കൊച്ചി: ചരിത്രത്തിന്റെ കബന്ധങ്ങൾ പുറത്തെടുത്ത് കുളം കലക്കുകയാണ് 'പൊക' എന്ന പേരിൽ അറിയപ്പെടുന്ന പൊളിറ്റിക്കൽ കറക്ട്നസ് ടീമുകളെന്ന് എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. എറണാകുളും ടൗൺഹാളിൽ ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ എസ്സെൻഷ്യ-21 സെമിനാറിൽ 'ഭൂതം -ദ ബബിൾ ഓഫ് എക്സ്റ്റെൻഡഡ് സെൽഫ്' എന്ന വിഷയത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

'എന്തിന്റെയും നൂറ്റാണ്ടുകൾ മുൻപുള്ള അർഥം കണ്ടുപിടിച്ച് ചപലമായി കുത്തിത്തിരിപ്പാണ് ഇവർ നടത്തുന്നത്. സമൂഹത്തിലെ പുക പരിശോധകരാണെന്ന് നടിച്ച് കടുത്ത അന്യായം അനീതിയുമാണ് ഇവർ ചെയ്യുന്നത്. ഉദാഹരമായി പുല എന്ന വാക്കുമായി ബന്ധപ്പെട്ട് ഒരു ചീത്ത വാക്കുണ്ട്. അത് പുലയന്മാരെ അധിക്ഷേപിക്കുന്നതാണെന്നാണ് പ്രചാരണം. ഡിക്ഷനറിയിൽ പുല എന്നവാക്കിന് പല അർഥങ്ങൾ കാണാം. മരണാനന്തര ചടങ്ങ്, ഭൂമി, കൃഷി, ഒരു ജാതി എന്നിങ്ങനെ. എന്നാൽ ഇത് ജാതി അധിക്ഷേപമാണെന്ന് പൊളിറ്റിക്കൽ കറക്ടനെസ്സുകാർ അങ്ങോട്ട് ഉറപ്പിക്കയാണ്.

ഒരു വാക്കിന് നമ്മൾ ഇന്ന് എന്താണോ കൽപ്പിക്കുന്നത് അതാണ് അർഥം. ഇത് ജാതിഅധിക്ഷേപമാണെന്ന് വിളിച്ചവനോ കേട്ടവനോ, ധാരണയുണ്ടോ എന്നൊന്നു 'പൊകക്കാർ' അന്വേഷിക്കാറില്ല. പലപ്പോഴും പുലയ ജാതിക്കാർ തന്നെ ഈ വാക്ക് ഉപയോഗിക്കാറുണ്ടല്ലോ എന്ന് ചോദിച്ചാൽ ഇവർ അടുത്ത കുത്തിത്തിരുപ്പ് തുടങ്ങും. 'അവർക്ക് അത് അറിയില്ല അവരെ പഠിപ്പിക്കണം' എന്നാണ് മറുപടി. ജനങ്ങൾ തമ്മിലടിക്കുന്നത് ഞങ്ങൾ വല്ലാതെ ഇഷ്ടപ്പെടുന്നു എന്ന രീതിയിലാണ് ഈ ടീമിന്റെ പ്രവർത്തനം. ചരിത്രത്തിന്റെ കബദ്ധങ്ങൾ പുറത്തെടുത്ത് കുളം കലക്കുകയാണ് ഇവരുടെ രീതി. എന്നാൽ ഇതേ ആളുകൾ തന്നെ ഒരു നേതാവ് ജഡ്ജിമാരെ ശുംഭൻ എന്ന് വിളിച്ചപ്പോൾ നൂറ്റാണ്ടുകൾ പിറകിലേക്ക് പോയി, പ്രകാശം പരത്തുന്നവൻ എന്നും അതിന് അർഥം കണ്ടെത്തി.

