കൊച്ചി : കൊച്ചി പഴയ കൊച്ചിയല്ല. മയക്കുമരുന്നിന്റേയും പെൺവാണിഭത്തിന്റേയും കേന്ദ്രമാണ് ,കൊച്ചിയെന്നാണ് പുറത്തു വരുന്ന വാർത്തകൾ നൽകുന്ന സൂചന. അതിവേഗ വികസനത്തിലേക്ക് കുതിക്കുമ്പോഴും കൊച്ചിയെ ഭരിക്കുന്നത് ഇന്ന് അധോലോകമാണ്. ഓസ്‌ട്രേലിയയിൽ ഇരുന്ന് ഇന്ത്യയെ നിയന്ത്രിക്കുന്ന അധോലോക നായകൻ രവി പൂജാരിക്ക് പോലും കൊച്ചിയിൽ വേരുകളുണ്ട്. നടി ലീന മറിയാ പോളിന്റെ ബ്യൂട്ടി പാർലറിലെ ആക്രമണമാണ് ഇതെല്ലാം പുറത്തു കൊണ്ടു വരുന്നത്. കൊച്ചിയിൽ ഗുണ്ടാ സംഘങ്ങളുടെ കരുത്ത് കൂട്ടുംവിധം അധോലോക ഇടപെടൽ ഉണ്ടെന്ന തെളിവുകൾ പൊലീസിനും കിട്ടിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കടവന്ത്രയിലെ ബ്യൂട്ടി സലൂണിലെ വെടിവയ്പു കേസിന്റെ അന്വേഷണം അധോലോക കുറ്റവാളി രവി പൂജാരിയിലേക്കു കേന്ദ്രീകരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളെ കൂടെക്കൂട്ടി രവി പൂജാരി 'ക്രൈം സിൻഡിക്കറ്റ്' രൂപീകരിച്ചതായും രഹസ്യവിവരമുണ്ട്. വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ഇവരുടെ നീക്കം. സലൂൺ വെടിവയ്പിൽ കൊച്ചിയിലെ പ്രാദേശിക ഗുണ്ടാത്തലവന്റെ സഹകരണം രവി പൂജാരിക്കു ലഭിച്ചതായും പൊലീസിനു വിവരം ലഭിച്ചു. ഈ ഗുണ്ടാത്തലവന്റെ നീക്കമെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വെടിവയ്പു നാടകത്തിനു മുൻപുള്ള ദിവസങ്ങളിൽ ലീനയുടെ ബ്യൂട്ടി സലൂൺ സന്ദർശിച്ചവരുടെ നീക്കങ്ങളും പൊലീസ് പരിശോധിക്കും.

കേസിലെ പരാതിക്കാരിയായ നടി ലീന അവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും പൊലീസിനോടു വെളിപ്പെടുത്താത്തതാണ് അന്വേഷണത്തിനുള്ള പ്രധാന തടസ്സം. മുബൈ പൊലീസിന്റെ കുറ്റാന്വേഷണ രേഖകൾ പ്രകാരം രവി പൂജാരി ഇപ്പോൾ ഓസ്‌ട്രേലിയയിൽ ഒളിവിലാണ്. ദാവൂദ് ഇബ്രാഹിമിന്റെ ഡികമ്പനിയെ ഭയപ്പെട്ടാണു രവി പൂജാരി മുംബൈയിൽ നിന്ന് മുങ്ങിയത്. ദാവൂദിനെതിരായ നീക്കങ്ങളിൽ മുംബൈ പൊലീസ് ഇയാളെ ഉപയോഗപ്പെടുത്തിയിരുന്നു. ഇതോടെയാണു രവി പൂജാരി ഡികമ്പനിയുടെ നോട്ടപ്പുള്ളിയായത്. അതിനിടെ അധോലോക കുറ്റവാളി രവി പൂജാരിയെന്നു പരിചയപ്പെടുത്തി നടി ലീന മരിയ പോളിനേയും സ്വകാര്യ വാർത്താ ചാനലിലേക്കും ഫോണിൽ വിളിച്ചത് 50 വയസു പിന്നിട്ട ശാരീരിക അവശതകളുള്ള ഒരാളാണെന്നാണു പ്രാഥമിക നിഗമനം.

