- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്യൂണിസത്തെ വിമർശിച്ചതോടെ സംഘിയായി; ഗോഡ്സെയുടെ ആരാധകനെന്നും സിഎഎ അനുകൂലിയെന്നും സാമൂഹിക അസമത്വത്തെ ന്യായീകരിച്ചുവെന്നും പച്ച നുണകൾ; ചെങ്കിസ്ഖാനിൽ പിശക് ഏറ്റുപറഞ്ഞിട്ടും വിടുന്നില്ല; സ്വതന്ത്രചിന്തകൻ സി രവിചന്ദ്രനെതിരെ കള്ളപ്രചാരണവുമായി ഇടത് -ഇസ്ലാമോ ബുദ്ധിജീവികൾ
കൊച്ചി: കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രൻ. ഇടതുബുദ്ധിജീവികൾ കേരളത്തിൽ ശീലിച്ചുവന്ന രീതിയിൽനിന്ന് വ്യത്യസ്തമായി അശാസ്ത്രീയമായ എല്ലാറ്റിനെയും ഒരുപോലെ വിമർശന വിധേയമാക്കുക എന്ന ശൈലിയാണ് സി രവിചന്ദ്രൻ സ്വീകരിച്ചത്. സുനിൽ പി ഇളയിടം തൊട്ട് കെ.ഇ.എൻ വരെയുള്ള ഇടതുബുദ്ധിജീവികളും ഒരു പറ്റം യുക്തവാദികളും പിന്തുടരുന്ന, വൺസൈഡ് നവോത്ഥാനം എന്ന് പരിഹസിക്കപ്പെടുന്ന, ഹിന്ദുത്വ വിമർശനം മാത്രം നടത്തുക എന്ന രീതിയിൽനിന്ന് ഭിന്നമായി ഇസ്ലാമിനെയും ക്രിസ്റ്റാനിറ്റിയെും കമ്യൂണിസത്തെയും, ഒരുപോലെ വിമർശന വിധേയനാക്കാൻ സി രവിചന്ദ്രൻ തയ്യാറായി. അതോടെ അദ്ദേഹത്തെ സംഘിയാക്കിക്കൊണ്ടാണ് സോഷ്യൽ മീഡിയിയിൽ ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷവും കൈകോർക്കുന്നത്.
കമ്യൂണിസം എന്നത് ഒരു പ്രത്യയശാസ്ത്ര അന്ധവിശ്വാസമാണെന്നും, മാർക്സിസം എന്നത് ഒരു സാമ്പത്തിക അന്ധവിശ്വാസമാണെന്നും പറഞ്ഞ്, രവിചന്ദ്രൻ ശക്തമായ വിമർശനം നടത്തിയിരുന്നു. കാപ്പിറ്റലിസം എന്ന വാക്കിന് മുതലാളിത്തം എന്ന തെറ്റായ തർജ്ജമായാണ് കേരളത്തിൽ ഉപയോഗിക്കുന്നതെന്നും, മൂലധനാധിഷ്ഠിത സമ്പദ്വ്യവസ്ഥയെന്നാണ് അതിനെ വിളിക്കേണ്ടതെന്നുമാണ് രവിചന്ദ്രൻ പറയുന്നത്. ഇങ്ങനെയുള്ള വിമർശനങ്ങളും ഒപ്പം ഇസ്ലാമിനെയും അതിനിശിതമായി വിമർശിക്കുന്നതിനാൽ ഇപ്പോൾ രവിചന്ദ്രനെതിരെ അപവാദം പ്രചരിപ്പിക്കാൻ ഇസ്ലാമിസ്റ്റുകളും സൈബർ സഖാക്കളും ഒരു പോലെ രംഗത്ത് എത്തിയിരിക്കയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ്, കെ ജയദേവൻ എന്ന ഇടതുപക്ഷ ബുദ്ധിജീവി ട്രൂ കോപ്പി വെബ് മാഗസിനിൽ എഴുതിയ ലേഖനം. രവിചന്ദ്രനെതിരെ നട്ടാൽ മുളയ്ക്കാത്ത നുണകൾ പറയുന്ന ഈ ലേഖനം ഇസ്ലാമിസ്റ്റുകളും സൈബർ സഖാക്കളും ഒരുപോലെ ആഘോഷിക്കയാണ്.
