മുംബൈ: പ്രവാസി ഇന്ത്യക്കാർക്കും വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ അഥവാ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യയ്ക്കും കാർഷിക ഭൂമി, ഫാം ഹൗസ്, തോട്ടം എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ വീടുകൾ പോലുള്ള വസ്തുക്കൾ വാങ്ങാനോ വിൽക്കാനോ ഇനി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് റിസർവ് ബാങ്ക്. ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് വീടുകൾ പോലുള്ള സ്വത്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉയർന്നതിനെ തുടർന്നാണ് ആർബിഐ വിശദീകരണം നൽകിയത്.

''നിലവിൽ, എൻആർഐകളും ഒസിഐകളും നിയന്ത്രിക്കപ്പെടുന്നത് ഫെമ 1999 നിയമപ്രകാരമാണ്. ചില വ്യവസ്ഥകൾക്ക് അനുസരിച്ച്, കാർഷിക ഭൂമി, ഫാം ഹൗസ്, തോട്ടം എന്നിവ ഒഴികെയുള്ള ഇന്ത്യയിലെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ആർബിഐയുടെ മുൻകൂർ അനുമതി ആവശ്യമില്ല. 1999ലെ ഫെമ സെക്ഷൻ 46ൽ വരുത്തിയ ഭേദഗതി അനുസരിച്ച് 2019 ഒക്ടോബർ 17ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് (നോൺ-ഡെറ്റ് ഇൻസ്ട്രുമെന്റ്‌സ്) നിയമം അധ്യായം കത പ്രകാരമാണ് ഈ മാറ്റമെന്ന്' ആർബിഐ ഒരു പ്രസ്താവനയിൽ പറഞ്ഞു.

വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ (ഒസിഐ) വഴിയുള്ള ഇന്ത്യയിലെ സ്വത്ത് ഏറ്റെടുക്കൽ, കൈമാറ്റം എന്നിവ സംബന്ധിച്ച് ആർബിഐ വിശദീകരണം നൽകി.'വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ എന്ന നിലയിൽ ഇന്ത്യയിൽ സ്വത്തുക്കൾ സമ്പാദിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ആർബിഐയുടെ മുൻകൂർ അനുമതി ആവശ്യമാണോ എന്നതിനെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്കിന്റെ വിവിധ ഓഫീസുകളിൽ നിരവധി സംശയങ്ങൾ ലഭിച്ചിരുന്നുവെന്നും'' റിസർവ് ബാങ്ക് പറഞ്ഞു.

'2010ലെ സിവിൽ അപ്പീൽ 9546ൽ 2021 ഫെബ്രുവരി 26ന് സുപ്രീം കോടതി പ്രസ്താവിച്ച വിധി 1973ലെ ഫെറയുടെ വ്യവസ്ഥകളുമായി ബന്ധപ്പെട്ടതാണെന്നും 1999ലെ ഫെമയുടെ 49-ാം വകുപ്പ് പ്രകാരം ഇത് റദ്ദാക്കപ്പെട്ടുവെന്നും' ആർബിഐ വ്യക്തമാക്കി. പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ, ഇന്ത്യൻ റിസർവ് ബാങ്ക് എല്ലാ മെർച്ചന്റുമാരോടും പേയ്മെന്റ് ഗെയ്റ്റ്‌വേകളോടും (അവരുടെ കൈവശമുള്ള ഉപഭോക്താക്കളുടെ സെൻസിറ്റീവ് ആയ വിവരങ്ങൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.