ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. കാലാപം ആസൂത്രിതവും ഏകപക്ഷീയവുമായ വംശഹത്യയാണെന്നാണ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്. എന്നാൽ അത് പുർണ്ണമായും അങ്ങനെ അല്ലെന്നാണ്, മുൻ ഡിജിപിയും സംഘപരിവാർ വിരുദ്ധപോരാട്ടത്തിന്റെ മുന്നണിപ്പടയാളികളിൽ ഒരാളുമായി ആർ ബി ശ്രീകുമാർ പറഞ്ഞത്. 2015 ഫെബ്രുവരിയിൽ 'പച്ചക്കുതിര' മാസികയിൽ, പ്രശസ്ത സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രനുമായി നടത്തിയ അഭിമുഖത്തിൽ, ആർ ബി ശ്രീകുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നത്.

ഗുജറാത്ത് കലാപക്കസേിൽ വ്യാജ സത്യാവാങ്ങ്മൂലം നൽകിയെന്ന ആരോപണത്തിൽ നിയമനടപടികൾ നേരിടുകയാണ്, മലയാളിയായ ആർ ബി ശ്രീകുമാർ. സാമൂഹിക പ്രവർത്തക ടീസ്റ്റ് സെറ്റൽവാദിന് പിന്നാലെ, ആർ ബി ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിക്കെതിരെ മൊഴികൊടുത്തതിന്റെ പ്രതികാരമാണ്, ശ്രീകുമാറിനെതിരായ നടപടികൾ എന്ന് വ്യാപകമായ വിമർശനം വരുന്നുണ്ട്. എന്നാൽ ഏകപക്ഷീയമായി ഒരു വിഭാഗത്തിന്റെ മാത്രം പക്ഷം പിടിച്ച് സംസാരിക്കുന്ന ആളല്ല ശ്രീകുമാർ എന്ന് ഈ അഭിമുഖത്തിലൂടെ വ്യക്തമാവുകയാണ്.

അധോലോകം ഉള്ളിടത്ത് കലാമില്ല

പച്ചക്കുതിരയിലെ അഭിമുഖത്തിൽ സി രവിചന്ദ്രൻ ഇങ്ങനെ ചോദിക്കുന്നു. '' പക്ഷെ, എതിർഭാഗത്തുനിന്നും ഉയരുന്ന പ്രധാന ആരോപണം-താങ്കൾ പലതും കണ്ടു-പക്ഷെ ഒറ്റക്കണ്ണനായിരുന്നു എന്നതാണ്... ഔദ്യോഗിക കണക്കനുസരിച്ച് ഗുജറാത്ത് കലാപത്തിൽ 790 മുസ്‌ളീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഒന്നര ലക്ഷം മുസ്‌ളീങ്ങൾക്കും പതിനായിരം ഹിന്ദുക്കൾക്കും കലാപം മൂലം പലായനം ചെയ്യേണ്ടിവന്നു. പക്ഷെ ഹിന്ദുവിഭാഗത്തിന്റെ നാശനഷ്ടങ്ങളെ കുറിച്ച് ആകെ ഒരു വരി മാത്രമാണ് താങ്കളുടെ പുസ്തകത്തിലുള്ളത്.... താങ്കൾ ഒറ്റക്കണ്ണനായിരുന്നുവോ?''.

ഇതിന് മറുപടിയായി ആർ ബി ശ്രീകുമാർ ഇങ്ങനെ പറയുന്നു. ''അല്ല. തീർച്ചയായുമല്ല. മുസ്‌ളീം മതമൗലികവാദികൾ ഹിന്ദുക്കൾക്കെതിരെ അക്രമം പ്‌ളാൻ ചെയ്തത്തിന്റെ മുഴുവൻ റിപ്പോർട്ടും ഞാൻ മേലധികാരികൾക്ക് നൽകിയിട്ടുണ്ട്. 176 പേജ് വരുന്ന എന്റെ സത്യവാങ്മൂലത്തിൽ രേഖകൾ സഹിതം അതൊക്കെ ഉദ്ധരിച്ചിട്ടുണ്ട്. 2002 ഏപ്രിലിൽ ഇന്റലിജൻസ് മേധാവിയായതിന് ശേഷം താഴെത്തട്ടിൽ നിന്നും ശേഖരിച്ച കലാപസാധ്യതകളെ കുറിച്ചുള്ള വിവരങ്ങൾ മുഴുവൻ രേഖാമൂലം മുകളിലേക്ക് അയച്ചിരുന്നു-കലർപ്പില്ലാതെ.''- ശ്രീകുമാർ വ്യക്തമാക്കി.

