തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിയെ കുടുക്കിയ വഞ്ചനാ കേസ് ഒത്തുതീർപ്പിലേക്ക്. കേസും വഴക്കുമൊന്നുമായി ഇത് മാറില്ല. ബിനോയിയും രാഹുൽ കൃഷ്ണയുമായി ഇതു സംബന്ധിച്ച ധാരണയായെന്നാണ് സൂചന. 13 കോടി നൽകി തലവേദന ഒഴിവാക്കാൻ സഹായിക്കാമെന്ന് പ്രവാസി വ്യവസായി രവി പിള്ള അറിയിച്ചിട്ടുണ്ട്. രവി പിള്ളയുടെ കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ബിനോയ് കോടിയേരി. ഈ സാഹചര്യത്തിലാണ് രവി പിള്ള സഹായ വാഗ്ദാനം നൽകുന്നത്. കോടിയേരിയുമായും രവിപിള്ള ഫോണിൽ സംസാരിച്ചതായി സൂചനയുണ്ട്. സിപിഎം നേതൃത്വത്തേയും രവി പിള്ള കാര്യങ്ങൾ അറിയിച്ചു കഴിഞ്ഞു.

ഇതോടെ നിയമ നടപടികൾ ദുബായിലെ കമ്പനി അവസാനിപ്പിക്കുമെന്നാണ് സൂചന. രാഹുൽ കൃഷ്ണ സ്‌പോൺസറോട് ഇതു സംബന്ധിച്ച് ചർച്ച നടത്തും. അതിന് ശേഷം എല്ലാ കാര്യത്തിലും അന്തിമ തീരുമാനം എടുക്കും. അതിനിടെ സഹായ വാഗ്ദാനവുമായി മറ്റൊരു പ്രവാസിയായ യൂസഫലിയും രംഗത്ത് വന്നു. എന്ത് സഹായത്തിനും ഒപ്പമുണ്ടാകുമെന്നാണ് യൂസഫലി നൽകിയ വാഗ്ദാനം. അതിനിടെ വിവാദത്തിൽ ഇനിയും പിണറായി വിജയൻ പരസ്യമായി നിലപാട് വിശദീകരിച്ചിട്ടില്ല. ഇന്നലെ കോടിയേരിയുമായി പിണറായി ചർച്ച നടത്തിയിരുന്നു. എന്തുകൊണ്ട് ഈ വിവാദത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. ഇത് തന്നെയാണ് സിപിഎം കേന്ദ്രങ്ങൾ ഇപ്പോഴും ചർച്ചയാക്കുന്നത്.