ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾക്ക് മേൽ വീണ്ടും കടിഞ്ഞാണിടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി രവിശങ്കർ പ്രസാദ് നൽകിക്കഴിഞ്ഞു. ട്വിറ്ററിനെതിരെ കടുത്ത നടപടിക്കാണ് കേന്ദ്ര നീക്കം. ്പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇക്കാര്യത്തിൽ തീരുമാനം എടുത്തു കഴിഞ്ഞു.

സാമൂഹിക മാധ്യമങ്ങൾ ഇന്ത്യൻ നിയമങ്ങൾ പാലിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും അക്രമങ്ങൾ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രിയുടെ മുന്നറിയിപ്പ്.അഭിപ്രായ സ്വാതന്ത്ര്യം പരമമല്ലെന്നും രവിശങ്കർ പ്രസാദ് രാജ്യസഭയിൽ വ്യക്തമാക്കി.

കർഷക സമരത്തിനുൾപ്പടെ സോഷ്യൽമീഡിയ വ്യാപകമായ തോതിൽ ഉപയോഗപ്പെടുത്തി എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പരാമർശം.ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾ കർഷക സമരത്തിൽ കേന്ദ്രസർക്കാറിനെതിരായി പ്രവർത്തിച്ചു എന്നാണ് കേന്ദ്രത്തന്റെ വിലയിരുത്തൽ.

സാമൂഹിക മാധ്യമങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു. സാധാരണക്കാരെ അവ ശാക്തീകരിച്ചിട്ടുമുണ്ട്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ സാമൂഹികമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. പക്ഷെ രാജ്യത്ത് വ്യാജവാർത്തകളും അക്രമവും പരത്താനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒരു തരത്തിലും അനുവദിക്കില്ല. കൃത്യമായ തെളിവുകൾ ലഭിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ട്വിറ്റർ, ഫേസ്‌ബുക്ക്, യു ട്യൂബ്, ലിങ്ക്ഡ്ഇൻ എന്നിവയെ പേരെടുത്തു പറഞ്ഞായിരുന്നു രാജ്യസഭയിൽ കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് ക്യാപിറ്റോൾ അക്രമം നടന്നപ്പോൾ സാമൂഹിക മാധ്യമങ്ങൾ പൊലീസുമായി സഹകരിച്ചു. പക്ഷേ ചെങ്കോട്ടയിൽ അക്രമം നടന്നപ്പോൾ ഇന്ത്യൻ സർക്കാരിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ചെങ്കോട്ട നമ്മുടെ അഭിമാനസ്തംഭമാണ്. ഇരട്ടത്താപ്പ് അനുവദിക്കാൻ ആകില്ല കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാറും ട്വിറ്ററുമായുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെയാണ് രവിശങ്കർ പ്രസാദിന്റെ പ്രസ്താവന. ഖാലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നതും പാക്കിസ്ഥാന്റെ പ്രേരണയിൽ പ്രവർത്തിക്കുന്നതുമായ 1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിനോട് നിർദ്ദേശിച്ചിരുന്നു.