ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തിവേന്ദ്ര സിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തീരുമാനം. ഡെറാഡൂണിൽ ഇന്ന് ചേർന്ന ബിജെപി പാർട്ടി നിയമസഭാകക്ഷി യോഗത്തിലാണ് റാവത്തിനെ മുഖ്യമന്ത്രിയാക്കതാൻ തീരുമാനിച്ചത്. ശനിയാഴ്‌ച്ച മുഖ്യമന്ത്രിയും എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ചടങ്ങിൽ സംബന്ധിക്കുമെന്നറിയുന്നു.

അമിത് ഷായുടെ വിശ്വസ്തനാണ് ഠാക്കൂർ വിഭാഗക്കാരനായ റാവത്ത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് യുപിയുടെ ചുമതലയും റാവത്തിന് ഉണ്ടായിരുന്നു. ആർഎസ്എസ്സുമായി വളരെ അടുത്തബന്ധം. 1997-202 കാലയളവിൽ ഉത്തരാഖണ്ഡ് ബിജെപിയിലെ ഓർഗനൈസേഷനൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 2007ൽ ബിജെപി സർക്കാരിലെ മന്ത്രിയായിരുന്നു. നിലവിൽ ബിജെപിയുടെ ദേശീയ സെക്രട്ടറിയും ഝാർഖണ്ഡിന്റെ ചുമതലയുമുള്ള പാർട്ടി നേതാവും. നിയമസഭയിൽ എത്തുന്നത് ഇത് മൂന്നാം തവണ.

റാവത്തിന് പുറമെ മുൻ മന്ത്രി പ്രകാശ് പന്ത്, മുൻ എംപി സത്പാൽ മഹാരാജ് എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നയാളാണ് മഹാരാജ്. പന്ത് പാർട്ടിയിലെ റാവത്തിന്റെ എതിരാളിയും. എന്നാൽ ഇരുവരുടേയും പേരുകൾ അന്തിമഘട്ടത്തിൽ തള്ളപ്പെടുകയായിരുന്നു.