കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചുകടവന്ത്രയിലെ ബ്യൂട്ടി സലൂണിൽ ബൈക്കിലെത്തി വെടിവയ്പു നടത്തിയ രണ്ട് ആക്രമികളും കർണാകടത്തിലുള്ളതായി റിപ്പോർട്ട്. കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് രവി പൂജാരിയുടെ സംഘത്തിലുള്ള ഇരുവരേയും തേടി പൊലീസ് സംഘം കർണാടകത്തിലേക്ക് തിരിച്ചു. കർണാടകത്തിലെത്തിയ കൊച്ചി സിറ്റി പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം നടത്തുന്നത്. പൊലീസിന്റെ രണ്ട് സംഘം ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

പനമ്പള്ളി നഗറിലെ നെയിൽ ആർട്ടിസ്ട്രിയിൽ വെടിവെയ്‌പ്പ് നടത്തിയ ഇരുവരേയും പിടികൂടാൻ കേരളാ പൊലീസ് കർണാടക പൊലീസിന്റെ സഹയവും തേടിയിട്ടുണ്ട്. കർണാടക പൊലീസിന്റെ സഹായത്തോടെ അടുത്ത ദിവസങ്ങളിൽ ഇവരെ പിടികൂടാൻ കഴിയുമെന്നാണു കൊച്ചി പൊലീസിന്റെ പ്രതീക്ഷ. ഇരുവരും അറസ്റ്റിലായാൽ മത്രമേ വെടിവെയ്‌പ്പ് നടത്തിയതിന് പിന്നിലുള്ള യഥാർത്ഥ ചിത്രം വ്യക്തമാകൂ എന്ന നിഗമനത്തിലാണ് പൊലീസ്. 25 കോടി രൂപ ആവശ്യപ്പെട്ടാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും വെടിവെയ്‌പ്പു നടത്തിയതെന്നും മാത്രമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ ചിത്രം വ്യക്തമാകണമെങ്കിൽ വെടിവെയ്‌പ്പ് നടത്തിയ ഈ രണ്ടംഗ സംഘം പിടിയിലാവണം.

തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ കുറ്റവാളി സംഘങ്ങൾ രവി പൂജാരിയുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്കു പങ്കാളികളാകുന്നുണ്ട്. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളും ഇയാൾക്കൊപ്പമുണ്ടെന്നാണു പൊലീസിന്റെ സംശയം. അതേസമയം ലീനയുടെ സലൂണിലേക്ക് അക്രമികളെ പറഞ്ഞു വിട്ടതായി അവകാശപ്പെടുന്ന രവി പൂജാരി ഇപ്പോൾ ഇന്ത്യയിൽ ഇല്ലെന്നാണു പൊലീസിനു ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ട്. ഫോണിൽ ലീനയെ ഭീഷണിപ്പെടുത്തിയതും സ്വകാര്യ വാർത്താ ചാനലിലേക്കും വിളിച്ചതും രവി പൂജാരിയാണെന്ന പ്രാഥമിക നിഗമനത്തിലാണു പൊലീസ്. യഥാർഥ ശബ്ദ സാംപിൾ ഒത്തുനോക്കിയതിന്റെ ലാബ് റിപ്പോർട്ട് വൈകിയേക്കും. എന്നാൽ ഇതിൽ പൊലീസിന് ഇപ്പോഴും സംശയമുണ്ട്. അതേസമയം നടി ലീനയുടെ മുംബൈ ബന്ധങ്ങളും കൂട്ടുകെട്ടുകളുമെല്ലാം അധഓലകവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്.

അതേസമയം വിദേശത്തു നിന്നു രവി പൂജാരിയെന്ന പേരിൽ വിളിച്ചു പലരെയും പണം ചോദിച്ചു ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. കേരളത്തിലെ ആദ്യത്തെ പരാതിയാണു ലീനയുടേത്. ഒരു മലയാളി വ്യവസായിയെയും സിനിമാ സംവിധായകനെയും രവി പൂജാരി പണത്തിനു വേണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട് ഉണ്ട്. എന്നാൽ അവർ ഇരുവരും ഇതുവരെ പരാതിപ്പെടാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ 15 ന് വൈകിട്ട് മൂന്നരയ്ക്കാണ് കടവന്ത്രയിലുള്ള പാർലറിൽ വെടിവയ്‌പ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ അക്രമികൾ സ്ഥാപനത്തിൽ കടക്കാതെ പുറത്തു നിന്ന് ചുവരിലേക്ക് വെടിയുതിർത്ത് മടങ്ങുകയായിരുന്നു.