പഴയ അർഥം കണ്ടെത്തി ഇന്നെത്ത അർഥത്തെ റദ്ദാക്കുക. തിരിച്ചും സംഭവിക്കുന്നു. 'പൊക' രണ്ടു രീതിയിൽ ഉണ്ട്. ഒന്ന് കുത്തിത്തിരിപ്പ്, മറ്റൊന്ന് നോർമലൈസേഷൻ. രണ്ടും തെറ്റാണ്. എന്നാൽ പഠിച്ചാൽ ഭൂതകാല ബന്ധനത്തിൽനിന്ന് ഉയരുന്ന ചപലമായ ഒരു കുത്തിത്തിരിപ്പ് മാത്രമാണ് ഇതെന്ന് വ്യക്തമാവും.''- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. 'പൊക' ടീമുകളെ കൊണ്ട് അവസാനം സിനിമ കോവിഡ് പോലെ നിശബ്ദമായിരിക്കുമെന്ന് അദ്ദേഹം സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. '' എന്തെങ്കിലും പറഞ്ഞുപോയാൽ പിന്നെ നിഘണ്ടു എടുത്ത് വരില്ലേ. ഇടിച്ചു നിന്റെ മുലപ്പാൽ കക്കിക്കും എന്ന് ചില പൊലീസുകാർ പറയുന്നപോലെ ആദിമകാല അർഥംവരെ പൊക ടീംസ് പരിശോധിച്ച് കളയും. പൊളിറ്റിക്കൽ കറക്ട്നസ്സ് എന്നാൽ നിങ്ങൾ പൊളിറ്റിക്കലി കറക്ടാണ് എന്നല്ല അർഥം. നിങ്ങൾ പൊളിറ്റിക്കലി കറക്ടാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് അർഥം. അവർ ഒരു ബാക്ക് പാക്കുമായാണ് നടക്കുന്നത്. ഏതെങ്കിലും ഒരു കാര്യം പറഞ്ഞാൽ 15ാം നൂറ്റാണ്ടിൽ ഇതിന്റെ അർഥം ഇങ്ങനെയാണെന്ന് പറഞ്ഞാൽ എന്തായിരിക്കും ഫലം. ''- സി രവിചന്ദ്രൻ ചോദിച്ചു.

ഭൂതകാലം നിയന്ത്രിക്കുന്ന മനുഷ്യർ

ഭൂതകാലം നിയന്ത്രിക്കുന്ന മനുഷ്യരായി നാം മാറിക്കൊണ്ടിരിക്കയാണ് സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. ''പണ്ട് ഞങ്ങൾ എന്തൊക്കെയൊ ആയിരുന്നു, എന്ന ചിന്തയുമായി, ഭൂതകാലക്കുളിരുമായി അവർ ജീവിക്കുന്നു. ആർഷഭാരത സംസ്‌ക്കാര സങ്കൽപ്പം മുതൽ പണ്ടുകാലത്ത് എല്ലാവും നൂറ്റിയഞ്ചുവയസ്സുവരെ ജീവിച്ചു എന്നതുപോലുള്ള മൂഢ വിചാരങ്ങൾ.ഒരു പൂച്ച പറയുകയാണ് എന്റെ മുൻഗാമികൾ പുലികൾ ആയിരുന്നു. അവർക്ക് അധികാരങ്ങൾ ഉണ്ടായിരുന്നു, അവർ വേട്ടയാടിയിരുന്നു. എന്നാക്കെ.

കേരളത്തിലെ ജനപ്രിയ സാഹിത്യത്തിൽപോലും ഈ പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ അവശിഷ്ടങ്ങൾ കാണാം. ''ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങളുടെ പിന്മുറക്കാർ എന്നാണ് ചങ്ങമ്പുഴ വാഴക്കുലയിൽ ചോദിക്കുന്നത്. റിവഞ്ച് പൊളിറ്റിക്സിന്റെ എല്ലാ മനോഹാരിതയും ഇവിടെക്കാണാം. ദലിതന്റെ വാഴക്കുല ജന്മി വെട്ടിക്കൊണ്ടുപോയി. അപ്പോൾ കവി മാറിനിന്ന് ചോദിക്കായാണ്. പ്രതികാരം വീട്ടാതെ അടങ്ങുമോയെന്ന്. എന്തിനും വില്ലനെ കണ്ടെത്തുക നമ്മുടെ രീതിയാണ്. വില്ലനെ നാം പലപ്പോഴും കണ്ടെത്തുന്നത് ഭുതകാലത്തുനിന്നുമാണ്. വില്ലന്റെ കഥ ആരും കേൾക്കുന്നില്ല. സിംഹവേട്ടയുടെ കഥപോലെയാണിത്. അവിടെ എഴുതുന്നത് വേട്ടക്കാരനാണ്. നമുക്ക് ഒരു വേട്ടക്കാരനും ഇരയും എപ്പോഴുംവേണം. പഞ്ച് ബാഗുകൾ എല്ലാവർക്കും ഇടിച്ച് പഠിക്കാൻ.

