- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്പയെടുത്തവർക്ക് ആശ്വാസം; പുനക്രമീകരണത്തിന് പദ്ധതി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്; ആനുകൂല്യത്തിന്റെ കാലാവധി സെപ്റ്റംബർ 30 വരെ; വായ്പ പുനക്രമീകരണത്തിന് അനുവാദമുള്ളത് കഴിഞ്ഞതവണ പുനക്രമീകരിക്കാത്തവർക്ക്
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വീണ്ടും വായ്പകൾ പുനഃ സംഘടിപ്പിക്കാൻ അനുവദിച്ച് റിസർവ് ബാങ്ക്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും 25 കോടി വരെയുള്ള വായ്പകൾ പുനഃക്രമീകരിക്കാനാണ് റിസർവ് ബാങ്ക് അനുവദിച്ചത്. കോവിഡിന്റെ ആദ്യ സമയത്ത് പ്രഖ്യാപിച്ച ഒന്നാം ഘട്ട വായ്പ പുനഃ സംഘടന സൗകര്യം പ്രയോജനപ്പെടുത്താത്തവർക്കാണ് പുതിയ പദ്ധതി.
കോവിഡിന്റെ ആദ്യ തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയ സമയത്ത് കേന്ദ്രസർക്കാർ അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. ഈസമയത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വ്യക്തികൾ ഉൾപ്പെടെയുള്ളവർക്ക് റിസർവ് ബാങ്ക് വായ്പ പുനഃ സംഘടന പദ്ധതി അനുവദിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ വായ്പ പുനഃ സംഘടന പദ്ധതിയാണ് റിസർവ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം വായ്പകൾ പുനഃക്രമീകരിക്കാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് റിസർവ് ബാങ്ക് പുതിയ പദ്ധതി അനുവദിച്ചത്. മാർച്ച് വരെ സ്റ്റാൻഡേർഡ് അക്കൗണ്ടുകളായി കണക്കാക്കിയിരുന്ന വായ്പകൾക്കാണ് ഇത് പ്രയോജനപ്പെടുത്താൻ കഴിയുകയെന്നും റിസർവ് ബാങ്ക് അറിയിച്ചു.
സെപ്റ്റംബർ 30 വരെയാണ് ഇതിന് പ്രാബല്യം. അപേക്ഷിച്ച് 90 ദിവസത്തിനകം ഇത് നടപ്പാക്കണം. ഇത് ഒറ്റത്തവണ പദ്ധതിയാണ്. ആദ്യത്തെ വായ്പ പുനഃ സംഘടന പദ്ധതി പ്രയോജനപ്പെടുത്തിയവർക്കും റിസർവ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. വായ്പ പദ്ധതി പുതുക്കാനും മൊറട്ടോറിയം കാലാവധി നീട്ടാനും ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി.
ഒന്നാം കോവിഡ് തരംഗത്തിൽ നിന്ന് തിരിച്ചുകയറിയ സമ്പദ് വ്യവസ്ഥ വീണ്ടും വെല്ലുവിളികൾ നേരിടുന്നതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നൽകി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. സമ്പദ്വ്യവസ്ഥയെ പിടിച്ചുനിർത്താൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ ബാങ്കുകളെ സഹായിക്കാൻ 50000 കോടി രൂപ വായ്പയായി അനുവദിക്കും. ആശുപത്രികൾ, ഓക്സിജൻ വിതരണക്കാർ, വാക്സിൻ ഇറക്കുമതിക്കാർ, കോവിഡ് മരുന്നുകൾ എന്നിവയ്ക്ക് വായ്പ അനുവദിക്കാനാണ് ബാങ്കുകൾക്ക് പണലഭ്യത ഉറപ്പുവരുത്തുന്നത്. അടുത്ത വർഷം മാർച്ച് 22 വരെയാണ് വായ്പ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായ്പ പുനഃസംഘടന സൗകര്യം പ്രയോജനപ്പെടുത്താത്ത ചെറുകിട കച്ചവടക്കാർക്കും, വ്യക്തികൾക്കും 25 കോടി രൂപ വരെ വായ്പ അനുവദിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കെവൈസി വ്യവസ്ഥകളിൽ ഇളവ് അനുവദിക്കും. വീഡിയോ അടിസ്ഥാനമാക്കിയുള്ള കൈവൈസി നടപടികൾ സ്വീകരിക്കും. ബാങ്കുകളിൽ ഇടപാടുകാർ നേരിട്ട് പോകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