ചോദ്യംചെയ്യുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി അപക്വമാണെന്നും നിലനിൽക്കുന്നതല്ലെന്നും എൻഫോഴ്‌സുമെന്റ് ഡയറക്ടറേറ്റും വാദിച്ചു.

ഇരുപക്ഷത്തിന്റെ വാദം പൂർത്തിയായതിനെത്തുടർന്ന് ജസ്റ്റിസ് വി.ജി. അരുൺ ഹർജി വിധിപറയാൻ വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷിക്കുന്ന കള്ളപ്പണക്കേസിൽ രവീന്ദ്രൻ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരായിരുന്നു.