105 വയസ്സിൽ പയറുപോലെ നടക്കുന്നവർ പണ്ടുണ്ടായിരുന്നുവെന്ന് പറയുന്നവർ ഓർക്കണം, തിരുവിതാംകൂർ രാജക്കാന്മാർ പോലും അക്കാലത്ത് 40ാം വയസ്സിൽ മരിച്ചുപോയവർ ആണെന്ന്. ഭൂരിഭാഗം പേരും അകാലത്തിൽ തീരുന്ന ഒരു സമൂഹത്തിലാണ്, അവശേഷിച്ച അതിജീവിച്ചവർ 105 വയസ്സുവരെയൊക്കെ ജീവിച്ചത്. ചരിത്രം തങ്ങൾക്ക് ആവശ്യമുള്ളത്ര കൂഴിക്കുച്ച് തങ്ങൾക്ക് വേണ്ട കാര്യം സ്ഥാപിച്ചെടുക്കയും ഇപ്പോൾ കാണുന്ന ഒരു രീതിയാണ്. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് സ്ഥാപിക്കാൻ ആയിരം വർഷം മുമ്പുവരെ കൂഴിക്കണം. 2000 വർഷത്തേക്ക് പോയാൽ അങ്ങിനെഅല്ല. കുഴിച്ച് കുഴിച്ച് താഴോട്ടുപോകുമ്പോൾ ഇന്ത്യ ഇന്നത്തെ ഇന്ത്യാക്കാരുടേത് അല്ലാതാവും. പക്ഷേ നമ്മൾ നമുക്ക് വേണ്ടതുവരെ മാത്രമേ കുഴിക്കൂ.

വർത്തമാനം നിരാശാജനകം ആവുമ്പോഴാണ് നാം ഭൂതകാലത്തെ കുറിച്ച് കൂടുതൽ പറയേണ്ടിവരുന്നത്. അതുപോലെ വ്യക്തികൾ അപ്ഡേറ്റായില്ലെങ്കിലും അവർ ഭൂതകാലത്തെക്കുറിച്ച് പറയും. അമേരിക്കയ്ക്ക് വളരെ ചെറിയ ചരിത്രമാണ് ഉള്ളത്. അതുപോലും അവർ ഭീകരമായി അവതരിപ്പിക്കാറുണ്ട്്.. വർത്തമാനം ദുസ്സഹം ആകുമ്പോഴാണ് നാം പുറകോട്ടും മുന്നോട്ടും സഞ്ചരിക്കാറുള്ളത്. വർത്തമാനത്തിൽ വിശ്വസിക്കുക എന്നതാണ് ആധുനിക സമൂഹം ചെയ്യേണ്ടത്''- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

ഇരയും വില്ലനുമായി ഇ.എം.എസിന്റെ ബാലൻസ്

ജാതിനാടകത്തിൽ വില്ലനെ തേടേണ്ടതില്ല. കളക്്റ്റീസ് റെസപോൺസിബിലിറ്റിയാണ് എന്ന രീതിയിലാണ് ശ്രീനാരാണയ ഗുരു എഴുതിയിട്ടുള്ളത്. -'ജാതിവ്യത്യാസം വെച്ചു നോക്കുമ്പോൾ ഇപ്പോൾ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ കുറ്റം പറയുന്നത് ശരിയല്ല. നമ്പൂതിരിയും പുലയനും ഇക്കാര്യത്തിൽ ഒരുപോലെ കുറ്റക്കാർ ആണ്. നമ്പൂതിരിക്ക് ജാതി സ്പർധയുണ്ടെങ്കിൽ, അത്രയോ അതിൽ അധികമോ, ജാതി സ്പർധ പുലയനുമുണ്ട്. എല്ലാ വർഗക്കാരും വർഷങ്ങളായി വേരൂന്നിക്കിടക്കുന്ന ആചാരത്തിന്റെയോ വിശ്വാസത്തിൻെയോ അടിമകൾ ആണ്.' സ്നേഹത്തെ മുൻനിർത്തിയുള്ള ഇടപെടലുകളിലൂടെയാണ് ഇത് പരിഹരിക്കേണ്ടതെന്നും ഗുരു ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇ.എം.എസ് നാരായണഗുരുവിനെ തെറ്റായാണ് വിലയിരുത്തിയത്. അവർണ്ണരെ സവർണ്ണർക്കെതിരെ തിരിക്കുകയാണ് ഗുരുചെയ്ത് എന്നായിരുന്നു ഇ.എം.എസിന്റെ വാദം. 'എല്ലാജാതിയിലും മതത്തിലും പെട്ട പാവപ്പെട്ട ബഹുജനങ്ങളെ, സാമ്രാജ്വത്വത്തിനും ഫ്യൂഡലിസത്തിനും എതിരെ, സംഘടിപ്പിക്കുന്നതിന് പകരം, അവർണ്ണ സമുദായത്തിലെ ജനലക്ഷങ്ങളെ സവർണ്ണ സമുദായങ്ങൾക്കെതിരെ തിരിക്കയാണ് അയ്യപ്പനും നാരയണഗുരുവും ചെയ്ത്.' - ഇങ്ങനെയാണ് ഇ.എം.എസ് എഴുതിയത്. ഇതോടെ സംഭവത്തിൽ ഇരയും വില്ലനുമായി. ഇതാണ് മനോഹരമായ ഡിവിഷൻ ടെക്ക്നിക്ക്. ഇ.എം.എസിന് അത് കഴിയും. കാരണം അദ്ദേഹത്തിന്റെ പൊളിറ്റിക്സ് ഭൂതവാദ പൊളിറ്റിക്സ് ആണ്.

