- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്ന് സച്ചിന് ഇരട്ടസെഞ്ചുറി നിഷേധിച്ചവർ ഇന്ന് ജഡേജയോടും; ആരാധകർ വിമർശനം കടുപ്പിക്കവെ മറുപടിയുമായി രവീന്ദ്ര ജഡേജ; രോഹിത്തും ദ്രാവിഡുമല്ല, ഡിക്ലയർ നിർദേശിച്ചത് താനെന്ന് പ്രതികരണം; തീരുമാനം ശരിവച്ച് ബൗളർമാർ

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ഇരട്ടസെഞ്ചുറി പൂർത്തിയാക്കാൻ അവസരം നിഷേധിച്ചതിനെതിരെ ആരാധകർ ഉയർത്തിയ വിമർശനത്തിന് താരത്തിന്റെ മറുപടി. വ്യക്തിഗത സ്‌കോർ 175 നിൽക്കേ ഡിക്ലയർ ചെയ്യാമെന്നറിയിച്ചത് താൻ തന്നെയെന്ന് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തുറന്നുപറഞ്ഞു.
ജഡേജയെ ഇരട്ട സെഞ്ചുറി പൂർത്തിയാക്കാൻ അനുവദിക്കാതെ ടീം ഡിക്ലയർ ചെയ്യാൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും പരിശീലകൻ രാഹുൽ ദ്രാവിഡും ശ്രമിക്കുകയായിരുന്നു എന്ന വിമർശനം ശക്തമായ പശ്ചാത്തലത്തിലാണ് ജഡേജയുടെ വിശദീകരണം.
'ഇരട്ട സെഞ്ചുറി നോട്ടമിടൂ, അതിന് ശേഷം ഡിക്ലയർ ചെയ്യാം എന്നൊരു സന്ദേശം കുൽദീപ് യാദവിലൂടെ രോഹിത് ശർമ്മ അറിയിച്ചു. എന്നാൽ ആ നിർദേശത്തെ ഞാൻ എതിർത്തു. തളർന്നിരിക്കുന്ന ലങ്കൻ ബാറ്റർമാരെ ചായക്ക് മുമ്പ് ബാറ്റിംഗിനയച്ചാൽ വേഗം വിക്കറ്റുകൾ ലഭിച്ചേക്കാം' എന്നുപറഞ്ഞു- മൊഹാലി ടെസ്റ്റിന്റെ രണ്ടാംദിനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ രവീന്ദ്ര ജഡേജ വെളിപ്പെടുത്തി.
കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി കളംവാണ ജഡേജയെ, അർഹിച്ച ഇരട്ടസെഞ്ചുറി പൂർത്തിയാക്കാൻ അനുവദിക്കാതിരുന്നതാണ് ആരാധകരുടെ രോഷത്തിനു കാരണം. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 574 റൺസെടുത്തു നിൽക്കെയാണ് ക്യാപ്റ്റൻ രോഹിത് ശർമ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. ഈ സമയം 228 പന്തിൽ 17 ഫോറും മൂന്നു സിക്‌സും സഹിതം 175 റൺസുമായി ജഡേജ ക്രീസിലുണ്ടായിരുന്നു.
ശ്രീലങ്കൻ ബോളർമാർക്കുമേൽ ആധിപത്യം സ്ഥാപിച്ച് മുന്നേറിയ ജഡേജ ഇരട്ടസെഞ്ചുറി കുറിക്കുന്നതു കാണാൻ ആരാധകർ കാത്തിരിക്കുമ്പോഴായിരുന്നു രോഹിത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. ജഡേജയേപ്പോലൊരു താരത്തിന്റെ കരിയറിൽ അപൂർവമായി മാത്രം ലഭിക്കുന്ന ഇത്തരമൊരു അവസരം നിഷേധിച്ചത് ക്രൂരതയാണെന്ന് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നു.
രോഹിത്തിനെയും ദ്രാവിഡിനേയും കടന്നാക്രമിച്ച് നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തി. രണ്ടുമൂന്ന് ഓവർ കൂടി അനുവദിച്ചിരുന്നെങ്കിൽ ജഡേജ കന്നി ഇരട്ട സെഞ്ചുറി പേരിലാക്കുമായിരുന്നു എന്നായിരുന്നു ഇവരുടെ വാദം. ജഡേജയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് രോഹിത്ത് നിഷേധിച്ചത് എന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തു.