തുടർന്ന് സി രവിചന്ദ്രൻ ഇങ്ങനെ ചോദിക്കുന്നു. ''ഏകപക്ഷീയമായ ഒരാക്രമണം എന്ന നിലയിൽനിന്നും പരസ്പരം പോരടിക്കുന്ന ഒരു ലഹളയായി ഗുജറാത്ത് കലാപം പരിണമിച്ചതിനെ കുറിച്ച് താങ്കളുടെ വിവരണങ്ങളിൽ കാണുന്നില്ലെന്നാണ് വിമർശനം. എങ്ങനെയാണ് ഇര-വേട്ടക്കാരൻ ദ്വന്ദം ഉപയോഗിച്ചാൽ പോലും ഇത്രയും നാശം ഇരുപക്ഷത്തുമുണ്ടാകുന്നത്...?''.

ഇതിന് ശ്രീകുമാറിന്റെ മറുപടി ഇങ്ങനെയാണ് -''അത് ശരിയാണ്. പല സ്ഥലത്തും മുസ്‌ളീങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിരോധമുണ്ടായി. മുസ്‌ളീം വിഭാഗത്തിൽ അധോലോകം ഇല്ലാതിരുന്ന മേഖലകളിലാണ് മുസ്‌ളീങ്ങൾ കൂടുതലായും കൊല്ലപ്പെട്ടത്. ഉദാഹരണമായി ദരിയ, ദഗ്ഗർബാദ് തുടങ്ങിയ അധോലോകമുള്ള സ്ഥലങ്ങളിലൊന്നും അക്രമാസക്തമായ ഹിന്ദു ജനക്കൂട്ടം പോയില്ല. അതുപോലെതന്നെ, അധോലോക മേഖലകളിൽ അക്രമത്തിന് പോയവരാണ് കൊല്ലപ്പെട്ട ഹിന്ദുക്കളിൽ ഏറെയും.''- അദ്ദേഹം വ്യക്തമാക്കി.

ഗർഭിണിയുടെ ശൂലം കുത്ത് കെട്ടുകഥയല്ല

ഗുജറാത്ത് കലാപത്തോട് അനുബന്ധിച്ച് പുറത്തുവന്നിട്ടുള്ള ഏറ്റവും സ്‌തോഭജനകമായ ഒരു സംഭവം ഒരു ഗർഭിണിയുടെ വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത് കത്തിച്ചു എന്ന വാർത്തയാണ്. കലാപം അന്വേഷിച്ച കമ്മീഷനുകളും ഔദ്യോഗിക ഏജൻസികളും ഈ സംഭവം ശക്തമായി നിഷേധിച്ചിരുന്നു. എന്നാൽ ദേശീയപ്രാധാന്യംനേടിയ ഈ സംഭവം നടന്നതായി ആർ ബി ശ്രീകുമാറിന്റെ പുസ്തകത്തിൽ രണ്ടിടത്ത് പരാമർശിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്തെന്ന ചോദ്യത്തിന് ശ്രീകുമാർ ഇങ്ങനെ മറുപടി നൽകുന്നു. ''സംഭവം നടന്നിട്ടുണ്ട്. മോദി സർക്കാരിന്റെ കൗശലപൂർവമായ വളച്ചൊടിക്കലാണ് പിന്നീട് നാം കണ്ടത്. പൊലീസ് കോൺസ്റ്റബിൾ മുതൽ ഉന്നതതലംവരെ അദ്ദേഹത്തോട് അനുഭാവം കാണിച്ച എല്ലാവരും അതിന്റെ ഭാഗമായി. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറെക്കൊണ്ട് അങ്ങനെ നടന്നിട്ടില്ലെന്ന് എഴുതിപ്പിച്ചു. ഗർഭിണിയായ മാതാവ് ലഹളയിൽ മരിച്ചിരുന്നു. വയറു പിളർന്ന കാര്യം ഡോക്ടറുടെ റിപ്പോർട്ടിൽ മറച്ചുവെച്ചു. ഇനിയതൊന്നും തെളിയിക്കാൻ പറ്റില്ല.''- ശ്രീകുമാർ വ്യക്തമാക്കി.