ഇന്ന് സമൂഹം നേരിടുന്ന ഏറ്റവം വലിയ പ്രശ്നമാണ് ഇരവാദം. ഈ സമൂഹമാണ് ഞങ്ങൾ ഇങ്ങനെ ആവാൻ കാരണം എന്ന് പറഞ്ഞ് മറ്റുള്ളവരെ ചൂണ്ടുകയാണ്. നട്ടെല്ല് മരവിപ്പിക്കുന്ന ഇരവാദമാണ് പലരും പയറ്റുന്നത്. തങ്ങൾ മോശമാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കലല്ല, ഇരകൾ ഉദ്ദേശിക്കുന്നത്. മറിച്ച് തങ്ങൾക്ക് തിരിച്ചടിക്കാനും, തങ്ങൾക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കാനും കഴിയുമെന്നും, തങ്ങൾ അക്രമിക്കുമ്പോൾ നിശബ്ദരാവാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്നും, ജനങ്ങളെ ഓർമ്മിപ്പിക്കയാണ്. വളരെ അപകടമായ ഒരു സോഷ്യൽ ടൂൾ ആണിത്. ''- സി രവിചന്ദ്രൻ പറഞ്ഞു.

സോഷ്യലിസം എന്നാൽ ഫാസിസം തന്നെ

നിശിതമായ മാർക്സിസ്്റ്റ്- സോഷ്യലിസ്റ്റ്് വിമർശനത്തിനും ഈ പ്രസംഗത്തിൽ സി രവചിന്ദ്രൻ തയ്യാറായി. '' കേരളത്തിൽ പൊതുവേ ധരിച്ചിരിക്കുന്നതുപോലെ മാർക്സിസത്തിന്റെ നേർപ്പിച്ച വേർഷൻ അല്ല സോഷ്യലിസം. അത് ശരിക്കും ഫാസിസിമാണ്. വ്യക്തിയുടെ താൽപ്പര്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട്, ഒരു തോട്ടക്കാരൻ എല്ലാ ചെടികളെയും ഒരുപോലെ വെട്ടി വളർത്തുന്നതുപോലെയാണ് അത്. സോഷ്യലിസവും നിലനിൽക്കുന്നത് ഭൂതകാലക്കുളിരിൽ ആണ്. എല്ലാവരും ഒന്നുപോലെയുള്ള പ്രാകൃത കമ്യൂണിസം എന്നു പറയുന്ന ഒരു കാലമൊന്നും, ലോകത്ത് ഒരിക്കലും ഉണ്ടായിട്ടില്ല. തെറ്റായ സമത്വ സിദ്ധാന്തമാണ് സോഷ്യലിസം. ഒരു പരീക്ഷക്ക് കൂടുതൽ മാർക്ക് കിട്ടിയവനെയും, കുറഞ്ഞ മാർക്ക് കിട്ടയവനെയും, ആവറേജ് മാർക്ക് കൊടുത്ത് തുല്യരാക്കുന്നത സമത്വമല്ല. അധ്വാനത്തിനെയും മികവിനെയും അപമാനിക്കുന്ന ഇത്തരം തത്വങ്ങൾ അപമാനകരമാണ്. പക്ഷേ നമ്മൾ അത് താലോലിക്കാറുണ്ട്.