ട്രൂകോപ്പിയിലുടെ വന്ന കുപ്രചാരണം
സംഘപരിവാർ പ്രതിഷേധത്തെ തുടർന്ന് 'മീശ' എന്ന നോവൽ മാതൃഭൂമി മാനേജ്മെന്റ് പിൻവലിച്ചതിൽ പ്രതിഷേധിച്ച് രാജിവെച്ച പ്രശ്സ്ത മാധ്യമപ്രവർത്തകൻ കമൽറാം സജീവിന്റെ നേതൃത്വത്തിലാണ് ട്രൂ കോപ്പി വെബ് മാഗസിൽ ഇറങ്ങുന്നത്. 'എന്തുകൊണ്ട് രവിചന്ദ്രൻ സി വിമർശിക്കപ്പെടണം' എന്ന പേരിൽ ഇറങ്ങിയ ലേഖനത്തിലാണ് കെ ജയദേവൻ പച്ചക്കള്ളങ്ങൾ നിരത്തുന്നത്. ഒരു നുണ ഇങ്ങനെയാണ്-''പൗരത്വ ഭേദഗതിയുടെ കാര്യം വന്നാൽ, അതിൽ മതത്തിന്റെ അംശം തീരെയില്ല എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമേതുമില്ല.'' എന്നാണ് സി രവിചന്ദ്രൻെ കുറിച്ച് ജയദേവൻ എഴുതുന്നത്. പക്ഷേ ഇത് കല്ലൂവെച്ച നുണയാണെന്ന് സോഷ്യൽ മീഡിയയിൽ സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നു. പൗരത്വഭേദഗതി നിയമത്തിന് എതിരായാണ് സി രവിചന്ദ്രൻ നിലപാട് എടുത്തത്. അതിൽ ഒരു മുസ്ലിം ഫിൽട്ടർ ഉണ്ടെന്നും അതുകൊണ്ട് താൻ സിഎഎയെ അനുകൂലിക്കുന്നില്ല എന്നുമാണ് അദ്ദേഹം പ്രസംഗിച്ചതും പോസ്റ്റിട്ടതും. 'പൗരന്റെ പിറവി' എന്ന അദ്ദേഹത്തിന്റെ വീഡിയോയിലും ഇതേ കാര്യമാണ് പറയുന്നത്.
മതത്തിന്റെ പേരിൽ ഒരു ആനുകൂല്യം കൊടുക്കുന്നത് പോലെ തന്നെയാണ്, എന്തെങ്കിലും ആനുകൂല്യം നിഷേധിക്കുന്നതും എന്നാണ് രവിചന്ദ്രന്റെ എക്കാലത്തെയും നിലപാട്. പ്രശ്നം അവിടെയല്ല. ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഒരുപോലെ ഉയർത്തുന്ന നാടുകടത്തൽ ഭീതിയെ രവിചന്ദ്രൻ തള്ളിക്കളഞ്ഞു. ''സി.എ.എ എന്നത് പൗരത്വം കൊടുക്കാനുള്ള നിയമമാണ്. പൗരത്വം എടുത്തുകളയാൻ ഉള്ളതല്ല. ഈ നിയമംമൂലം കേരളത്തിലടക്കമുള്ള ഒരാളെയും നാടുകടത്താനൊന്നും കഴിയില്ല.'' എന്നാണ് രവിചന്ദ്രൻ പ്രസംഗിച്ചത്.
ജയദേവന്റെ അടുത്ത നുണ ഇങ്ങനെയാണ്. 'സമ്പത്തിനും, ദാരിദ്ര്യത്തിനുമിടയിൽ നിന്നുകൊണ്ട്, 'അർഹതയുള്ളവരേ അതിജീവിക്കൂ' എന്ന ഡാർവിൻ വചനം ഉദ്ധരിച്ച്, ഭീകരമായ ആ സാമൂഹ്യ വൈരുദ്ധ്യത്തെ ന്യായീകരിക്കുകയാണ് രവിചന്ദ്രൻ സി. ചെയ്യുന്നത്.''- സത്യത്തിൽ ഇതിന്റെ നേർ വിപരീതമാണ് രവിചന്ദ്രൻ പറഞ്ഞത്.
