- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കീഴതിൽ ഗണപതി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയും റാവീസ് ഗ്രൂപ്പിന് വേണം; ക്ഷേത്ര വസ്തുവിനൊപ്പം ഐറ്റിഡിസി ആർക്കും നൽകാത്ത 18 ഏക്കറും റീസർവ്വേയിലൂടെ കൈയേറാൻ നീക്കമെന്ന് ആരോപണം; കോവളത്ത് രവി പിള്ളയ്ക്ക് എതിരെ വീണ്ടും ആക്ഷൻ കൗൺസിൽ; പ്രവാസി മുതലാളിക്കായി വീണ്ടും കള്ളക്കളികളോ?
തിരുവനന്തപുരം: കോവളത്തെ കീഴതിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ വസ്തുവിൽ ശതകോടീശ്വരനായ പ്രവാസി വ്യവസായി രവിപിള്ള കണ്ണു വയ്ക്കുന്നതായി പരാതി. നേരത്തെ കോവളം കൊട്ടാരം ഏറ്റെടുക്കാനുള്ള രവി പിള്ളയുടെ ശ്രമം പ്രതിഷേധങ്ങളെ തുടർന്ന് പൊളിഞ്ഞിരുന്നു. സർക്കാരിന്റെ ഒത്താശയിൽ നടന്ന നീക്കങ്ങൾ പുറത്തു കൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു. കൊട്ടാരം കൈയടക്കാനുള്ള ശ്രമം പൊളിഞ്ഞതോടെ ക്ഷേത്ര വക ഭൂമിയിലേക്ക് കണ്ണു വയ്ക്കുകയാണ് രവി പിള്ളയുടെ ആർപി ഗ്രൂപ്പ് എന്നാണ് ഉയരുന്ന പരാതി.
കൊട്ടാരം രാജഭരണ കാലത്ത് ഗണപതി ക്ഷേത്രത്തിനായി നൽകിയ ഭൂമിയാണ് സ്വാധീനം ഉപയോഗിച്ച് നേടാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് കോടതിയിൽ കേസും ഉണ്ട്. ഈ കേസിൽ തീരുമാനം വരും മുമ്പ് റീസർവ്വേയുടെ മറവിൽ ഈ ഭൂമി റാവീസ് ഹോട്ടലിന്റേതാക്കാനാണ് നീക്കം. ഇതിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിലും രൂപീകരിച്ചു കഴിഞ്ഞു. കോടതി ഉത്തരവ് വരും വരെ തൽസ്ഥിതി തുടരണമെന്നതാണ് ആവശ്യം. റീ സർവ്വേയിലൂടെ ക്ഷേത്ര ഭൂമി കൈയേറാനുള്ള ശ്രമത്തിന് സർക്കാർ പിന്തുണയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് ആക്ഷൻ കൗൺസിൽ പരാതിയും നൽകി.
ഇടതു സർക്കാരിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് രവി പിള്ള. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ആർപി ഗ്രൂപ്പിൽ വൈസ് പ്രസിഡന്റായിരുന്നു. ഈ അടുപ്പമാണ് കോവളം കൊട്ടാര കൈമാറ്റത്തിനുള്ള നീക്കത്തിന് പിന്നിലെന്ന ആരോപണം സജീവമായിരുന്നു. നാട്ടുകാരുടെ ഇടപെടലോടെ ഇത് പിണറായി സർക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. കോവളം കൊട്ടാര വിഷയത്തിൽ മുൻ മുഖ്യമന്ത്രി കൂടിയായ വി എസ് അച്യുതാനന്ദൻ എടുത്ത നിലപാടും ഇതിന് കാരണമായി. ഈ സാഹചര്യത്തിലാണ് ഗണപതിക്ഷേത്ര ഭൂമിയിൽ റാവീസ് ഗ്രൂപ്പ് കണ്ണു വയ്ക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
നേരത്തെ കോവളം ഐറ്റിഡിസിയോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് ക്ഷേത്രത്തിന് രാജ കുടുംബം നൽകിയിരുന്നത്. ഐറ്റിഡിസി ഹോട്ടലിന് 65 ഏക്കർ സ്ഥലമാണ് അന്നുണ്ടായിരുന്നത്. ക്ഷേത്രത്തിന് ഒരു ഏക്കർ 43 സെന്റ് സ്ഥലവും. 2003ൽ 40 ഏക്കർ സ്ഥലം കോവളം ഹോട്ടലിന് വിറ്റു. ആദ്യം ഗൾഫാർ ഗ്രൂപ്പും അതുകഴിഞ്ഞ് ലീലാ ഗ്രൂപ്പും കോവളം ഹോട്ടൽ കൈവശപ്പെടുത്തി. 2015ൽ റാവീസ് ഗ്രൂപ്പും ഉടമസ്ഥരായി എത്തി. അന്ന് തന്നെ ക്ഷേത്രത്തിന്റെ മുൻ വശത്തുള്ള സ്ഥലം അവരുടേതാണെന്ന് കാട്ടി റാവീസ് ഗ്രൂപ്പ് നെയ്യാറ്റിൻകര കോടതിയിൽ ഹർജി നൽകി. ഈ കേസിൽ ഇനിയും തീർപ്പുണ്ടായിട്ടില്ല. ഇതിനിടെയാണ് റീ സർവ്വേയിലൂടെ ഈ വസ്തു തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതെന്ന് ക്ഷേത്ര കമ്മറ്റി സെക്രട്ടറി രാമചന്ദ്രൻ ആരോപിക്കുന്നു.