വസ്തുതകളോട് മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ് ഇ.എം.എസ് അടക്കമുള്ള നേതാക്കൾ എടുത്തത്. കേരളം ആഘോഷിച്ച ഇ.എം.എസിന്റെ ഒരു പ്രസ്താവനയുണ്ട്. മനോരമ എന്നെക്കുറിച്ച് എന്തെങ്കിലു നല്ലത് എഴുതിയാൽ എനിക്ക് എന്തെങ്കിലും അബദ്ധം പറ്റിയെന്ന് ഞാൻ കരുതുമെന്നണാണ് ഇ.എം.എസ് പറഞ്ഞത്. ഇതൊക്കെ എത്ര ചപലമാണ്. ഒരിക്കലും ഞാൻ വസ്തുതകൾ പരിശോധിക്കില്ല എന്നല്ലെ ഇതിൽനിന്ന് തെളിയുന്നത്.

ആധുനിക കാലത്ത് സർക്കാർ ഒരു അമ്പയറിന്റെ രൂപത്തിൽ മാറി നിൽക്കയാണ് വേണ്ടതെന്നും സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. 'പൊതുമേഖല എന്ന് കേൾക്കുമ്പോൾ തന്നെ എനിക്കും പണ്ട് കുളിരായിരുന്നു. മുതലാളി കോർപ്പറേറ്റ് എന്നൊക്കെയുള്ള ചില വാക്കുകളോടു തന്നെ മലയാളിക്ക് ഇപ്പോഴും അലർജിയാണ്.''- സി രവിചന്ദ്രൻ പറഞ്ഞു.

മെറിറ്റ് മിഥ്യയും ഭീകരതയും ആണോ

'ഇതേ ആളുകൾതന്നെ ഇയർത്തിക്കൊണ്ടുവരുന്ന മറ്റൊരു വാദമാണ് മെറിറ്റ് മിഥ്യയാണെന്നും ഭീകരതയാണെന്നുമൊക്കെയുള്ളത്. ടിറണി ഓഫ് മെറിറ്റ് എന്ന പുസ്തകം തന്നെ ഇറങ്ങിയിട്ടുണ്ട്. സോഷ്യൽ ബയോളജിക്കൽ എൻവയർമെന്റാണ് മികവിനെ സ്വാധീനിക്കുന്നതെന്നും വാദങ്ങളുണ്ട്. എന്നാൽ സാമൂഹിക സാഹചര്യങ്ങളും പ്രിവിലേജുകളും നോക്കിയാണെങ്കിൽ യേശുദാസിനേക്കാൾ വലിയ ഗായകൻ ആവേണ്ടത് വിജയ് യേശുദാസ് ആണ്. മെറിറ്റ് എന്ന ഒന്ന് ഉണ്ട്. മികവിനെ തേടുന്ന ഒരു മസ്തിഷ്‌ക്കമാണ് നമുക്കുള്ളത്. ആൺ മയിൽ പീലി വിടർത്തി ആടുന്നതുപോലും മികവിന്റെ അടിസ്ഥാനത്തിൽ സെലക്ട് ചെയ്യപ്പെടാണ്.

വീനസ് വില്യംസ്, സെറീന വില്യംസ് എന്നിവരെ നോക്കുക. ഇതേ സാഹചര്യം കൊടുത്താൽ എല്ലാവരും അങ്ങനെ ആവുന്നില്ല. സാഹചര്യം മാത്രമല്ല, മെറിറ്റ് എന്ന് പറയുന്നത് ഒരു യാഥാർഥ്യമാണ്.പഴയകാലത്ത് അനുഭവിച്ചുവന്ന വേദനകളും യാതനകളും തിരിച്ചടികളും കാരണം മികവിൽ എത്താൻ കഴിയാതെ പോയതാണ്, മികവുള്ളവുരടെയല്ലാം മികവ് അവരുടെ പ്രിവിലേജ് വഴിയും ചരിത്രപരമായ ബോണസ് വഴിയുമാണെന്ന് പറയുന്നത്, കപടമായ ഒരു വാദമാണ്.

