- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാമാരിയുടെ മറവിൽ പ്രവാസി മുതലാളി നടത്തിയത് സംഘടിത വേതന മോഷണം; മലയാളിയായ ശതകോടീശ്വരന്റെ നീതി നിഷേധത്തിനെതിരെ സെക്രട്ടറിയേറ്റ് മാർച്ചിന് പുറപ്പെട്ട പ്രവാസികളെ കൊല്ലത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത് സമരം പൊളിച്ച് ചിന്നക്കട പൊലീസ്! ഈ ഇടപെടൽ തീർത്തും ലജ്ജാകരം; രവി പിള്ളയുടെ മുമ്പിൽ പിണറായിക്ക് മുട്ട് വിറയ്ക്കുമ്പോൾ
കൊല്ലം: പ്രവാസി ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന നോർക്ക റൂട്ട്സിന്റെ ഡയറക്ടർ പദവിയിലിരുന്നു കൊണ്ട് പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയുമാണ് പ്രവാസി വ്യവസായി രവി പിള്ളയെന്നാണ് ഈ പാവങ്ങളുടെ ആരോപണം. അത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് അവർ പ്രതിഷേധിക്കാൻ എത്താനിരുന്നത്. എന്നാൽ മുതലാളിയുടെ കരുത്ത് ഈ ജോലി നഷ്ടപ്പെട്ട പ്രവാസികളെ കൊല്ലത്തു വച്ചേ പൊലീസ് കസ്റ്റഡിയിലാക്കി. തിരുവനന്തപുരത്തേക്ക് പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ ബസിൽ വരികയായിരുന്നവരെ ചിന്നക്കട പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. അങ്ങനെ പ്രവാസിക്ക് വേണ്ടി പിണറായിയുടെ പൊലീസ് പുതിയ ചരിത്രവും കുറിക്കുകയാണ്.
സൗദിയിലെ നാസ്സർ അൽ ഹാജ്രി കമ്പനിയിലെ മുൻ തൊഴിലാളികൾ ആർ.പി ഗ്രൂപ്പിന്റെ കൊല്ലം ഓഫീസിന് പുറത്ത് ആഴ്ചകൾക്ക് മുമ്പ് പ്രതിഷേധിച്ചിരുന്നു. വർഷങ്ങളായി ജോലി ചെയ്തിരുന്ന 163 തൊഴിലാളികളാണ് കമ്പനി സേവന ആനുകൂല്യങ്ങൾ നൽകാത്തത്തിന്റെ പേരിൽ പ്രതിഷേധത്തിനായി എത്തിയത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ പ്രതിഷേധം വാർത്തയാക്കിയില്ല. ശതകോടീശ്വരനായ ആർപി ഗ്രൂപ്പിന് മുന്നിലെ പ്രതിഷേധം ആയതു കൊണ്ടാണ് ഇതെന്ന് എല്ലാം നഷ്ടപ്പെട്ടവരും കരുതുന്നു. എങ്കിലും സമരം മുമ്പോട്ട് കൊണ്ടു പോകാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
കൊല്ലത്തെ പ്രതിഷേധം മറുനാടൻ വാർത്തയാക്കിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരമെത്തിയാൽ കൂടുതൽ മാധ്യമങ്ങൾ ഇത് വാർത്തയാക്കുമോ എന്ന ഭയം ഉണ്ടാവുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ചിന്നക്കട സിഗ്നലിൽ നിർത്തി ഇട്ടിരുന്ന ബസ് ചിന്നക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സമരത്തിന് നേതൃത്വം കൊടുക്കുന്ന അനിലും കൂട്ടരും വന്ന ബസാണ് കസ്റ്റഡിയിൽ എടുത്തത്. അങ്ങനെ രവി പിള്ളയ്ക്കെതിരായ സമരം പൊളിക്കാൻ സർക്കാരും പൊലീസും ശതകോടീശ്വരന് വേണ്ടി ഓടിയെത്തി. ഇത് സംസ്ഥാന ചരിത്രത്തിൽ തന്നെ അത്യപൂർവ്വമാണ്.
