- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ രവിപൂജാരിയെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും; വരുന്നത് എയർ ഏഷ്യാ വിമാനത്തിൽ; കേരളാ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത് സംഭവത്തിന് ഒന്നര വർഷത്തിന് ശേഷം
കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ പ്രതിയായ അധോലോക നായകൻ രവിപൂജാരിയെ കോടതിയിൽ ഹാജരാക്കാൻ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. പരപ്പന അഗ്രഹാര ജയിലിൽ നിന്നും രവി പൂജാരിയുമായി അന്വേഷണ സംഘം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷയിലാണ് യാത്ര. രാത്രി 7.45 ന്റെ എയർ ഏഷ്യ വിമാനത്തിൽ പ്രതിയും അന്വേഷണ ഉദ്യോഗസ്ഥൻ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചിയിൽ എത്തും.
തുടർന്ന് രവി പൂജാരിയെ കോടതിയിൽ ഹാജരാക്കി കേരളാ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ബെംഗളൂരു പരപ്പന ജയിലിൽ കഴിയുന്ന പൂജാരിയുടെ അറസ്റ്റ്, കഴിഞ്ഞ ഫെബ്രുവരിയിൽ ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. നടി ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാർലറിൽ 2018 ഡിസംബർ 15 ന് ഉച്ചയ്ക്കാണ് വെടിവെപ്പുണ്ടായത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.
രാജ്യം പേടിയോടെ കണ്ടിരുന്ന അധോലോക നായകരിൽ ഒരാളായ ഛോട്ടാ രാജന്റെ സംഘത്തിലൂടെയാണ് രവി പൂജാരി അധോലോകത്ത് വാഴാൻ തുടങ്ങിയത്. ഛോട്ടാ രാജന്റെ തന്നെ സംഘത്തിലുള്ള ശ്രീകാന്ത് മാമായെന്നയാൾ പൂജാരിയെ സംഘത്തിൽ കൊണ്ടുവരികയും 1990ൽ സഹാറിൽ വച്ചിൽ ബാലാ സേട്ട് എന്ന അധോലോക സംഘാംഗത്തെ കൊന്നതോടെയാണ് രവി പൂജാരി എന്ന പേര് മാധ്യമങ്ങളിൽ നിറയുന്നത്.
മുംബൈ അധോലാക തലവൻ ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം, രാജന് സമാനമായ കുറ്റവാളി എന്ന നിലയിലേക്കുള്ള രവിയുെട പരിണാമത്തിന് വേഗത കൂട്ടി. അധികം താമസിയാതെ ഛോട്ടാ രാജന്റെ വലംകൈയായി രവി. തൊണ്ണൂറുകളുടെ മധ്യത്തിൽ ദുബായിലേക്ക് കടന്ന രവി പൂജാരി അവിടെ ആദ്യം കൈവച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു. ഭീഷണിയും, ഗുണ്ടാപിരിവുമായി രവി കളം പിടിച്ചു. രാഷ്ട്രീയത്തിലും, സിനിമാ മേഖലയിലും ഇയാൾക്ക് വേരോട്ടം ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയക്കാരെയും, സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസുകളും ഇയാൾക്കെതിരെയുണ്ട്.
തുടർന്നു ഹോട്ടൽ ഉടമകളിൽനിന്നു ഹഫ്ത പിരിവു പതിവാക്കിയ പൂജാരി 2000ൽ ഛോട്ടാ രാജൻ ബാങ്കോക്കിൽ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി ചേർന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ.
2007ൽ ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ടിനെയും 2009ൽ നിർമ്മാതാവ് രവി കപൂറിനെയും ഇവരുടെ സിനിമയുടെ കഥയെ ച്ചൊല്ലി ഭീഷണിപ്പെടുത്തിയ പൂജാരി, ഈ വർഷം ഏപ്രിലിൽ മുതിർന്ന അഭിഭാഷകൻ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തി. പൂജാരിയുടെ നേതാവായിരുന്ന ഛോട്ടാ രാജന്റെ വീഴ്ച 2000ലെ ബാങ്കോക്ക് ആക്രമണത്തോടെ ആരംഭിച്ചു. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പിൽ ഇടനിലക്കാരെ ഉപയോഗിച്ചാണ് രവി പൂജാരി വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