'അർഹതയുള്ളവരേ അതിജീവിക്കൂ' എന്ന ഡാർവിൻ സിദ്ധാന്തം വളച്ചൊടിച്ച് ചിലർ ദുർബലരും ചിലർ ശക്തിമാന്മാരും ആണെന്ന് പറയുന്നത് തെറ്റാണെന്നാണ് രവിചന്ദ്രൻ പ്രസംഗിക്കാറുള്ളത്. 'അർഹതയുള്ളവരുടെ അതിജീവനം' എന്ന വാക്കുതന്നെ തെറ്റായ തർജ്ജമയാണെന്ന് എത്രയോ പ്രസംഗങ്ങളിൽ രവിചന്ദ്രൻ പറഞ്ഞിട്ടുണ്ട്. അതാത് സാഹചര്യത്തിന് അനുകുലമായത് എന്നതാണ് അതിന്റെ അർഥം. ഒരു ട്രെയിനിന്റെ ബോഗിയിൽ യാത്രചെയ്യുന്ന നീന്തൽക്കാർ ട്രെയിൻ അപകടത്തിൽ പെട്ടപ്പോൾ മുങ്ങിമരിച്ചതും, കിളിവാതിലിലുടെ തെറിച്ചുപോയ ഒരു പിഞ്ചുകുഞ്ഞ് മാത്രം അതിജീവിച്ചതുമായ ഉദാഹരണം, മിക്ക പരിണാമ ക്ലാസുകളിലും രവിചന്ദ്രൻ പറയാറുണ്ട്.
ഇവിടെ ബലവാനല്ല അതീജീവിച്ചത്. ഒരു കഞ്ഞാണ്. ആ സാഹചര്യത്തിന് ഫിറ്റായത് ആ കുഞ്ഞാണ്. അതാണ് ഡാർവിൻ പറഞ്ഞത്. അല്ലാതെ സർവൈവൽ ഓഫ് ഫിറ്റസ്റ്റ് എന്നാൽ അർഹതയുള്ളവരുടെ അതിജീവനമല്ല. ഏറ്റവും അനുയോജ്യമായതിന്റെ അതിജീവനമാണ്. ദിനോസർ മണ്ണിടഞ്ഞ നാട്ടിൽ ഉറുമ്പുകൾ അതിജീവിക്കുന്നപോലെ. ഇതാണ് വർഷങ്ങളായി രവിചന്ദ്രൻ പറയാറുള്ളത്. കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന് പരിണാമത്തെക്കുറിച്ച് ക്ലാസെടുത്ത വ്യക്തിയെയാണ് ജയദേവൻ ഈ രീതിയിൽ നുണകൾ പറഞ്ഞ് അപമാനിക്കുന്നത്.
ഗോഡ്സെയെ ന്യായീകരിക്കുന്നുവോ?
അതുപോലെ ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഒരുപോലെ ആരോപിക്കുന്ന ഒരു കാര്യമാണ് സി രവിചന്ദ്രൻ ഗോഡ്സെയെ അനുകൂലിച്ചുവെന്നത്. ജയദേവനും ഈ ലേഖനത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ രവിചന്ദ്രൻ നടത്തിയ 'വെടിയേറ്റ്‌വീണ വന്മരം' എന്ന പ്രഭാഷണത്തിൽ എങ്ങനെയാണ് മതവെറിയും, അന്ധമായ ദേശീയതാവാദവും, ഒരു മനുഷ്യനെ ഭ്രാന്തനാക്കി മാറ്റുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ പ്രഭാഷണം അതേ പേരിൽ തന്നെ ഡി.സി ബുക്സ് പുസ്തകം ആക്കുകയും ചെയ്തു. അത് വായിച്ച ഇസ്ലാമിസ്റ്റുകൾക്കും മാർക്വിസ്റ്റുകൾക്കും അല്ലാതെ, ആർക്കും ഇത് ഗോഡ്സെയെ ന്യായീകരിക്കുന്ന പുസ്തകമാണെന്ന് തോന്നിയിട്ടില്ല.
