- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് കലാപക്കേസിൽ ലീഗും കോൺഗ്രസും ഒന്നും സഹായിച്ചില്ല; ഞങ്ങൾക്ക് അവിടെ പഞ്ചായത്ത് ഇലക്ഷന് പോലും നിൽക്കണമെന്ന് താൽപര്യമില്ല എന്നാണ് അവർ പറഞ്ഞത്; മുസ്‌ളീം സ്‌നേഹമെന്നാൽ ഇവിടെ ശരിക്കും വോട്ടുബാങ്ക് പൊളിറ്റിക്‌സാണ്; ആർ ബി ശ്രീകുമാറിന്റെ പഴയ അഭിമുഖം ചർച്ചയാവുമ്പോൾ
ന്യുഡൽഹി: ഗുജറാത്ത് കലാപക്കസേിൽ വ്യാജസത്യാവാങ്ങ്മൂലം നൽകിയെന്ന ആരോപണത്തിൽ നിയമനടപടികൾ നേരിടുകയാണ്, മലയാളിയായ മുൻ ഗുജറാത്ത് എ.ഡി.ജി.പി ആർ ബി ശ്രീകുമാർ. സാമൂഹിക പ്രവർത്തക ടീസ്റ്റ് സെറ്റൽവാദിന് പിന്നാലെ, കഴിഞ്ഞാഴ്ച ആർ ബി ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിക്കെതിരെ മൊഴികൊടുത്തതിന്റെ പ്രതികാരമാണ്, ശ്രീകുമാറിനെതിരായ നടപടികൾ എന്ന് വ്യാപകമായ വിമർശനം വരുന്നുണ്ട്.
ഈ സമയത്താണ് ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇസ്ഹാൻ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി അടക്കമുള്ളവരെ കോൺഗ്രസ് സഹായിച്ചില്ല എന്ന ഗുരുതര ആരോപണം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഉയർത്തുന്നത്. ഇത് തെറ്റാണെന്ന് മറുപടി പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു.
ഈ സാഹചര്യത്തിൽ ആർ ബി ശ്രീകുമാറിന്റെ പഴയ ഒരു അഭിമുഖം സോഷ്യൽ മീഡിയിൽ ചർച്ചയാവുകയാണ്. 2015 ഫെബ്രുവരിയിൽ 'പച്ചക്കുതിര' മാസികയിൽ, പ്രശസ്ത സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രനുമായി നടത്തിയ അഭിമുഖത്തിൽ ഗുജറാത്ത് കേസിൽ തനിക്ക് ആരുടെയും സഹായം കിട്ടിയിട്ടില്ലെന്ന് ആർ ബി ശ്രീകുമാർ പറയുന്നുണ്ട്. കോൺഗ്രസും മുസ്ലിം ലീഗും ഒന്നും സഹായിച്ചില്ലെന്നും, മുസ്‌ളീം സ്‌നേഹമെന്നാൽ ഇവിടെ ശരിക്കും വോട്ടുബാങ്ക് പൊളിറ്റിക്‌സാണെന്നും ആർ ബി ശ്രീകുമാർ തുറന്നടിക്കുന്നു.
അത് വെറും വോട്ട്ബാങ്ക് പൊളിറ്റിക്സ്
കേരളത്തിലെ മുസ്ലിം സ്നേഹ വെറും വോട്ട് ബാങ്ക് പൊളിറ്റിക്സ് മാത്രമാണെന്ന് സി രവിചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു. ''ഇവിടുത്തെ മിക്ക രാഷ്ട്രീയകക്ഷികളെയും ഞാൻ സമീപിച്ചിട്ടുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്‌ളീം ലീഗും കോൺഗ്രസ്സും ഉൾപ്പെടെ. എല്ലാ പാർട്ടികളിലും ഉന്നത തലത്തിൽ ചില സുഹൃത്തുകളുണ്ട്. 'കലാപവുമായി ബന്ധപ്പെട്ട് പ്രധാനമായും 9 കേസുകളുണ്ട്. ഏതെങ്കിലും ഒരെണ്ണം പാർട്ടി സ്‌പോൺസർ ചെയ്യണം. വക്കീലിനെ ഞങ്ങൾ ഏർപ്പാടാക്കാം. വക്കീൽ ഫീസ് നേരിട്ട് കൊടുത്താൽ മതി. ഞങ്ങൾ കേസുമായി മുന്നോട്ടു പോകാം' -എന്നൊക്കെ അറിയിച്ചു. പക്ഷെ ആരും അനുകൂലമായി പ്രതികരിച്ചില്ല. ''ശ്രീകുമാർ, നിങ്ങൾ നല്ല കാര്യങ്ങളാണ് ചെയ്യുന്നത്. നിങ്ങളെ സഹായിക്കാൻ എന്തെങ്കിലുമൊക്കെ ഞങ്ങൾ ചെയ്യാം''- എന്നായിരുന്നു വാഗ്ദാനം.
