കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസിൽ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കേസുകളിൽ പ്രതിയാക്കില്ലെന്ന് പ്രാഥമിക സൂചന. രവീന്ദ്രനെ ഇഡി ഇന്നലെ 8 മണിക്കൂർ ചോദ്യം ചെയ്തു. രാവിലെ 11നു തുടങ്ങിയ ചോദ്യം ചെയ്യൽ 7 മണിയോടെ അവസാനിച്ചു. സ്വർണ്ണ കടത്തു കേസിൽ അതിനിർണ്ണായകമായ പല വിവരങ്ങളും രവീന്ദ്രൻ കൈമാറിയെന്നാണ് സൂചന. ഇതെല്ലാം മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനെതിരാണ്. ഈ സാഹചര്യത്തിലാണ് സാക്ഷിയാക്കുന്നത്.

കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ രവീന്ദ്രനെ പതിമൂന്നും പതിനൊന്നും മണിക്കൂർ ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും ചികിത്സാ ആവശ്യങ്ങൾക്കു വേണ്ടി 2 ദിവസത്തെ സാവകാശം ചോദിച്ചു രവീന്ദ്രൻ ഇഡിക്ക് ഇമെയിൽ അയച്ചിരുന്നു. എന്നാൽ ഇന്നലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഇക്കാര്യം പുറത്താരും അറിഞ്ഞതുമില്ല. 3 ദിവസത്തെ ചോദ്യം ചെയ്യലിൽ രവീന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ രഹസ്യമായി സൂക്ഷിക്കാനാണ് അന്വേഷണ സംഘത്തിനു മേലധികാരികൾ നൽകിയിരിക്കുന്ന നിർദ്ദേശം.

ശിവശങ്കറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രവീന്ദ്രനെ സാക്ഷിയാക്കുന്ന കാര്യത്തിൽ നിയമോപദേശം തേടി. സാക്ഷിയാക്കിയാലും രവീന്ദ്രന്റെ ബിനാമി ഇടപാടുകളെപ്പറ്റി അന്വേഷണം തുടരും. ശിവശങ്കറിന്റെ ഇടപാടുകളെപ്പറ്റി രവീന്ദ്രൻ നിർണായക മൊഴി നൽകിയതോടെയാണിത്. സ്വർണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തിയതു ശിവശങ്കറാണെന്നു രവീന്ദ്രൻ മൊഴി നൽകി. സ്വപ്നയ്ക്കു സെക്രട്ടേറിയറ്റിൽ വേണ്ടത്ര സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും അതു ശിവശങ്കറിന്റെ ആളെന്ന നിലയിലായിരുന്നുവെന്നും രവീന്ദ്രൻ മൊഴി നൽകി.

ഇരുവരെയും പ്രതിയാക്കിയാൽ ശിവശങ്കറിനെതിരായ കേസിൽ ശക്തമായ സാക്ഷിയില്ലാതാവും. അതിനാലാണു സാക്ഷിയാക്കാൻ ആലോചിക്കുന്നത്. ശിവശങ്കറിന്റെ പല ഇടപാടുകളെപ്പറ്റി അറിവുണ്ടെങ്കിലും രവീന്ദ്രനു നേരിട്ടു പങ്കില്ലെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. രവീന്ദ്രന്റെ രണ്ടാംഘട്ട ചോദ്യംചെയ്യൽ ഇന്നും തുടരും. രവീന്ദ്രനെ പ്രധാന സാക്ഷിയാക്കി 27 നകം കുറ്റപത്രം നൽകാനാണു നീക്കം. ശിവശങ്കറിന്റെ ജാമ്യഹർജിയിൽ അടുത്ത മാസം നാലിനു ഹൈക്കോടതി വിധി പറയാനിരിക്കയാണ്. ജാമ്യം തടയാനാണു കുറ്റപത്രം നൽകുന്നത്.

ഇതോടെ ജാമ്യം ലഭിക്കാനുള്ള സാധ്യത അടയും. തനിക്കു കാൻസർ രോഗബാധ രണ്ടാംഘട്ടത്തിലേക്കു കടന്നതായി സംശയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ശിവശങ്കർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതും കേസിനെ സ്വാധീനിക്കുമെന്നാണ് സൂചന.