സെക്രട്ടറിയേറ്റ് മാർച്ചിന് തിരുവനന്തപുരത്ത് പൊലീസ് അനുമതി നൽകിയില്ല. ഇതോടെ തിരുവനന്തപുരത്ത് കേരളത്തിന്റെ പല ഭാഗത്ത് നിന്നെത്തിയ പ്രവാസികൾ നിരാശരായി മടങ്ങി. കൊല്ലത്ത് നിന്നുള്ളവരെ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തതിനാൽ കടുത്ത നടപടികൾ ഇനിയും പ്രതിഷേധക്കാർ പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും സമരവുമായി മുമ്പോട്ട് പോകാനാണ് തീരുമാനം. ഭാവി പരിപാടികൾ കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കോവിഡ് കാലത്ത് ഇന്ത്യക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് സൗദി കമ്പനിയുടെ നടപടി നേരത്തെ തന്നെ ചർച്ചയായിരുന്നു. സൗദി അറേബ്യയിലെ അൽ-ഖോബാർ കേന്ദ്രമായുള്ള നാസ്സർ എസ് അൽ-ഹജ്രി കോർപറേഷനിൽ ജോലി ചെയ്തവരെയാണ് കോവിഡ് മറവിൽ ആനുകൂല്യം പോലും നൽകാതെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ജോലി നഷ്ടമായത് മലയാളികൾ അടക്കം 286 ഇന്ത്യക്കാർക്കാണ്. അർഹമായ ആനുകൂല്യങ്ങൾ നൽകാതെ മടക്കി അയച്ചതിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് നിവേദനം നൽകിയിരുന്നു. എങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ പ്രതിഷേധത്തിന് പാവങ്ങൾ തീരുമാനിച്ചത്.
രവി പിള്ളയുടെ നേതൃത്വത്തിലാണ് ഈ കമ്പനിയും പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൊല്ലത്തേക്ക് പ്രതിഷേധം എത്തിയത്. തൊഴിലാളികൾക്കായി അന്താരാഷ്ട്ര അഭിഭാഷക സംഘടനയായ ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സിന്റെ (എൽബിബി) ഇന്ത്യ ചാപ്റ്റർ ആണ് പരാതികൾ നൽകിയത്. സൗദി അറേബ്യയിലെ തൊഴിൽ നിയമമനുസരിച്ചു ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ആനുകൂല്യത്തിന് അർഹരാണിവർ. ഈ ആനുകൂല്യം ലഭ്യമാകുന്നതിന് നിയമനടപടികളടക്കം സഹായം നൽകാൻ സൗദിയിലെ ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകണമെന്ന് എൽബിബി ഇന്ത്യ ചാപ്റ്റർ കൺവീനർ അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ നിവേദനത്തിൽ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.
ആർപി ഗ്രൂപ്പിന്റെ ഓഫീസിന് മുന്നിലെ സമരത്തിലും ആനുകൂല്യങ്ങൾ വേണമെന്ന ആവശ്യമാണ് ഉയർന്നത്. കമ്പനി പ്രതിനിധിയായി എത്തിയ വ്യക്തി പരാതിക്കാരുമായി സംസാരിച്ചു. വർഷങ്ങളായി തങ്ങൾ രാപകൽ കഷ്ടപ്പെട്ടതിന്റെ ആനുകൂല്യങ്ങൾ നൽകാത്ത പക്ഷം ഫെബ്രുവരി 10 ന് സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധ മാർച്ച് നടത്തുമെന്നും. തുടർന്ന് ആർ.പി ഗ്രൂപ്പിന്റെ ഓഫീസിലും ഉടമയുടെ വീടിനുമുൻപിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും തൊഴിലാളികൾ വ്യക്തമാക്കി. അതിന് ശേഷം അവർ പിരിഞ്ഞു പോയി. മുൻ നിശ്ചയ പ്രകാരം ഇന്ന് ബസ് ബുക്ക് ചെയ്ത് എല്ലാം നഷ്ടപ്പെട്ടവർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധത്തിനായി പുറപ്പെട്ടു.
കൊറോണ മഹാമാരിയെ മറയാക്കി നൂറുകണക്കിന് മലയാളികളുൾപ്പടെ ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെയാണ് നിയമപരമായ ആനുകൂല്യങ്ങളൊന്നും നൽകാതെ രവി പിള്ള ഉടമസ്ഥനായ സൗദി കമ്പനി (ചടഒകോർപ്പറേഷൻ) പിരിച്ചുവിട്ടത ്.ഇതിനെതിരെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 500 ഓളം വരുന്ന തൊഴിലാളികളുടെ പരാതികൾ ഇന്ത്യൻ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രിയുൾപ്പടെ 11 ഓളം മുഖമന്ത്രിമാർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ എംബസി തുടങ്ങിയവർക്ക് നൽകിയിട്ട് 4 മാസത്തിലേറെയായെങ്കിലും അനുകൂല നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. പതിറ്റാണ്ടുകളോളം രവി പിള്ളയുടെ സ്ഥാപനത്തിനായി വിദേശത്ത് ജോലി ചെയ്ത നൂറുകണക്കിന് തൊഴിലാളികൾ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യയുടെ വക്കിലാണ്.
ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 2021 ജനുവരി 30 ന് കൊല്ലത്തുള്ള രവി പിള്ളയുടെ ഓഫീസിനു പുറത്ത് വഞ്ചിക്കപ്പെട്ട 163 തൊഴിലാളികൾ സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ ഇന്ന് രവി പിള്ളയുടെ വഞ്ചനക്കിരയായ തൊഴിലാളികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താനാ.ിരുന്നു പദ്ധതി ഇട്ടത്. തുടർന്നും നീതി ലഭിച്ചില്ലെങ്കിൽ മൂന്നാം ഘട്ടത്തിൽ രവി പിള്ളയുടെ കൊല്ലത്തെ വസതിക്കു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കാനാണ് സമരസമിതി തീരുമാനം. രവി പിള്ളയുടെ കമ്പനിയിലെ മുൻ ജീവനക്കാരും തട്ടിപ്പിന്റെ ഇരകളുമായ കേരളത്തിന്റെയും തമിഴ്നാടിന്റെയും വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചാണ് ആസൂത്രണം ചെയ്ത്.
കോവിഡ് മഹാമാരിയെ മറയാക്കി നടന്ന സംഘടിത വേതനമോഷണത്തിനെതിരെ പ്രവാസി തൊഴിലാളികൾ നടത്തുന്ന പ്രതിഷേധം എന്നാൽ മുതലാളിക്കൊപ്പം പിണറായി സർക്കാരിനും ആലോസരമാണ്. അതുകൊണ്ടാണ് സമരത്തിന് പുറപ്പെട്ടവരെ കൊല്ലത്തു വച്ചു തന്നെ അറസ്റ്റ് ചെയ്യുന്നത്. ഡൽഹി കർഷക സമരത്തെ നേരിടാൻ മോദി സർക്കാർ എടുക്കുന്ന നിലപാടുകൾ ഇവിടേയും പ്രതിഫലിക്കുന്നു. പ്രതിഷേധക്കാർക്ക് അതിനുള്ള സാഹചര്യം ഒരുക്കി നീതി ഉറപ്പാക്കേണ്ട സർക്കാരാണ് മുതലാളിക്കൊപ്പം കൂടി പാവങ്ങളെ വഞ്ചിക്കുന്നത്.
11 സംസ്ഥാനങ്ങളിൽ നിന്നായി നിരവധി തൊഴിലാളികളാണ് സാമ്പത്തിക അനുകൂല്യങ്ങൾ തട്ടിച്ച കമ്പനിക്കെതിരെ നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വേതന മോഷണമുൾപ്പടെയുള്ള സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ എൽബിബി ജൂലൈയിൽ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി ഉന്നയിക്കപ്പെട്ടാൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വിദേശ രാജ്യങ്ങളിലെ തൊഴിൽ തർക്കങ്ങളുൾപ്പെടെ പരിഹരിക്കാൻ സംവിധാനമുണ്ടെന്ന് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇതിനനുസൃതമായ ഇടപെടൽ വിദേശകാര്യമന്ത്രാലത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇതാണ് നടക്കാതെ പോകുന്നത്. രവി പിള്ളയുടെ സ്വാധീനത്തിന്റെ കരുത്താണ് ഇതിന് കാരണമെന്നാണ് പ്രതിഷേധക്കാരുടെ പരാതി.
188 മലയാളികളും ബീഹാർ(39) തമിഴ്നാട്(38),യുപി(17),ഒഡീഷ(4) എന്നിവിടങ്ങളിൽനിന്നുള്ള പ്രവാസി തൊഴിലാളികളുമാണ് വഞ്ചിക്കപ്പെട്ടത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും നിവേദനം നൽകി. റിക്രൂട്ട്മെന്റ് ഏജന്റുമാർവഴി വിസയ്ക്കു പണം നൽകി നേടിയ ജോലി നഷ്ടപ്പെട്ടവരിൽ 27 വർഷംവരെ അവിടെ ജോലിചെയ്തവരുമുണ്ട്. ഇവരെല്ലാം തന്നെ 50 വയസോ അതിലധികമോ പ്രായമുള്ളവരുമാണെന്ന് പ്രതിഷേധക്കാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