ലീന സാമ്പത്തിക ഇടപാടുകൾ തുറന്നു പറയാൻ വിസമ്മതിച്ചതോടെ അന്വേഷണം വഴിമുട്ടിയിരുന്നു. ഇതോടെ ഇവർക്കെതിരെ തട്ടിപ്പു കേസുകളുള്ള സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി.ര വി പൂജാരി, സുകേഷ് ചന്ദ്രശേഖർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾക്ക് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് നടി ലീനയുടെ കൈകളിലേക്ക് കോടികൾ എത്തിയതായാണ് വിവരം. ഇതിനിടയിൽ തട്ടിപ്പ് കേസിൽ സുകേഷ് തീഹാർ ജയിലിലായി. ഇവരുടെ സാമ്പത്തിക ഇടപാടുകൾ അറിയാവുന്ന രവി പൂജാരി ഓസ്‌ട്രേലിയയിലാണ് ഉള്ളത്. അടുത്തകാലത്ത് സുകേഷുമായി നടി അകന്നിരുന്നായി പ്രചരണമുണ്ടായി. ഇത് രവി പൂജാരിയെ തെറ്റിധരിപ്പിക്കാനായിരുന്നു. ഇത് മനസ്സിലാക്കിയാണ് ലീനയുടെ സ്ഥാപനത്തെ രവി പൂജാരി ലക്ഷ്യമിട്ടത്.

കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജെ. ഹിമേന്ദ്രനാഥ്, തൃക്കാക്കര അസി. കമ്മിഷണർ പി.പി.ഷംസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. മൊഴി നൽകാനെത്തിയപ്പോൾ നടി രവി പൂജാരിയുടെ പേരിൽ പണം ആവശ്യപ്പെട്ട് നാലു തവണ മൊബൈൽ ഫോണിൽ വിളിയുണ്ടായെന്നും വെളിപ്പെടുത്തി. തിഹാർ ജയിലിലുള്ള സുകേഷ് കൊച്ചിയിലെത്തിയപ്പോൾ ഇരുവരും ഒരുമിച്ചാണ് ദിവസങ്ങളോളം റിസോർട്ടിൽ താമസിച്ചത്. ചികിത്സയ്‌ക്കെന്ന പേരിലായിരുന്നു സന്ദർശനം. അന്ന് ഇവരെ സന്ദർശിക്കാനെത്തിയവരെ ക്കുറിച്ചും അന്വേഷണം തുടങ്ങി. റിസോർട്ടിൽ മുറി ബുക്ക് ചെയ്തയാളെ ഇതുവരെ കണ്ടെത്താനായില്ല.

മുംബൈ അധോലോക നായകനായ രവി പൂജാരി ഇപ്പോൾ ഓസ്‌ട്രേലിയയിൽ ആണെന്നു പറയുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കലും എളുപ്പമല്ല. മുംബൈ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രവി പൂജാരിയെന്ന് കരുതുന്നയാളെ സഹായിക്കുന്ന ആരോ കൊച്ചിയിലുണ്ടെന്നു വ്യക്തമായതിനാൽ അതിലേക്ക് എത്താനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. അക്രമികളെ കണ്ടെത്താനായാൽ യഥാർഥ ഉദ്ദേശ്യം മനസ്സിലാകും. ഇതിനാണ് പൊലീസിന്റെ ശ്രമം. മൊഴികളിൽ വ്യക്തത വരുത്താനും മുൻകാല കേസുകളെക്കുറിച്ചു കൂടുതൽ അറിയാനും ഇവരെ വീണ്ടും വിളിച്ചുവരുത്തും. അജ്ഞാത കേന്ദ്രത്തിൽ ചികിത്സയിലാണ് നടിയെന്നാണ് സൂചന. പൊലീസ് നടപടിയെ ഭയന്നാണ് നടി ചികിൽസയിൽ പോയതെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്. നെയിൽ ആർട്ടിസ്ട്രിയെന്ന ബ്യൂട്ടി പാർലറിനെ കുറിച്ച് പൊലീസിന് ഇപ്പോൾ വലിയ സംശയങ്ങളുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ ഇത് ഉപയോഗിച്ചിരുന്നുവെന്നാണ് പ്രധാന നിഗമനം.