മൻഹാട്ടൻ: ജനുവരി 11 ന് ഇമ്മിഗ്രേഷൻ അധികൃതർ പിടികൂടി ജയിലിലടച്ച ഇന്ത്യൻ വംശജനും, അനധികൃതകുടിയേറ്റക്കാരുടെ അവകാശങ്ങൾക്കു നിരന്തരമായി വാദിക്കുകയും ചെയ്തിരുന്ന രവിരഘ്ബീറിനെ ജയിലിൽ നിന്നും വിട്ടയയ്ക്കാൻ ജനുവരി 29ന് തിങ്കളാഴ്ച മൻഹാട്ടൻ ഫെഡറൽ കോടതി ജഡ്ജി കാതറിൻ ഫോറസ്റ്റ് ഉത്തരവിട്ടു.

രവിയെ അറസ്റ്റു ചെയ്തതു അനാവശ്യമായ ക്രൂരതയാണെന്ന് ജഡ്ജി വിധി ന്യായത്തിൽ അഭിപ്രായപ്പെട്ടു. 1991 ൽ വിസിറ്റേഴ്‌സ് വിസയിൽ അമേരിക്കയിലെത്തിയ രവി 1994 മുതൽ ഗ്രീൻ കാർഡ് ഫോൾഡറായിരുന്നു. 2006ൽ ഇമ്മിഗ്രേഷൻ അധികൃതർ ഇദ്ദേഹത്തെ പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. എന്നാൽ ഇതിനെതിരെ സ്റ്റേ ലഭിച്ച രവി നീതിക്കുവേണ്ടിയുള്ള തന്റെ പോരാട്ടം ശക്തിപ്പെടുത്തുകയായിരുന്നു.

ഇന്ന് ഫെഡറൽ ജഡ്ജ് വായിച്ച ഏഴുപേജു വരുന്ന വിധിന്യായത്തിൽ ഡൊണാൾഡ് ട്രമ്പിന്റെ ഇമ്മിഗ്രേഷൻ നയങ്ങളെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കോടതി ഉത്തരവ് ഉണ്ടായെങ്കിലും ഡിപോർട്ടേഷൻ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഇമ്മിഗ്രേഷൻ അധികൃതർ വെളിപ്പെടുത്തി. ജഡ്ജിയുടെ തീരുമാനത്തെ വിമർശിക്കുന്നതിന് അധികൃതർ തയ്യാറായി.

അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് ജഡ്ജിയുടെ ഉത്തരവ് വിപരീതഫലമാണ് ഉളവാക്കുക എന്നും ഇവർ ചൂണ്ടികാട്ടി. ഏതായാലും രവിയുടെ ജയിൽ വിമോചനം കുടുംബാംഗങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ആഘോഷമാക്കി.