നമ്മുടെയെല്ലാം പുർവികൻ ലൂസി എന്ന പൗരാണിക മനുഷ്യനാണെന്ന് പറയാറുണ്ട്. നാം എല്ലാം ലൂസിയുടെ മക്കൾ ആണെന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യം പറഞ്ഞാലും 'പൊക' ടീമുകൾ വിടില്ല.' ലൂസി മരത്തിൽനിന്നാണേല്ലോ വീണ് മരിച്ചത്്. അപ്പോൾ ലൂസിയെ ആരാണ് തള്ളിയിട്ടത്്. അവർ നമുക്കിടയിലുണ്ടെന്ന് നാം തിരിച്ചറിയണം. അവരുടെ പിന്മറുക്കാരെ നമ്മൾ വേട്ടയാടണം'. ഇങ്ങനെ പുലമ്പുന്നവർ നമുക്ക് ഇടയിലുണ്ട്. അവർക്ക് ഞാൻ ഈ 'ഭൂതം' സമർപ്പിക്കുന്നു. '' -ഇങ്ങനെ പറഞ്ഞാണ് നിറഞ്ഞ കൈയടികൾക്കിടയിൽ സി രവചിന്ദ്രൻ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

സാമ്പത്തിക അന്ധവിശ്വാസങ്ങൾ ഭീകരം

എസ്സെൻസ് ഗ്ലോബൽ എന്ന സംഘടനയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റായി താൻ കാണുന്നത് അത് കേരളത്തിലും ഒരുപക്ഷേ ഇന്ത്യയിലും സാമ്പത്തിക അന്ധവിശ്വാസങ്ങൾക്ക് എതിരെ വലിയ തോതിലുള്ള പ്രതിരോധം തീർത്തുവെന്നതാണെന്ന് തുടന്ന് സദസ്യരുമായി സംവദിക്കവേ സി രവിചന്ദ്രൻ പറഞ്ഞു. ' സാധാരണഗതിയിലുള്ള മതാന്ധവിശ്വാസങ്ങൾ ആ വ്യക്തിയെയോ, അവർ ഉൾക്കൊള്ള സമൂഹത്തെയാണ് ബാധിക്കുക. അവർ പിന്നോട്ടടിക്കും. മറ്റ് സമുദായങ്ങൾക്ക് പ്രശ്നം ഉണ്ടാവില്ല. എന്നാൽ സാമ്പത്തിക അന്ധവിശ്വാസങ്ങൾ അങ്ങനെയല്ല. അത് വിശ്വാസിയെയും അവിശ്വാസിയെയും, കൊച്ചുകുട്ടിയെ തൊട്ട് പ്രായഭേദമന്യേ സമൂഹത്തിലെ എല്ലാവരെയും ബാധിക്കുന്നു. ഒരു തെറ്റായ നയത്തിന്റെ ഫലം എല്ലാവർക്കും ഉണ്ടാവുകയാണ്. അതിന്റെ നാശം ഒരുപാട് നീണ്ടുനിൽക്കുന്നതാണ്. ഒരു സംരംഭകനെ ആട്ടിപ്പായിപ്പിക്കുന്നു. അത് ഉണ്ടാക്കുന്ന പ്രശ്നം ഒന്നോ രണ്ടോ നൂറ്റാണ്ടുവരെ നീണ്ടുനിൽക്കും.

എല്ലാവർക്കും തുല്യമായ അവസര സമത്വം ഉണ്ടായിരിക്കണം. അവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരിക്കണം. കൃത്രിമമായ ഫാസിസ്റ്റ് രീതിയിൽ കട്ട് ചെയത് എടുക്കരുത്. ആഡം സ്മിത്ത് ഇങ്ങനെ എഴുതി.- ''ഒരു ഇറച്ചിവെട്ടുകാൻ ഇറച്ചിവെട്ടുന്നത് അത് എല്ലാർക്കും ഇറച്ചികൊടുക്കാം എന്ന അഭിലാഷത്തിന്റെ അടിസ്ഥാനത്തിൽ അല്ല. മറിച്ച് ഇറച്ചിവിറ്റ് പണം ഉണ്ടാക്കി തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകണം എന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ്.''-ഇതിനെയാണ് സെൽഫ് ഇൻട്രസ്റ്റ് എന്ന് പറയുന്നത്.സെൽഫിഷ്നെസ് അല്ല ഇത്. ഫെയർ കോമ്പറ്റീഷനാണ് യഥാർഥ ഹ്യൂമനിസം. എറ്റവും കൂടുതൽ വെൽഫയർ എക്കാണോമിക്സ് നടപ്പാക്കുന്ന രാജ്യങ്ങൾ എല്ലാം കാപ്പിറ്റലിസം വഴിയാണ് അത് നടപ്പാക്കിയത്. ഇത് സോഷ്യലിസം അല്ല. സോഷ്യലിസം എന്നാൽ ഉൽപ്പാദന ഉപകരങ്ങൾ പൊതു ഉടമസ്ഥതയിൽ ആയിരിക്കണം. സ്വകാര്യ സ്വത്ത് പാടില്ല. ഭീകരമാണ്. നമ്മൾ ചിലപ്പോൾ ആത്മഹത്യ ചെയ്ത് കളയും.