വണ്ടിക്കൂലി തന്ന് പോലും എന്നെ സഹായിക്കേണ്ടെന്ന് ഞാനവരോട് പറഞ്ഞു. തങ്ങൾക്കവിടെ പഞ്ചായത്ത് ഇലക്ഷന് പോലും നിൽക്കണമെന്ന് താൽപര്യമില്ലെന്നാണ് അവർ പറഞ്ഞത്. മുസ്‌ളീം സ്‌നേഹമെന്നാൽ ഇവിടെ ശരിക്കും വോട്ടുബാങ്ക് പൊളിറ്റിക്‌സാണ്. അല്ലാതെ സ്വന്തം സമുദായംഗമാണെന്ന പരിഗണന പോലും ആരും കാണിക്കുന്നില്ല.''- ആർ ബി ശ്രീകുമാർ ചൂണ്ടിക്കാട്ടി.
'മോദി പ്രതികാരം ചെയ്യാൻ സമയം നൽകി'
അതേസമയം നരേന്ദ്ര മോദിക്കെതിരെ നടത്തിയ മൊഴിയിൽ ആർ ബി ശ്രീകുമാർ ഉറച്ചു നൽക്കയാണ്. '' ശരിക്കും രാഷ്ട്രീയ സിനിമകളിലെ വില്ലന്മാരെപോലെ നരേന്ദ്ര മോദി ലഹളയ്ക്ക് തലേന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയൊക്കെ വിളിച്ചുകൂട്ടി വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് അക്ഷരാർത്ഥത്തിൽ കലാപം ആസൂത്രണം ചെയ്തുവെന്നാണല്ലോ താങ്കൾ പറയുന്നത്. ആ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവോ?''- എന്ന സി രവിചന്ദ്രന്റെ ചോദ്യത്തിന് ആർ ബി ശ്രീകുമാർ ഇങ്ങനെ മറുപടി നൽകുന്നു.
''നൂറ് ശതമാനവും ഉറച്ചുനിൽക്കുന്നു. 2002 ഫെബ്രുവരി 27 വൈകിട്ട് ഗോധ്രാ സന്ദർശിച്ച ശേഷം മോദി സാഹിബ് രാത്രി 9-10 മണിയായപ്പോൾ വീട്ടിൽ വന്നു. മോദി സാബ് സീനിയർ പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിപ്പിച്ചു. എന്റെ ഡി.ജി.പിയും പോയി. അടുത്ത ദിവസം രാവിലെ ആംഡ് പൊലീസിന്റെ 14 ബറ്റാലിയനുകളുടെ തയ്യാറെടുപ്പ് ഉറപ്പുവരുത്താനുള്ള നിർദ്ദേശം അദ്ദേഹത്തിന് ലഭിച്ചു. ഞാനും ഡി.ജി.പിയും നല്ല ബന്ധത്തിലായിരുന്നു. അദ്ദേഹം തമിഴ് സംസാരിക്കും. അദ്ദേഹം പറഞ്ഞു: 'ശ്രീകുമാർ കാര്യങ്ങൾ വളരെ കഷ്ടത്തിലാണ്. ഇന്നലെ മോദി സാർ മീറ്റിംഗിൽ പറഞ്ഞത് ഹിന്ദുക്കളുടെ പ്രതികാരാഗ്നി മൂന്ന് ദിവസം കത്തിജ്വലിക്കും. നിങ്ങളാരും ഇടപെടരുത്. ഹിന്ദുക്കൾ വളരെ ദുഃഖിതരാണ്. സാധാരണ വർഗ്ഗീയകലാപം ഉണ്ടായാൽ ഇരുപക്ഷത്തെയും നിങ്ങൾ തുല്യമായി അറസ്റ്റ് ചെയ്യും. അതിവിടെ പാടില്ല' എന്നാണ്.
യോഗത്തിൽ ആരുമൊന്നും മറുത്ത് പറഞ്ഞില്ലത്രെ. എന്റെ ഡി.ജി.പിയും നിശബ്ദനായിരുന്നു. ഇക്കാര്യങ്ങളൊക്കെ ഞാൻ വിശദമായി സത്യവാങ്മൂലത്തിൽ എഴുതിക്കൊടുത്തിട്ടുണ്ട്. മോദി സാബ് വിളിച്ച യോഗത്തിൽ മിണ്ടാതിരുന്നത് ശരിയായില്ലെന്ന് ഞാൻ ഡി.ജി.പിയോട് തുറന്നു പറഞ്ഞു. ക്രിമിനൽ പ്രൊസിഡീയർ കോഡനുസരിച്ച് ക്രമസമാധാനം പാലിക്കാനുള്ള കടമയും അധികാരവും ഡി.ജി.പിക്കാണ്. അതിന് മേൽ രാഷ്ട്രപതിക്ക് പോലും അധികാരമില്ല. പൊലീസ് അതനുസരിച്ച് നടപടിയെടുക്കണം. അങ്ങനെ ചെയ്യാമെന്ന് അദ്ദേഹമെനിക്ക് ഉറപ്പ് നൽകി-പക്ഷെ ചെയ്തില്ല.''- ആർ ബി ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