സുനിതാ ദേവദാസ് അടക്കമുള്ള സൈബർ സഖാക്കൾ ഉയർത്തിക്കൊണ്ടുവന്ന മറ്റൊരു നുണക്കഥയാണിത്. ഗാന്ധിജിയെപ്പോലെ തന്നെ ഭഗവത് ഗീതയെ തന്റെ എല്ലാമായി കണ്ട, സസ്യാഹാരിയും ശാന്തനുമായ ഒരു ചിദ്ഭവൻ ബ്രാഹ്മണൻ എങ്ങനെയാണ്, ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കുറ്റ കൃത്യത്തിലേക്ക് വന്നത് എന്നതിലാണ് വിഷയം രവിചന്ദ്രൻ കേന്ദ്രീകരിച്ചത്. ഗോഡ്സേ ഒരു ക്രൂരമായ മനുഷ്യൻ, ഹിന്ദുമതം ചക്കര എന്ന സ്ഥിരം വാദഗതികൾ വിട്ട് തന്റെ മതബോധം തന്നെയാണ് ഗോഡ്സെയെക്കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്ന് കൃത്യമായി സമർഥിക്കയാണ് ഇവിടെ ചെയ്യുന്നത്. ഇത് വളച്ചൊടിച്ചുകൊണ്ടാണ് ഗോഡ്സെയെ ന്യായീകരിച്ചുവെന്ന് ചാപ്പയടിക്കുന്നത്. ഇതോടെ സവർക്കറെപ്പോലെയുള്ള ഒരു നാസ്തികൻ തന്നെയാണ് രവിചന്ദ്രനും എന്ന രീതിയിലായി പ്രചാരണങ്ങൾ. അതുപോലെ തന്നെ കാർഷിക ബില്ലിനെ പലകാര്യങ്ങളും കർഷകർക്ക് ഗുണം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള രവിചന്ദ്രന്റെ പ്രഭാഷണവും, വലിയ വിവാദമായി. വാദങ്ങൾ ഖണ്ഡിക്കുന്നതിന് പകരം രവിചന്ദ്രനെ കർഷക വിരുദ്ധനാക്കിയാണ് ഇവർ ചിത്രീകരിച്ചത്. ഒടുവിൽ മോദി കർഷബിൽ പിൻവലിച്ചപ്പോഴും ഇവർ ട്രോളിയത് രവിചന്ദ്രനെയാണ്.
രവിചന്ദ്രൻ ഒരു സംഘപരിവാർ അനുഭാവിയാണെന്ന വാദവും പൊടിപൊടിക്കുന്നുണ്ട്. സത്യത്തിൽ സി രവിചന്ദ്രൻ വിമർശിച്ചപോലെ സംഘപരിവാറിനെ വിമർശിച്ചവർ കേരളത്തിൽ കുറവാണ്. ഇടത് ബുദ്ധി ജീവികൾ പൊതുവെ ഹിന്ദുത്വ, ബ്രാഹ്മണിസം എന്നൊക്കെ ചപ്പടാച്ചിയടിച്ച്, ഈ മതത്തിന്റെ ഹാർഡ് കോറിനെ വിമർശിക്കാതെ കടന്നുപോകുമ്പോൾ, സി രവിചന്ദ്രൻ ഹിന്ദുമതത്തെ തന്നെയാണ് പ്രതിക്കൂട്ടിൽ കയറ്റുന്നത്. ബിജെപി പയറ്റുന്നത് ഹിന്ദുത്വയൊന്നുമല്ല ശുദ്ധമായ ഹിന്ദുമതം തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. സംഘപരിവാറിനെയും അവർ പയറ്റുന്ന ഹിന്ദുമത രാഷ്ട്രീയത്തെയും വിമർശിച്ചുകൊണ്ട് നൂറുകണക്കിന് പ്രഭാഷണങ്ങളാണ് സി. രവിചന്ദ്രൻ നടത്തിയത്. അവയിൽ പലതും യ്യൂ ട്യൂബിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ടിട്ടുമുണ്ട്. ബുദ്ധനെ എറിഞ്ഞ കല്ല്, ബീഫും ബിലീഫും, ആദാമിന്റെ പാലവും രാമന്റെ സേതുവും,പകിട 13: ജ്യോതിഷ ഭീകരതയുടെ മറുപുറം, വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾ, വെളിച്ചപ്പാടിന്റെ ഭാര്യ; ന്ധവിശ്വാസങ്ങളുടെ അറുപത് വർഷങ്ങൾ' തുടങ്ങി താൻ എഴുതിയ നിരവധി പുസ്തങ്ങളിൽ അദ്ദേഹം സംഘപരിവാറിനെയും ഹിന്ദുമതത്തെും നിശിതമായാണ് വിമർശിക്കുന്നത്. അതുപോലെ സ്വാമി സന്ദീപാനന്ദഗിരി, ചിദാനന്ദപുരി, രാഹുൽ ഈശ്വർ, തുടങ്ങിയവരുമായുള്ള സംവാദങ്ങളിലൊക്കെ അദ്ദേഹം ഇതേ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്.