പലപ്പോഴും സാമ്പത്തിക അന്ധവിശ്വാസം ഉണ്ടാക്കിയ കുരുക്കുകൾ അത് ഉണ്ടാക്കിയവർക്ക് തന്നെ പരിഹരിക്കാൻ കഴിയില്ല. നോക്കുകൂലി മാർക്സിത്തിന്റെ സംഭാവനയാണ്. ഇപ്പോൾ അവർക്ക് തന്നെ അത് പരിഹരിക്കാൻ കഴിയുന്നില്ല. നെഹ്റുവിന്റെ പല കാഴ്ചപ്പാടുകളോടും യോജിക്കുമ്പോഴും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളോട് യോജിപ്പില്ലെന്നും സി രവിചന്ദ്രൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

''മകരവിളക്ക്തൊട്ട് ജ്യോതിഷം തൊട്ട്, എല്ലാതരം മത മതേതര അന്ധവിശ്വാസങ്ങളെ നാം വിമർശിച്ചിരുന്നു. അന്നൊക്കെ നമ്മുടെ കൂടെനിന്ന് വിമർശിച്ചുകൊണ്ടിരുന്നു ഒരു ടീമാണ് സാമ്പത്തിക അന്ധവിശ്വാസികൾ. ഇത് ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്തുക പ്രയാസമുള്ള കാര്യമാണ്. സർക്കാർ സ്വർഗവും മുതലാളിമാർ എന്നാൽ ചോരയൂറ്റിക്കുടിക്കുന്നവരുമല്ല. എസ്സെൻസ് ആയിരിക്കും ഒരുപക്ഷേ ഈ സാമ്പത്തിക അന്ധവിശ്വാസങ്ങളെ പൊതുവിചാരണക്ക് വിധേയമാക്കിയത്. അത് എസ്സെൻസിന്റെ ഒരു ഐഡന്റിറ്റിയാണ്. ഇത് കേരളത്തിൽ എന്നല്ല ഇന്ത്യയിൽ ആദ്യമായി ചെയ്തത് എസ്സെൻസ് തന്നെയായിരിക്കും. ഞാൻ അതിന് അവരെ പ്രത്യേകം ശ്ലാഘിക്കയാണ്. - സി രവിചന്ദ്രൻ പറഞ്ഞു.

ശാസ്ത്രം സ്വതന്ത്രചിന്തയും സമ്മേളിച്ച് എസ്സെൻഷ്യ

എല്ലാ ഇസങ്ങൾക്കും അപ്പുറം മാനവികതയാണെന്ന വ്യക്തമാക്കുന്ന 'ഹ്യൂമനിസം വൈറൽ' എന്ന പ്രമേയവുമായാണ് കൊച്ചിയിൽ സ്വതന്ത്ര ചിന്തകർ സമ്മേളിച്ചത്. രാവിലെ 9 മണിമുതൽ നിറഞ്ഞ സദസ്സിലാണ് എസ്സെൻഷ്യ സെമിനാർ നടന്നത്. മെൻഡലിസ്റ്റും മജീഷ്യനുമായ ഫാസിൽ ബഷീറിന്റെ 'ട്രിക്ക്സ് മാനിയ നൊ വൺഡേഴസ്, ഓൾ സയൻസ്' എന്ന ഷോയോടെയാണ് പരിപാടി തുടങ്ങിയത്. ആൾദൈവങ്ങൾ ദിവ്യാത്ഭുദങ്ങൾ എന്ന് പറഞ്ഞ് കാണിക്കുന്ന പലകാര്യങ്ങളും വെറും, മാജിക്ക് മാത്രമാണെന്ന് ഡേമോ സഹിതം ഫാസിൽ കാണിച്ചു. ശൂന്യതയിൽനിന്ന് വിഭൂതി എടുക്കുന്നതിന്റെയും, ശിവലിംഗം വായിൽനിന്ന് എടുക്കുന്നതിന്റെയുമൊക്കെ ടെക്ക്‌നിക്കുകൾ അദ്ദേഹം വിശദീകരിച്ചു. അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ മെൻഡിലിസത്തിലും ഉള്ളത് വെറും മാജിക്ക് മാത്രമാണെന്ന് ഫാസിൽ വിശദീകരിച്ചു. മനസ്സുവായിക്കാൻ കഴിയുമെന്നതൊക്കെ വെറും കളവാണെന്നും ഡേമോ സഹിതം ഫാസിൽ വിശദീരിച്ചു.

