ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ പുതിയ വായ്‌പ്പാ നയം പ്രഖ്യാപിച്ചപ്പോഴും നിരക്കുകളിൽ മാറ്റമില്ല. വായ്പകൾക്ക് ബാങ്കുകളിൽ നിന്നും റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് നാലു ശതമാനമായി തുടരും. വിലക്കയറ്റം നിയന്ത്രണവിധേമല്ലാത്ത സാഹചര്യത്തിലാണ് പലിശനിരക്കിൽ മാറ്റം വരുത്തേണ്ട എന്ന് പണ നയ സമിതി തീരുമാനിച്ചത്.

മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി, ബാങ്ക് നിരക്ക് എന്നിവയിലും മാറ്റമില്ല. 4.25 ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിന് അനുകൂലമായ നിലപാട് തുടരും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽ നിന്ന് സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. അതേസമയം വിലക്കയറ്റം പിടിച്ചുനിർത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ പറഞ്ഞു.

നടപ്പുസാമ്പത്തിക വർഷം രാജ്യത്തിന്റെ ജിഡിപി വളർച്ചാനിരക്ക് നെഗറ്റീവ് ആയിരിക്കും. ജിഡിപിയിൽ മൈനസ് 7.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്നാണ് അനുമാനമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.