മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിനെതിരെ ടീം ഇന്ത്യ കളിക്കാൻ ഇറങ്ങുക തൊണ്ണൂറുകളെ ഓർമ്മിപ്പിക്കുന്ന ജേഴ്സി അണിഞ്ഞ്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ഇൻസ്റ്റഗ്രാമിലൂടെ ജേഴ്സിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.

ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ജൂൺ 18 മുതലാണ് ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലൻഡിനെ കെയ്ൻ വില്യംസണും നയിക്കും. ഇന്ത്യൻ ടീം ജൂൺ രണ്ടിന് യുകെയിലേക്ക് തിരിക്കും.

നിലവിൽ മുംബൈയിൽ ക്വാറന്റീനിലാണ് ടീം ഇന്ത്യ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ ഇന്ത്യ കളിക്കുന്നുണ്ട്.

ഫൈനൽ സമനിലയിലായാൽ ഇരു ടീമിനെയും വിജയിയായി പ്രഖ്യാപിക്കുമെന്ന് ഐസിസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിജയിയെ കണ്ടെത്താനായി മാത്രം റിസർവ് ദിനത്തിലേക്ക് (ആറാം ദിവസം) മത്സരം നീട്ടില്ല.

ഫൈനൽ ദിനങ്ങളിൽ മത്സരം നേരത്തെ ആരംഭിച്ചും അധികസമയം പ്രയോജനപ്പെടുത്തിയും സമയനഷ്ടം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലേ റിസർവ് ദിനം ഉപയോഗിക്കൂവെന്നും ഐസിസി വ്യക്തമാക്കി.

 
 
 
View this post on Instagram

A post shared by Ravindra jadeja (@ravindra.jadeja)

ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ, വൃദ്ധിമാൻ സാഹ.

സ്റ്റാൻഡ്ബൈ താരങ്ങൾ: അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാൻ, അർസാൻ നാഗ്വസ്വല്ല, കെ എസ് ഭരത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ കളിക്കും. തുടർന്ന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരത്തിനായി യുഎഇയിലേക്ക് ടീം യാത്ര തിരിക്കും.