ഏറ്റവും പിന്നാക്കം നിൽക്കുന്ന ദളിതരെ പ്രകോപിച്ച് മുസ്‌ളീങ്ങൾക്കെതിരെ തിരിച്ചാണ് കലാപം നിർമ്മിച്ചതെന്നും ആ്ര് ബി ശ്രീകുമാർ വ്യക്തമാക്കുന്നു.''അതെന്റെ മാത്രം അഭിപ്രായമായി കാണേണ്ട. കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. കുറ്റവാളികളുടെ 65-70% പേർ ദളിത്-പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. പൊലീസിന്റെ കയ്യിലുള്ള കണക്കും മുസ്‌ളീം സംഘടനകളുടെ കണക്കും അങ്ങനെതന്നെയാണ്.''- ശ്രീകുമാർ പറഞ്ഞു.

''ശരിക്കും രാഷ്ട്രീയ സിനിമകളിലെ വില്ലന്മാരെപോലെ നരേന്ദ്ര മോദി ലഹളയ്ക്ക് തലേന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയൊക്കെ വിളിച്ചുകൂട്ടി വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് അക്ഷരാർത്ഥത്തിൽ കലാപം ആസൂത്രണം ചെയ്തുവെന്നാണല്ലോ താങ്കൾ പറയുന്നത്. ആ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവോ' എന്ന ചോദ്യത്തിന് നൂറ് ശതമാനവും ഉറച്ചുനിൽക്കുന്നു എന്നാണ് ആർ ബി ശ്രീകുമാറിന്റെ മറുപടി. '' 2002 ഫെബ്രുവരി 27 വൈകിട്ട് ഗോധ്രാ സന്ദർശിച്ച ശേഷം മോദി സാഹിബ് രാത്രി 9-10 മണിയായപ്പോൾ വീട്ടിൽ വന്നു. മോദി സാബ് സീനിയർ പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിപ്പിച്ചു. എന്റെ ഡി.ജി.പിയും പോയി. അടുത്ത ദിവസം രാവിലെ ആംഡ് പൊലീസിന്റെ 14 ബറ്റാലിയനുകളുടെ തയ്യാറെടുപ്പ് ഉറപ്പുവരുത്താനുള്ള നിർദ്ദേശം അദ്ദേഹത്തിന് ലഭിച്ചു.

ഞാനും ഡി.ജി.പിയും നല്ല ബന്ധത്തിലായിരുന്നു. അദ്ദേഹം തമിഴ് സംസാരിക്കും. അദ്ദേഹം പറഞ്ഞു: ''ശ്രീകുമാർ കാര്യങ്ങൾ വളരെ കഷ്ടത്തിലാണ്. ഇന്നലെ മോദി സാർ മീറ്റിംഗിൽ പറഞ്ഞത് ഹിന്ദുക്കളുടെ പ്രതികാരാഗ്നി മൂന്ന് ദിവസം കത്തിജ്വലിക്കും. നിങ്ങളാരും ഇടപെടരുത്. ഹിന്ദുക്കൾ വളരെ ദുഃഖിതരാണ്. സാധാരണ വർഗ്ഗീയകലാപം ഉണ്ടായാൽ ഇരുപക്ഷത്തെയും നിങ്ങൾ തുല്യമായി അറസ്റ്റ് ചെയ്യും. അതിവിടെ പാടില്ല''എന്നാണ്. യോഗത്തിൽ ആരുമൊന്നും മറുത്ത് പറഞ്ഞില്ലത്രെ. എന്റെ ഡി.ജി.പിയും നിശബ്ദനായിരുന്നു. ഇക്കാര്യങ്ങളൊക്കെ ഞാൻ വിശദമായി സത്യവാങ്മൂലത്തിൽ എഴുതിക്കൊടുത്തിട്ടുണ്ട്.

മോദി സാബ് വിളിച്ച യോഗത്തിൽ മിണ്ടാതിരുന്നത് ശരിയായില്ലെന്ന് ഞാൻ ഡി.ജി.പിയോട് തുറന്നു പറഞ്ഞു. ക്രിമിനൽ പ്രൊസിഡീയർ കോഡനുസരിച്ച് ക്രമസമാധാനം പാലിക്കാനുള്ള കടമയും അധികാരവും ഡിജിപിക്കാണ്. അതിന് മേൽ രാഷ്ട്രപതിക്ക് പോലും അധികാരമില്ല. പൊലീസ് അതനുസരിച്ച് നടപടിയെടുക്കണം. അങ്ങനെ ചെയ്യാമെന്ന് അദ്ദേഹമെനിക്ക് ഉറപ്പ് നൽകി-പക്ഷെ ചെയ്തില്ല.''- ആർ ബി ശ്രീകുമാർ വ്യക്തമാക്കി.