ന്യൂഡൽഹി: 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ ആർബിഐ തീരുമാനിച്ചു. വെള്ളിയാഴ്ച നടന്ന റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.

2020 ജൂലായ് മുതൽ 2021 മാർച്ച് വരെയുള്ള നീക്കിയരിപ്പാണിത്. ആർബിഐയുടെ അക്കൗണ്ടിങ് വർഷം ഏപ്രിൽ-മാർച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂൺ കാലയളവായിരുന്നു അക്കൗണ്ടിങ് വർഷമായി പരിഗണിച്ചിരുന്നത്.

കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്നുള്ള സാമ്പത്തിക സ്ഥിതിയും അതുയർത്തുന്ന ആഗോള-ആഭ്യന്തര വെല്ലുവിളികളും യോഗം അവലോകനംചെയ്തു.

ആർബിഐ ഗവർണർ ശക്തികാന്തദാസിനുപുറമെ വീഡിയോ കോൺഫറൻസ് യോഗത്തിൽ ഡപ്യൂട്ടി ഗവർണർമാർ, സെൻട്രൽ ബോർഡ് ഡയറക്ടർമാർ, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.