ഫോൺ സംഭാഷണത്തിലെ ശബ്ദം ശാസ്ത്രീയമായി അപഗ്രഥിച്ചാണു പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനിടെ കടവന്ത്രയിൽ തന്റെ ഉടമസ്ഥതയിലുള്ള 'നെയ്ൽ ആർടിസ്ട്രി' ബ്യൂട്ടി സലൂണിനു പിന്നിലും ബിനാമികളുണ്ടെന്ന സംശയം പൊലീസിനുണ്ട്. ഇതും പരിശോധിക്കും. ലീനയ്ക്കും കൂട്ടാളി സുകേഷ് ചന്ദ്രശേഖറിനുമെതിരെ പണമിടപാടുമായി ബന്ധപ്പെട്ട് 20 കേസുകൾ നിലവിലുള്ളതായാണു വിവരം. മുംബൈ പ്രവർത്തന മണ്ഡലമാക്കിയ രവി പൂജാരിക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രമാണ് യോഗ്യതയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും മറാത്തിയും കന്നഡയുമടക്കം പലഭാഷകളിലും പ്രാവീണ്യമുണ്ട്. കൊച്ചിയിലെ വെടിവയ്പിൽ താൻ ക്വൊട്ടേഷൻ ഏറ്റെടുത്തത് സലൂൺ ഉടമയായ ലീന മരിയ പോളിന്റെ സ്‌നേഹിതനായ സുകേഷ് ചന്ദ്രശേഖർ പലരെയും കോടിക്കണക്കിനു രൂപ വെട്ടിച്ച സംഭവത്തിൽ നീതി നേടിക്കൊടുക്കാനാണെന്ന് പൂജാരി ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഫോൺ ചെയ്ത് അറിയിച്ചിരുന്നു.

വിദേശത്തിരുന്നാണ് പ്രവർത്തനമെങ്കിലും കേരളത്തിൽ പോലും സജീവമാണ് രവി പൂജാരിയുടെ അധോലോക സംഘം. ലക്ഷ്യം തെറ്റാത്ത വെടിയുതിർത്തുന്ന പ്രൊഫഷണലുകൾ രവി പൂജാരിയുടെ സംഘത്തിന്റെ കരുത്താണ്. ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടതോടെ മുംബൈയിലും അധോലോക പ്രവർത്തനങ്ങൾ സജീവമാക്കിയ രവി പൂജാരി ബോളിവുഡ് സൂപ്പർതാരങ്ങളുടെ പേടി സ്വപ്നമാണ്. ആദ്യം ഒന്നു വിരട്ടുക. വഴങ്ങിയില്ലെങ്കിൽ വകവരുത്തുകഇതാണ് രവി പൂജാരിയെന്ന ഡോണിന്റെ പ്രവർത്തനം രീതി. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസുള്ള രവി പൂജാരി വേഷം മാറി തട്ടകമായ മാംഗ്ലൂരിൽ എത്തുക പതിവാണ്. ഇത്തരത്തിൽ രാജ്യം തേടുന്ന കുറ്റവാളിയാണ് കൊച്ചിയിലെ വെടിവയ്‌പ്പ് കേസിലും പ്രതിസ്ഥാനത്ത് എത്തുന്നത്. ലീനാ മരിയാ പോളുമായി രവി പൂജാരിക്കുള്ളത് എത് തരത്തിലെ ബന്ധമാണെന്നതാണ് പൊലീസിനെ കുഴക്കുന്നത്. ഏതായാലും രവി പൂജാരി ബന്ധം പൊലീസ് സ്ഥിരീകരിക്കുമ്പോൾ കൊച്ചിയിലും ഇനി ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ പുതിയ തലത്തിലെത്തുമെന്നാണ് വിലയിരുത്തൽ.

കൊച്ചി നഗരത്തിൽ അധോലോക സംഘം ആഡംബര ബ്യൂട്ടി പാർലറിലേക്ക് നിറയൊഴിച്ചതോടെയാണ് രവി പൂജാരിയുടെ പേര് വീണ്ടും ചർച്ചാകുന്നത്. പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിലേക്കാണ് രണ്ടംഗ സംഘം നിറയൊഴിച്ചത്. ലീന മരിയാ പോളിന്റെ ഉടസ്ഥതയിലുള്ളതാണ് ബ്യൂട്ടി പാർലർ. വൈകുന്നേരം മൂന്നരയ്ക്കാണു കൊച്ചി നഗരത്തെ നടുക്കിയ വെടിവെപ്പ് പനമ്പിള്ളി നഗറിൽ അരങ്ങേറിയത്.