കെമിക്കൽ അല്ലാതെ മറ്റൊന്നം ഈ ലോകത്ത് ഇല്ലെന്നും കെമിക്കൽ ഫ്രീ എന്ന് പറഞ്ഞ് ഇറങ്ങുന്ന വസ്തുകൾക്ക് തട്ടിപ്പാണെന്നും തുടർന്ന് സംസാരിച്ച വിഖ്യാത ശാസ്ത്രജ്ഞൻ ഡോ കാന എം സുരേശൻ ചൂണ്ടിക്കാട്ടി. ഈ ലോകത്ത് കെമിക്കൽ അല്ലാതെ എന്തെങ്കിലും ഒരു വസ്തുത, ഉണ്ടെന്ന് തെളിയിക്കുന്നവർക്ക്, ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി പത്തുലക്ഷം പൗണ്ട് സമ്മാനം വാഗ്ദാനം ചെയ്ത വെല്ലുവിളി നേരത്തെ നിലനിൽക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്‌നം വെറും ഭീതിവ്യാപാരം മാത്രമാണെന്ന് ഡോ കെ.എം ശ്രീകുമാർ ചൂണ്ടിക്കാട്ടി. കാസർകോട്ട് എൻഡോസൾഫാൻ തളിച്ച പഞ്ചായത്തുകളിലും തളിക്കാത്ത പഞ്ചായത്തുകളിലും നടത്തിയ പഠനങ്ങളിൽ രോഗങ്ങളുടെ നിരക്കിൽ വ്യത്യാസമില്ല. ശരാശരി എടുത്താൽ കാസർകോട്ടെ രോഗികളുടെ നിരക്ക് കേരള ആവറേജിന് ഒപ്പമാണ്. എന്നാൽ ഇതൊന്നും പഠിക്കാതെ എല്ലാ പ്രശ്‌നത്തിനും കാരണം എൻഡോസൾഫാൻ ആണെന്ന മുൻവിധിയാണ് മലയാളികൾ എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാറിനെ സംബന്ധിച്ച് മാധ്യമങ്ങൾ ഭീതിവ്യാപാരം നടത്തുകയാണെന്ന് ബിജുമോൻ എസ്‌പി തന്റെ പ്രസന്റേഷനിൽ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് ഇപ്പോൾ പൊട്ടുമെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ല. മൂന്നു തവണ അണക്കെട്ട് ബലപ്പെടുത്തിയെന്നത് സത്യമാണ്. എന്നാൽ അണക്കെട്ട് സൂപ്പർ സ്‌ട്രോങ്ങ് ആണെന്ന വാദവും ശരിയല്ലെന്നും ബിജുമോൻ വ്യക്തമാക്കി.

ആർ ചന്ദ്രശേഖർ, ആരിഫ് ഹുസൈൻ, മനുജാ മൈത്രി,ഡോ. ഹരീഷ് കൃഷ്ണൻ , ഉഞ്ചോയി, ബിജുമോൻ എസ്. പി, സുരാജ് സി. എസ്,ജാഫർ ചളിക്കോട്, ടോമി സെബാസ്റ്റ്യൻ, തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു. സമൂഹത്തിൽ ശാസ്ത്രബോധവും സ്വതന്ത്രചിന്തയും വളർത്തുന്ന വ്യക്തിത്വങ്ങൾക്ക് നൽകുന്ന, എസ്സെൻസ്് പ്രൈസ് 2021, ഡോ കാന എം സുരേശനും, ആരിഫ് ഹുസൈൻ തെരുവത്തിനും സമ്മാനിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.