- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ല; 'ബാങ്ക്' എന്ന പദം ഉപയോഗിക്കരുത്; അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുത്; പത്രപ്പരസ്യം പുറത്തിറക്കി ആർബിഐ; സഹകരണ ബാങ്കുകളെ തകർക്കുന്ന നിർദേശത്തിന് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: സഹകരണ സംഘങ്ങൾക്ക് എതിരായ നീക്കത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാധ്യമങ്ങളിൽ പരസ്യം പുറത്തിറക്കി. സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി കൊണ്ടാണ് ആർബിഐ പത്രപരസ്യം നൽകിയിരിക്കുന്നത്. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും ആർബിഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആർബിഐ വ്യക്തമാക്കി. കേരളം ശക്തമായി എതിർക്കുന്ന വ്യവസ്ഥയിൽ പിന്നോട്ടില്ലെന്നാണ് ആർബിഐയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സഹകരണ സംഘങ്ങൾ പേരിന്റെ ഒപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെയുള്ള ജാഗ്രാതാ നിർദ്ദേശം എന്ന പേരിൽ പ്രസിദ്ധീകരിച്ച പത്രപരസ്യം. 2020 സെപ്റ്റംബർ 29ന് നിലവിൽ വന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമ പ്രകാരം റിസർവ് ബാങ്ക് അനുമതിയില്ലാത്ത സഹകരണ സംഘങ്ങൾക്ക് ബാങ്ക്, ബാങ്കർ എന്നീ വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ല. ചില സഹകരണ സംഘങ്ങൾ തങ്ങളുടെ പേരിന്റെ കൂടെ ബാങ്കർ എന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആർബിഐ പുറത്തിറക്കിയ പരസ്യത്തിൽ പറയുന്നു.
ഇത്തരം ബാങ്കുകൾക്ക് ബിആർ ആക്ട് 1949 പ്രകാരം ലൈസൻസ് നൽകിയിട്ടില്ലെന്നും ഇവയെ ബാങ്കിങ് ബിസിനസ് നടത്തുന്നതിന് ആർബിഐ അധികാരപ്പെടുത്തിയിട്ടില്ലെന്നും റിസർവ് ബാങ്ക് ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ വ്യക്തമാക്കി. ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപ്പേറേഷന്റെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആർബിഐ വ്യക്തമാക്കുന്നു.
സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകൾക്കെതിരേ കേരളം രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകൾ സംബന്ധിച്ച് നിയമജ്ഞരുമായി ചർച്ച നടത്തുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇപ്പോഴത്തെ ആർബിഐയുടെ കുറിപ്പിൽ ഭേദഗതി നിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
ഇൻഷുറൻസ് പരിരക്ഷ വിഷയങ്ങളിൽ ആർ.ബി.ഐ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആർ.ബി.ഐയ്ക്ക് നിവേദനം നൽകും. ഒപ്പം നിയമപരമായും നേരിടുമെന്നും വിഎൻ വാസവൻ വ്യക്തമാക്കി. നിക്ഷേപകരെ തരംതിരിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ കോടതി വിധി ഉള്ളതാണ്. ഫെഡറൽ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനം. സമാന ആശങ്കൾ നിലനിൽക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി കൂടി ആലോചിക്കും.
സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ നിക്ഷേപവും വായ്പയും അടക്കമുള്ള വിശദവിവരം സംസ്ഥാനങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറണമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. എന്നാൽ, കേരളം വഴങ്ങിയിരുന്നില്ല.
കേരളത്തിലെ സഹകരണമേഖലയെ ഒന്നാകെ ബാധിക്കുന്ന ചില നിർദ്ദേശങ്ങളാണ് റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്നത്. പ്രാഥമിക സഹകരണ ബാങ്കുകൾ 'ബാങ്ക്' എന്ന് പേരിനൊപ്പം ചേർക്കാൻ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളിൽനിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ആർ.ബി.ഐ.യുടെ പുതിയ ഉത്തരവിലുള്ളത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ. ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
മറുനാടന് ഡെസ്ക്