പ്രശ്നം കമ്യൂണിസത്തെ വിമർശിച്ചപ്പോൾ
സിപിഎം ബുദ്ധിജീവികളെപ്പോലെ വൺസൈഡ് നവോത്ഥാനം എന്ന അജണ്ട സി രവിചന്ദ്രൻ ഒരിക്കലും സ്വീകരിച്ചില്ല. മുഖ്യധാരാ മാധ്യമങ്ങളും ബുദ്ധിജീവികളും ഇസ്ലാമിനെ പ്രീണിപ്പിക്കാൻ മത്സരിക്കുമ്പോൾ, ഖുർആനെയും ഇസ്ലാമിക പ്രമാണങ്ങളെയും നിർദാക്ഷ്യണ്യം കടന്നാക്രമിച്ചുകൊണ്ടായിരുന്നു രവിചന്ദ്രൻ തന്റെ എഴുത്തും പ്രഭാഷണവും മുന്നോട്ട് കൊണ്ടുപോയത്. അപ്പോൾ മുതലാണ് അദ്ദേഹം സിപിഎം അടക്കമുള്ള ഒരു വിഭാഗം പാർട്ടികളുടെ കണ്ണിലെ കരട് ആയത് എന്നാണ് സ്വതന്ത്ര ചിന്തകർ പറയുന്നത്. മാത്രമല്ല ശാസ്ത്രസാഹിത്യ പരിഷത്തുപോലും ഒരു കാലത്ത് ശരിയാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ജൈവകൃഷി അടക്കമുള്ള മതേതര അന്ധവിശ്വാസങ്ങളെയും സി രവിചന്ദ്രൻ കടന്നാക്രമിച്ചു. ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ ശാസ്ത്രീയ അടിത്തറ ഇല്ലാത്ത 'സമാന്തര വൈദ്യങ്ങളെയും' അദ്ദേഹം എതിർത്തു.
ഏറ്റവും ഒടുവിലായി സംവരണം എന്ന കേരളത്തിൽ ആരും തൊടാൻ മടിക്കുന്ന വിഷയത്തിലും ക്രിയാത്മക വിമർശനം നടത്തി സി രവിചന്ദ്രൻ പ്രഭാഷണങ്ങൾ നടത്തി. ചെഗുവേരയെയും ലെനിനെയും, ഇഎംഎസിനെയും വിമർശിച്ചു. ആനയും ഉറുമ്പും, കേവലതൈലം, നാലാമതം, ബൂർഷ്വാ നദി എന്നപേരുകളിലുള്ള പ്രഭാഷണങ്ങളിൽ സി രവിചന്ദ്രൻ വിമശിക്കുന്നത് കമ്യൂണിസത്തെയാണ്. അതുപോലെ ഗസ്സ വിഷയത്തിലൊക്കെ ഇസ്രയേൽ മാത്രമാണ് വില്ലൻ എന്ന ഏകപക്ഷീയമായ ആരോപണങ്ങളും പൊളിഞ്ഞുവീണത് സി രവിചന്ദ്രനിലൂടെ ആയിരുന്നു. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റുകൾ അദ്ദേഹത്തെ സംഘിയാക്കി ആവതരിപ്പിക്കയായിരുന്നു.