അടുത്ത കാലത്തായി സർക്കാരിനെ സ്വാധീനിച്ച് സർവ്വേ ഡിപ്പാർട്ട്മെന്റിനെ കൊണ്ട് ഐറ്റിഡിസിക്ക് ബാക്കിയുള്ള 18 ഏക്കറും ക്ഷേത്രത്തിന്റെ ഒരു ഭാഗം ഭൂമിയും ഹോട്ടൽ ഗ്രൂപ്പിന്റെ പട്ടയത്തിൽ ഉൾപ്പെടുത്തി രേഖ ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായും ക്ഷേത്ര കമ്മറ്റി സെക്രട്ടറി പറയുന്നു. മന്ത്രി സഭയുടെ കാലാവധി തീരും മുമ്പ് കൃത്യമായി പട്ടയം ഉണ്ടാക്കി എടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ക്ഷേത്ര കമ്മറ്റി ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കളക്ടർക്ക് പരാതി നൽകിയത്. ഈ നീക്കത്തിനെതിരെ പ്രത്യക്ഷ സമരം തുടങ്ങുമെന്നും ആക്ഷൻ കൗൺസിൽ നേതാവ് കൂടിയായ രാമചന്ദ്രൻ മറുനാടനോട് പറഞ്ഞു.
നെയ്യാറ്റിൻകര സിവിൽ കോടതിയിൽ കേസുള്ള കാര്യം മറച്ചു വച്ചാണ് റാവീസ് ഗ്രൂപ്പിന്റെ നീക്കമെന്ന് കളക്ടർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു. എൺപത് വർഷത്തിൽ അധികമായി ക്ഷേത്രം ഉപയോഗിക്കുന്ന ഭൂമിയാണ് ഇത്. റീ സർവ്വേ നീക്കങ്ങൾ മനസ്സിലാക്കി ക്ഷേത്ര കമ്മറ്റി സെക്രട്ടറി കഴിഞ്ഞ വർഷം ജൂണിൽ തന്നെ തഹസിൽദാർക്ക് കത്തു നൽകിയിരുന്നു. എല്ലാ വിശദാംശങ്ങളും അടങ്ങിയ ഈ കത്ത് അവണിച്ചു കൊ്ണ്ടാണ് ക്ഷേത്ര ഭൂമി റാവീസ് ഗ്രൂപ്പിന് കൈമാറാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം.
ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി അടക്കം ഈ കൈയേറാൻ ശ്രമിക്കുന്ന ഭൂമിയിലാണുള്ളതെന്നും ആരോപണം ഉണ്ട്. ക്ഷേത്രാചാര പ്രകാരമുള്ള വാവു ബലി തർപ്പണവും പിതൃബലി തർപ്പണവും തുടങ്ങിയവയും ഈ വസ്തുവിലാണ് നടക്കുന്നത്. ഈ വസ്തുവാണ് റാവീസ് ഗ്രൂപ്പ് നോട്ടമിടുന്നതെന്ന് ക്ഷേത്ര കമ്മറ്റി കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.