ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ തുടർച്ചയായ ഇന്ധനവിലവർദ്ധനവിൽ ആശങ്ക അറിയിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില വർദ്ധിപ്പിക്കുന്നത് നാണയപ്പെരുപ്പവും ചെലവും കൂട്ടുമെന്ന് റിസർവ് ബാങ്ക് നിരീക്ഷിച്ചു. ഈ സാഹചര്യം ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും റിസർവ്വ് ബാങ്ക് നിർദേശിച്ചു.

എക്‌സൈസ് തീരുവ, സെസ് തുടങ്ങിയവ കുറയ്ക്കാൻ കേന്ദ്രവും മൂല്യവർദ്ധിത നികുതിയായ വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
2020 മാർച്ച് മുതൽ 2021 മെയ് വരെ പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസൽ ലിറ്ററിന് 16 രൂപയുമാണ് കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടിയത്. നിലവിൽ പെട്രോൾ ലിറ്ററിന് 32.9 രൂപ, ഡീസൽ ലിറ്ററിന് 31.8 രൂപ എന്നിങ്ങനെയാണ് എക്‌സൈസ് തീരുവ.

ഇതിനുപുറമെ പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടാത്തതിനാൽ ഓരോ സംസ്ഥാനത്തിലും വിലകൾ വ്യത്യസ്തമാണ്. ഇതനുസരിച്ച് 30 ശതമാനത്തിനുമേൽ വാറ്റ് ഈടാക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും പെട്രോൾ വില മൂന്നക്കം കടക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.