അതുപോലെ രവിചന്ദ്രന് പറ്റുന്ന നാക്കുപിഴകൾ പോലും വലിയ പ്രശ്നമാക്കിയും ഇവർ അവതരിപ്പിക്കുന്നു.തന്റെ യ്യൂട്യൂബ് ചാനലായ 'ആന്റി വൈറസിലൂടെ' എതാണും ആഴ്ചകൾക്ക് മുമ്പ് 'ഹിറ്റലറും സ്റ്റാലിനും മാവോയും' നിരീശ്വരവാദികൾ ആയിരുന്നോ, എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സി രവിചന്ദ്രൻ നടത്തിയ ലൈവിൽ, അദ്ദേഹം ചെങ്കിസ്ഖാൻെ കുറിച്ച് ഒരു പരാമർശം നടത്തി. കൂട്ടക്കൊല ചെയ്ത വിവിധ ആളുകളെ പരാമർശിക്കുന്ന കൂട്ടത്തിൽ ഇസ്ലാമിലേക്ക് മതം മാറ്റാനായി ചെങ്കിസ്ഖാനും പല ക്രൂരകൃത്യങ്ങളും ചെയതുവെന്ന ഒരു തെറ്റായ പരാമർശനം അദ്ദേഹം നടത്തുകയുണ്ടായി.
മംഗളോയിഡ് വംശക്കാരനാണ് ചെങ്കിസ്ഖാൻ എന്ന് പറച്ചഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. പക്ഷേ ചെങ്കിസ്ഖാൻ ഇസ്ലാം ആയിരുന്നില്ല. ഇത് ലൈവ് കഴിഞ്ഞ ഏതാനും മിനുട്ടുകൾക്കുള്ളിൽ തന്നെ തിരുത്തുകയും, വീഡിയോയിൽനിന്ന് മാറ്റുകയും ചെയ്തു. തിരുത്ത് അപ്പോൾ തന്നെ കമന്റായി ഇട്ടു. അടുത്ത ലൈവിൽ കഴിഞ്ഞ തവണ നടത്തിയ പരാമർശം തെറ്റായിരുന്നുവെന്നു ചെങ്കിസ്ഖാൻ ഇസ്ലാം ആയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് ഇസ്ലാമിസ്റ്റുകൾ ഇത് വിവാദമാക്കിയത്. ഖാൻ എന്ന പേരുള്ളതുകൊണ്ട് ചെങ്കിസ്ഖാനെ രവിചന്ദ്രൻ ഇസ്ലാം ആക്കി എന്നായിരുന്നു പ്രചാരണം. ഇത് അപ്പോൾ തന്നെ തിരുത്തിയെന്ന് പറഞ്ഞിട്ടും സൈബർ ആക്രമണം തുടർന്നു. എന്നാൽ രവിചന്ദ്രൻ ഒരു തെറ്റ്പറ്റിയാൽ തിരുത്തും, ഖുർആനിലെയും മറ്റും നിരവധി തെറ്റുകളിൽ ഒന്നുപോലും ഇസ്ലാമിസ്റ്റുകൾ തിരുത്തുമോ എന്ന സ്വതന്ത്രചിന്തകരുടെ ചോദ്യത്തിന് ഇവർക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.
നേരത്തെയും സവർക്കറുടെയും രവിചന്ദ്രന്റെയും ചിത്രങ്ങൾ ഫോട്ടോ ഷോപ്പ് ചെയ്ത കുങ്കുമപൊട്ടും കാവിതൊപ്പിയണിയിച്ചും, കൃത്രിമ ചിത്രങ്ങൾ ഉണ്ടാക്കി ഇക്കൂട്ടർ പ്രചാരണം വ്യാപകമാക്കിയിരുന്നു.ആർ.എസ്.എസിന്റെ ഗണഗീതത്തിന്റെ ശൈലിയിൽ 'രവിചന്ദ്രാഷ്ഠകം പുണ്യം' എന്ന ഈ ഗീതമുണ്ടാക്കി ക്ലബ് ഹൗസ് തൊട്ട് സിപിഎം സൈബർ സഖാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വരെ വ്യാപകമായി പ്രചരിക്കലും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ താൻ സൈബർ ആക്രമണങ്ങൾക്ക് പത്തുപൈസയുടെ വില കൊടുക്കുന്നില്ലെന്നും, നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്നുമാണ് സി രവിചന്ദ്രൻ പറയുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