അതേസമയം രോഹിത്തിനും ദ്രാവിഡിനും പിന്തുണയുമായും ചിലർ രംഗത്തെത്തി. ടെസ്റ്റിൽ ദീർഘനേരം ബാറ്റ് ചെയ്ത് ക്ഷീണിതനായ ഒരു താരത്തിന് 2-3 ഓവർ കൊണ്ട് 25 റൺസ് നേടുക എളുപ്പമല്ല എന്നാണ് ഒരു ആരാധകന്റെ വാദം. ഫ്‌ളാറ്റ് പിച്ചിൽ രണ്ടുവട്ടം ലങ്കയെ പുറത്താക്കേണ്ട ആവശ്യകത ഇവർ ഓർമ്മിപ്പിക്കുന്നു
മുൻപ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന് ഇരട്ടസെഞ്ചുറി പൂർത്തിയാക്കാൻ അവസരം നൽകാതെ ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ തീരുമാനത്തോടാണ് പലരും രോഹിത്തിന്റെ തീരുമാനത്തെ താരതമ്യം ചെയ്തത്. ഇത്തവണ ജഡേജയ്ക്ക് ഇരട്ടസെഞ്ചുറി നിഷേധിക്കപ്പെടുമ്പോഴും ദ്രാവിഡ് മുഖ്യ പരിശീലകന്റെ വേഷത്തിൽ ഡ്രസിങ് റൂമിലുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രോഹിത്തിന്റെ തീരുമാനം വച്ചു നോക്കുമ്പോൾ കുറച്ചുകൂടി 'കഠിന'മായിരുന്നു ദ്രാവിഡിന്റെ ഡിക്ലറേഷൻ. 2004ൽ ഇന്ത്യ നടത്തിയ പാക്കിസ്ഥാൻ പര്യടനത്തിനിടെ മുൾട്ടാനിൽ നടന്ന ടെസ്റ്റിനിടെയാണ് ദ്രാവിഡിന്റെ കുപ്രസിദ്ധമായ ഡിക്ലറേഷൻ സംഭവിച്ചത്. അന്ന് സച്ചിന്റെ വ്യക്തിഗത സ്‌കോർ 194ൽ നിൽക്കെയാണ് ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്.
ടീമിനായുള്ള തീരുമാനമെന്ന് ദ്രാവിഡ് ന്യായീകരിച്ചെങ്കിലും, ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ അന്ന് ഇന്ത്യ ഇന്നിങ്‌സിനും 52 റൺസിനും ജയിച്ചു. അന്ന് ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ദ്രാവിഡിന്റെ തീരുമാനം കടുത്ത നിരാശയുളവാക്കിയെന്ന് സച്ചിൻ പിന്നീട് ആത്മകഥയിൽ എഴുതിയിരുന്നു.
എന്തായാലും ആരാധകർക്കിടയിലെ വലിയ പോരിന് ജഡേജയുടെ മറുപടിയോടെ വിരാമമായിരിക്കുന്നു. മാത്രമല്ല, ഇരട്ട സെഞ്ചുറിക്ക് മുമ്പ് ഡിക്ലയർ ചെയ്യാനുള്ള ജഡേജയുടെ നിർദ്ദേശം ഇന്ത്യൻ ടീമിന് ഗുണം ചെയ്തതാണ് രണ്ടാം ദിനത്തിന്റെ അവസാന മണിക്കൂറുകളിൽ കണ്ടത്. രണ്ടാംദിനം സ്റ്റംപെടുത്തപ്പോൾ 43 ഓവറിൽ നാല് വിക്കറ്റിന് 108 റൺസ് എന്ന നിലയിൽ പ്രതിരോധത്തിലാണ് ലങ്ക. ജഡേജയും അശ്വിനും ബുമ്രയും ചേർന്നാണ് ലങ്കൻ മുൻനിരയെ വിറപ്പിച്ചത്. പതും നിസങ്ക (26), ചരിത് അസലങ്ക (1) എന്നിവരാണ് ക്രീസിൽ. ലാഹിരു തിരിമാനെ (17), ദിമുത് കരുണരത്നയെ (28), എയ്ഞ്ചലോ മാത്യൂസ് (22), ധനഞ്ജയ ഡി സിൽവയും (1) എന്നിവരാണ് പുറത്തായ ലങ്കൻ ബാറ്റർമാർ.


