കൊച്ചി: ജനങ്ങളുടെയിടയിൽ വർഗ്ഗീയ ഭ്രാന്ത് വളർത്താൻ പശുരാഷ്ട്രീയം കളിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ വിഭജനത്തിലേയ്ക്ക് നയിക്കുന്നുവെന്ന് കർണ്ണാടക മുൻ അഡ്വക്കേറ്റ് ജനറൽ പ്രൊഫ. രവിവർമ്മ കുമാർ പറഞ്ഞു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി കൊച്ചി വഞ്ചിസ്‌ക്വയറിൽ പശുവിന്റെ പേരിലുള്ള നരനായാട്ടിനെതിരെ സംഘടിപ്പിച്ച മനുഷ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൃഗസംരക്ഷണ നിയമവും അതിന്റെ ഭേദഗതിയുമൊക്കെ യഥാർത്ഥത്തിൽ ഒരു സംസ്ഥാന വിഷയമാണ്, കേന്ദ്ര വിഷയമല്ല. എന്നാൽ നരേന്ദ്ര മോദി ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം ഭേദഗതിചെയ്ത് വളച്ചൊടിച്ചതെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമടക്കമുള്ള ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കുവാനാണ് സംഘപരിവാർ ശക്തികൾ മനുഷ്യർക്ക് മേൽ ആക്രമണം നടത്തുകയും വർഗ്ഗീയഭ്രാന്ത് വളർത്തുകയും ചെയ്യുന്നത് എന്നും ജനങ്ങൾ സങ്കുചിതമായ ചിന്താഗതികളെല്ലാം മാറ്റിവച്ച് ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആഹ്വാനം ചെയ്ത പരിപാടിയിൽ ജനകീയ പ്രതിരോധസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻവൈസ് ചാൻസിലർ ഡോ.കെ.കെ.എൻ കുറുപ്പ്, ബി.ആർ.പി ഭാസ്‌കർ, ഡോ.ഡി.സുരേന്ദ്രനാഥ്, ഹാഷിം ചേന്ദാമ്പിള്ളി, എസ്.ബുർഹാൻ, ജയ്‌സൺ ജോസഫ്, എം.ഷാജർ ഖാൻ, ടി.കെ. സുധീർകുമാർ, അഡ്വ.ഹാമിദ് എസ് വടുതല, കെ.കെ.ഗോപിനാഥൻ നായർ, പി.പി സാജു, അഡ്വ.ബേസിൽ കുര്യാക്കോസ്, മുഹമ്മദ് അലി, ടി.ഡി സ്റ്റീഫൻ, രാജൻ ആന്റണി, ഷാജി ജോർജ്, ജി.എസ് പത്മകുമാർ, എൻ.കെ ബിജു, എ.ജെയിംസ്, ജബ്ബാർ മേത്തർ തുടങ്ങിയവർ പ്രസംഗിച്ചു.